ക്ലൗഡ് കംപ്യൂട്ടിംഗ്, എന്റര്‍ടെയ്ന്‍മെന്റ് സേവനങ്ങള്‍ക്കും ‘ഗൂഗിള്‍ ടാക്‌സ്’ഈടാക്കും

ക്ലൗഡ് കംപ്യൂട്ടിംഗ്, എന്റര്‍ടെയ്ന്‍മെന്റ് സേവനങ്ങള്‍ക്കും ‘ഗൂഗിള്‍ ടാക്‌സ്’ഈടാക്കും

 

മുംബൈ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഐബിഎം, മൈക്രോസോഫ്റ്റ്, ആമസോണ്‍ വെബ് സര്‍വീസസ്, ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളില്‍ ഉടന്‍ തന്നെ ‘ഗൂഗിള്‍ ടാക്‌സി’ന്റെ പിടിയിലകപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വരുമാനത്തിന് ഏര്‍പ്പെടുത്തുന്ന നികുതിയാണ് പൊതുവേ ഗൂഗിള്‍ ടാക്‌സ് എന്നറിയപ്പെടുന്നത്. ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ബിസിനസ് ഭീമന്മാരുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ ഈക്വലൈസേഷന്‍ ലെവി എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനികളും കണ്ടന്റ് പ്രൊവൈഡര്‍മാരും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗൂഗിള്‍ ടാക്‌സിന്റെ പരിധിയില്‍ വരുമെന്നാണ് പുതിയ വിവരം. ബഹുരാഷ്ട്ര ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ പരസ്യ വരുമാനത്തിന് ചുമത്തുന്ന ഇക്വലൈസേഷന്‍ ലെവി വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ബഹുരാഷ്ട്ര ഇന്റര്‍നെറ്റ് കമ്പനികളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, എന്റര്‍ടെയ്ന്‍മെന്റ് സേവനങ്ങളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിയമഭേഗദതിഅടുത്ത ബജറ്റിന്റെ ഭാഗമായി ഉണ്ടായേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതലാണ് ബഹുരഷ്ട്ര വെബ് കമ്പനികളുടെ പരസ്യ വരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആറ് ശതമാനം നികുതി ഈടാക്കി തുടങ്ങിയത്. പരസ്യവരുമാനത്തിന്റെ ഭാഗമായ ഡിജിറ്റല്‍ ട്രാന്‍സാക്ഷനും ഇതിനൊപ്പം നികുതി ബാധകമാക്കിയ ആദ്യരാജ്യമാണ് ഇന്ത്യ.

ഫെബ്രുവരി ഒന്നാം തീയതി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായാല്‍ അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ സ്ട്രീമിംഗ് വീഡിയോ, ഓഡിയോ പോലുള്ള ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് സേവനങ്ങള്‍ക്കും നികുതി നിയമം പ്രാബല്യത്തില്‍ വരും. പരസ്യ വരുമാനത്തിനു പുറമെ മറ്റ് കമ്പനികള്‍ക്കും നികുതി ബാധകമാകുന്നതോടെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരക്കില്‍ 6 ശതമാനം എട്ട് ശതമാനം വരെ വര്‍ധനയുണ്ടായേക്കാമെന്ന് ബിഎംആര്‍ അഡൈ്വസേഴ്‌സ് പാര്‍ട്ണര്‍ ശേഫലി ഗോറാദിയ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ വരുമാനവും, ലാഭവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇക്വലൈസേഷന്‍ ലെവി ആറ് ശതമാനം മാത്രമെ വരികയുള്ളുവെങ്കിലും യഥാര്‍ത്ഥ നികുതി ഭാരം ഏഴ് മുതല്‍ എട്ട് ശതമാനത്തോളം വരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. നിലവില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് മാത്രമാണ് നികുതി ഈടാക്കുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍, യാഹു, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ കമ്പനികളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ഇപ്പോള്‍ ഇത്തരത്തിലുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതസകളാണ് സര്‍ക്കാര്‍ ആരായുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലെ ആപ്പ് ഡൗണ്‍ലോഡുകളും നികുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയേക്കും. നേരത്തെ ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഗൂഗിള്‍, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളില്‍ ന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ക്ക് നികുതി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് റെഗുലേറ്ററി സംവിധാനങ്ങളിലെ മാറ്റം അനിവാര്യമായതിനാല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Comments

comments

Categories: Branding