വനിതാസംരംഭകര്‍ നയിക്കുന്ന ചില മികച്ച സ്റ്റാര്‍ട്ടപ്പുകള്‍

വനിതാസംരംഭകര്‍ നയിക്കുന്ന ചില മികച്ച സ്റ്റാര്‍ട്ടപ്പുകള്‍

 

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വനിതാ സാന്നിദ്ധ്യം കുറവാണെങ്കിലും നേതൃത്വനിരയില്‍ ശക്തമായ സ്ത്രീകളുള്ള മികച്ച പല സ്റ്റാര്‍ട്ടപ്പുകളും നമ്മുടെ രാജ്യത്തുണ്ട്. ഈ മാസം ബെംഗളൂരുവില്‍ നടന്ന ഗ്രേസ് ഹോപ്പര്‍ സെലിബ്രേഷന്‍ ഓഫ് വുമണ്‍ ഇന്‍ കംപ്യൂട്ടിംഗ് സമ്മേളനത്തില്‍ ധാരാളം വനിതാ സംരംഭകര്‍ പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിമണ്‍ എന്‍ട്രപ്രണര്‍ ക്ലിസ്റ്റ് 2016 ല്‍ പത്തോളം വനിതാ സംരംഭകര്‍ അംഗീകരിക്കപ്പെടുകയും ലോകത്തിലെറ്റേവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായ സിലിക്കണ്‍വാലി സന്ദര്‍ശിക്കുന്നതിന് അവസരം നേടുകയും ചെയ്തു. ലഭിച്ച 329 എന്‍ട്രികളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് ബിസിനസ് മാതൃക, ഉല്‍പ്പന്നം എന്നിവ വിലയിരുത്തിയശേഷമാണ് വിജയികളെ തെരഞ്ഞെടുത്തത്. മികച്ച ആ പത്തു സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം.

അനക്‌സി: ആരതി അഗര്‍വാള്‍, ഗോവിന്ദ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് 2008 ല്‍ ഇന്‍ഡോര്‍ ആസ്ഥാനമായാണ് അനക്‌സി ടെക്‌നോളജീസ് ആരംഭിക്കുന്നത്. ഇന്ന് ഹൈദരാബാദ്, ഇന്‍ഡോര്‍, ജബല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപനത്തിന് ഓഫീസുകളുണ്ട്. ബയോമെട്രിക്, ഐഡന്റിറ്റി മാനേജ്‌മെന്റ്, പാറ്റേണ്‍ റെക്കഗ്നൈസേഷന്‍ എന്നീ രംഗങ്ങളിലാണ് അനക്‌സി പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഫോട്ടോ ഇമേജിംഗ്, അഡ്രസ് വേരിഫിക്കേഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലാണ് അനക്‌സി ശ്രദ്ധയൂന്നുന്നത്. ബയോമെട്രിക് ഡൊമൈനിലെ ഇന്നൊവേഷനുകളുമായി ബന്ധപ്പെട്ട് 2008ല്‍ നാസ്‌കോം തയാറാക്കിയ മികച്ച 50 ഐടി ഇന്നൊവേറ്റര്‍മാരുടെ പട്ടികയില്‍ അനക്‌സി ഇടം പിടിച്ചിരുന്നു.

ബിറ്റ്ഗിവിംഗ്: കലാകാരന്‍മാര്‍, എന്‍ജിനീയര്‍മാര്‍, ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്കുള്ള ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമാണ് ബിറ്റ്ഗിവിംഗ്. ഓരോരുത്തര്‍ക്കും തങ്ങളുടെ കഥകളും ആശയങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും നിക്ഷേപസമാഹരണത്തിനും പ്ലാറ്റ്‌ഫോം അവസരം നല്‍കുന്നു. ഇഷിത ആനന്ദാണ് ബിറ്റ്ഗിവിംഗിന്റെ സിഇഒയും സഹസ്ഥാപകയും.

സരള്‍ ഡിസൈന്‍സ്: സ്ത്രീകള്‍ക്കു വേണ്ടി സുരക്ഷിതമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ്. ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹാനി മോഹനും സുഹൃത്തായ കാര്‍ത്തിക്കും ചേര്‍ന്ന് 2015 ജൂലൈയിലാണ് സരള്‍ ഡിസൈന്‍സ് ആരംഭിക്കുന്നത്. സാനിറ്ററി പാഡുകളും അവ നിര്‍മാര്‍ജനം ചെയ്യാനും സംസ്‌കരിക്കാനുമുള്ള വെന്‍ഡിംഗ് മെഷീനുകളുമാണ് സരളിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍.

യുവര്‍ദോസ്ത്ത്: ഇമോഷണല്‍ വെല്‍നസ് സ്റ്റാര്‍ട്ടപ്പായ യുവര്‍ദോസ്ത്ത് ഉപഭോക്താക്കളെ പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാരുമായി ബന്ധിപ്പിക്കുകയും സൗജന്യമായി ഓണ്‍ലൈന്‍ പരിശോധനയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഐഐടി ഗുഹാവത്തി പൂര്‍വവിദ്യാര്‍ത്ഥിയായ റിച്ചാ സിംഗാണ് സ്ഥാപക.

പ്ലക്‌സസ്എംഡി: ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആരോഗ്യസംരക്ഷണ സംഘടനകള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്ന അഹമദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ നെറ്റ്‌വര്‍ക്ക്. 2014 ല്‍ ഐഐഎം പൂര്‍വവിദ്യാര്‍ത്ഥികളായ ബിനാല്‍ ദേശായ്, റോഷന്‍ ദേശായ്, കിനാര്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് പ്ലക്‌സസ്എംഡി ആരംഭിക്കുന്നത്. ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അറിവുകളും ഗവേഷണഫലങ്ങളുമെല്ലാം പങ്കുവെക്കാന്‍ സഹായിക്കുന്നു.

ഊര്‍ജാന്‍: 2014 ല്‍ മുംബൈ ആസ്ഥാനമായാണ് ഈര്‍ജന്‍ ക്വീന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിക്കുന്നത്.റോലി ഗുപ്ത, ദാസ് ഗൗതം എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍. വീടുകളിലും ഓഫീസുകളിലും സോളാര്‍ പവര്‍ ഉപയോഗിച്ച് ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സൗരോര്‍ജോല്‍പ്പാദനത്തെയും ഉപയോഗത്തെയും നിരീക്ഷിക്കാനും സൗകര്യം നല്‍കുന്നു.

മിഷിപേ: ഓഫ്‌ലൈന്‍ സ്റ്റോറില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങിയതിനുശേഷം മിഷിപേ ആപ്പുപയോഗിച്ച് അത് സ്‌കാന്‍ ചെയ്താല്‍ ഉല്‍പ്പന്നത്തിനുള്ള ഓഫറുകളടക്കമുള്ള പൂര്‍വിവരം ഉപഭോക്താവിന് അറിയാനാകും. ഓണ്‍ലൈന്‍ ഷോപ്പിംഗിലെപോലെ കാര്‍ട്ടിലേക്ക് ആഡ് ചെയ്ത് ഷോപ്പിംഗ് തുടരാം. പിന്നീട് ഉല്‍പ്പന്നത്തിന്റെ വില നല്‍കാന്‍ കൗണ്ടറില്‍ ക്യൂ നില്‍കാതെ ഡിജിറ്റല്‍ പേമെന്റ് നടത്തി കടന്നുപോകാം. തന്‍വി ഭരദ്വാജ് , മുസ്തഫ ഖാന്‍വാല എന്നിവരാണ് സ്ഥാപകര്‍.

സ്റ്റോര്‍മോര്‍: വീടുകകളിലെയും ബിസിനസ് സ്ഥാപനങ്ങളിലെയും സാമഗ്രികള്‍ താല്‍കാലികമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യമാണ് സ്‌റ്റോര്‍മോര്‍ ഡോട്ട് ഇന്‍ നല്‍കുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റേറേജ് സേവനമാണ് സ്റ്റോര്‍മോറെന്ന് കമ്പനി അവകാശപ്പെടുന്നു. പൂജ കൊത്താരിയാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റോര്‍മോറിന്റെ എംഡി. ഡെല്‍ഹി മേഖലയിലെ പത്തോളം ലെക്കോഷനുകളില്‍ കമ്പനി സ്റ്റോറേജ് സൗകര്യം നല്‍കുന്നുണ്ട്.

അക്വയ: അവകിസിത സമൂഹങ്ങളിലെ സൂക്ഷമ സംരംഭകര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ ആന്‍ഡ് മൊബീല്‍ ആപ്പാണ് അക്വയ. വായ്പയെടുക്കുന്നവര്‍ക്ക് മൂലധനചെലവ് കുറയ്ക്കുന്നതിനും ബാങ്കിംഗ് സിസ്റ്റത്തിനുള്ളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും സ്റ്റാര്‍ട്ടപ്പ് സഹായിക്കുന്നു. സൃഷ്ടി സാഹുവാണ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും ഡയറക്റ്ററും.

ഗ്രീനോപിയ: മയുഖിനി പാണ്‌ഡെ, മണികണ്ഠന്‍ എച്ച്‌കെ എന്നിവര്‍ ചേര്‍ന്നാരംഭിച്ച ഗ്രീനോപിയ ഗാര്‍ഡനിംഗിനുള്ള സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങളാണ് വികസിപ്പിക്കുന്നത്. അധികം ബുദ്ധി മുട്ടുകളിലാതെ തങ്ങളുടെ ഇഷ്ടപ്പെട്ട ചെടികളെ വേണ്ടവിധത്തില്‍ പരിചരിക്കുന്നതിന് സഹായിക്കുന്നു. ഡിസൈന്‍ എന്‍ജിനീയര്‍മാര്‍, ഉല്‍പ്പന വികസന സംഘം, യൂസര്‍ റിസര്‍ച്ച് ടീം എന്നിവരുടെ കൂട്ടായ്മയായ സ്ഥാപനം ബെംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Women

Related Articles