യൂ ട്യൂബിലെ മിന്നും താരങ്ങള്‍

യൂ ട്യൂബിലെ മിന്നും താരങ്ങള്‍

ചലച്ചിത്ര താരങ്ങളേക്കാള്‍ സൂപ്പര്‍ സ്റ്റാറുകളാണ് ഇപ്പോള്‍ യൂട്യൂബര്‍മാര്‍. ദശലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് അവര്‍ ഇത്തരത്തില്‍ സ്വന്തമാക്കുന്നത്. ഇതൊരു സ്വപ്‌ന ലോകം കൂടിയാണ്. വിദ്യാഭ്യാസ സംബന്ധമായ വീഡിയോകള്‍ മുതല്‍ ഗെയ്മിംഗ് ചാനലുകള്‍ വരെയാണ് ഇവിടത്തെ ട്രെന്‍ഡിംഗ്. എല്ലാവര്‍ക്കും വേണ്ട എന്തെങ്കിലുമൊക്കെ ഇവിടെയുണ്ടാകും. യുട്യൂബിലെ താരങ്ങള്‍ വരുമാനം നേടുന്നത് പരസ്യങ്ങളിലൂടെയും സ്‌പോണ്‍സേര്‍ഡ് വീഡിയോകളിലൂടെയുമാണ്. ഇത് അവര്‍ക്ക് കേവലം സ്വയം പ്രചാരണത്തിനു വേണ്ടി മാത്രമുള്ള പ്ലാറ്റ്‌ഫോമല്ല. ഇത്തരത്തില്‍ ഉയര്‍ന്ന താരമൂല്യമുള്ള യൂട്യൂബര്‍മാരുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടിട്ടുണ്ട്. യൂട്യൂബിലൂടെ ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന ഏതാനും വ്യക്തികളെ പരിചയപ്പെടാം.

29-pewdiepie-w1200-h630പ്യൂഡൈപൈ – 15 മില്യണ്‍ ഡോളര്‍
15 മില്യണ്‍ ഡോളര്‍ വരുമാനവുമായി പ്യൂഡൈപൈ ആണ് യൂട്യൂബര്‍മാരുടെ പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നത്. 2010-ലാണ് അദ്ദേഹം തന്റെ ചാനലിന് തുടക്കമിടുന്നത്. കോളെജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഈ ഉദ്യമത്തിന് തടസം നിന്നു. യൂട്യൂബില്‍ പ്രേക്ഷകരുടെ എണ്ണം 10 ബില്യണിലെത്തിയ ആദ്യത്തെ താരംകൂടിയാണ് അദ്ദേഹം. ടൈംസ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലും അദ്ദേഹം ഇടംപിടിച്ചിരുന്നു. ലെറ്റ്‌സ് പ്ലേ എന്നതാണ് അദ്ദേഹത്തിന്റെ വീഡിയോ ചാനല്‍. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗെയ്മിംഗ് പ്ലാറ്റ്‌ഫോമാണിത്. 2012-ലാണ് അദ്ദേഹത്തിന്റെ ചാനലിന് ഒരു മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരെ നേടാന്‍ കഴിഞ്ഞത്. ചാനല്‍ ആരംഭിച്ച് തുടക്കത്തില്‍ തന്നെ ധാരാളം ഫോളോവര്‍മാരെ സ്വന്തമാക്കന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

roman-atwoodറോമന്‍ ആറ്റ്‌വുഡ് – 2 മില്യണ്‍ ഡോളര്‍
10 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള റോമന്‍ ആറ്റ്‌വുഡാണ് യുട്യൂബിലെ മറ്റൊരു താരം. അമേരിക്കന്‍ കൊമേഡിയനും ബ്ലോഗറും കൂടിയാണ് അദ്ദേഹം. ദിനംപ്രതിയെന്നോണം അദ്ദേഹത്തിന്റെ ബ്ലോഗില്‍ അപ്‌ഡേഷനുകളുണ്ടാവാറുണ്ട്. വളരെയധികം ആരാധകരുള്ള ചാനലാണ് യു ട്യൂബില്‍ അദ്ദേഹത്തിന്റേത്. ഹാസ്യ വീഡിയോകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. റോമന്‍ ആറ്റ്‌വുഡ് എന്നാണ് അദ്ദേഹത്തിന്റെ ചാനലിന്റെ പേര്. നാലാമത് സ്ട്രീമി അവാര്‍ഡ്‌സിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചാമത് സ്ട്രീമി അവാര്‍ഡും എട്ടാമത് ഷോര്‍ട്ടി അവാര്‍ഡും അദ്ദേഹം നേടിയെടുത്തു. ആറാമത് സ്ട്രീമി അവര്‍ഡിനും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. യുട്യൂബിന്റെ നയങ്ങള്‍ക്ക് നിരക്കാത്ത രീതിയിലുള്ള വീഡിയോകള്‍ ചെയ്യുന്നുവെന്നതിന്റെ പേരില്‍ അദ്ദേഹം പലപ്പോഴും വിമര്‍ശന വിധേയനായിട്ടുമുണ്ട്.

lily-singhലിലി സിങ് – 7.5 മില്യണ്‍ ഡോളര്‍
സൂപ്പര്‍ വുമണെന്ന പേരിലാണ് ലിലി സിങ് അറിയപ്പെടുന്നത്. 2012-ലെ കണക്കു പ്രകാരം 1.3 ബില്യണ്‍ പ്രേക്ഷകരാണ് ലിലിയുടെ ചാനലിനുള്ളത്. തന്റെ തമാശ നിറഞ്ഞതും ഉള്‍ക്കാഴ്ച നിറഞ്ഞതുമായ വീഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ഡോളറാണ് ഈ ഇന്തോ – കനേഡിയന്‍ വനിത സമ്പാദിക്കുന്നത്. ഹാസ്യാവതാരകയും ഡാന്‍സറും അഭിനേത്രിയും കൂടിയാണ് ലിലി. 2010-ലെ കണക്കുകള്‍ പ്രകാരം 1.5 ബില്യണ്‍ പ്രേക്ഷകരാണ് ലിലിയുടെ വീഡിയോകള്‍ക്കുള്ളത്. 10.0 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരും ലിലിയുടെ ചാനലിനുണ്ട്. 2014-ലെയും 2015-ലെയും യൂട്യൂബ് റെഡ്‌വിന്‍ഡ് അവാര്‍ഡ് സ്വന്തമാക്കിയ വ്യക്തിത്വം കൂടിയാണിവര്‍. കൂടാതെ എംടിവി ഫാന്‍ഡം അവാര്‍ഡ്, മൂന്നു സ്ട്രീമി അവാര്‍ഡുകള്‍, രണ്ട് ടീന്‍ ചോയ്‌സ് അവാര്‍ഡ് എന്നിവയും ഈ വനിതയെ തേടിയെത്തി. യൂട്യൂബില്‍ തന്നെ ഏറ്റവും നേട്ടം കൊയ്ത വനിതാ വ്യക്തിത്വം കൂടിയാണിവര്‍. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരായിരുന്നു. സിഖ് പാരമ്പര്യത്തിലാണ് ലിലിയുടെ ജനനം. ലിലിയുടെ സഹോദരി ടീനയും ഓണ്‍ലൈന്‍ ചാനല്‍ രംഗത്തു പ്രശസ്തയാണ്.

smoshസമോഷ് – 7 മില്യണ്‍ ഡോളര്‍
ആന്റണി പടില, ഇവാന്‍ ഹെകോസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ കോമഡി ചാനലാണ് സമോഷ്. 2005-ലാണ് ഇതിന്റെ തുടക്കം. തമാശനിറഞ്ഞതും നാടകീയമായതുമായ വീഡിയോകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 2005-ല്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് യൂട്യൂബില്‍ പോസ്റ്റുചെയ്ത രസകരമായ വീഡിയോകള്‍ പിന്നീട് തരംഗമാവുകയായിരുന്നു. 2016 നവംബറിലെ കണക്കുപ്രകാരം സമോഷ് ചാനലിന് 22 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരും ആറു ബില്യണ്‍ വീഡിയോ പ്രേക്ഷകരുമാണുള്ളത്. ആനിമേഷന്‍ വീഡിയോകള്‍, വീഡിയോ ഗെയ്മിംഗ്, സ്‌കെച്ചുകള്‍ തുടങ്ങിയ രംഗങ്ങളിലും സമോഷ് ചാനല്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്ന യുട്യൂബ് ചാനലെന്ന ബഹുമതി ഇവര്‍ക്ക് പല തവണ ലഭിച്ചിട്ടുണ്ട്. സമോഷ് ഡോട് കോമെന്ന പേരില്‍ പടില ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നതോടെയാണ് ഫ്രാഞ്ചയ്‌സിന് തുടക്കമായത്. 2002-ലായിരുന്നു ഇത്.

tyler-oakleyടൈലര്‍ ഓക്‌ലേ, – 6 മില്യണ്‍ ഡോളര്‍
2007-ലാണ് ടൈലര്‍ ഓക്‌ലേ തന്റെ ആദ്യ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്. എഴുത്തുകാരനും, കൊമേഡിയനുമൊക്കെയായി അദ്ദേഹം വന്‍ പ്രശസ്തിയാണ് ഇതിനോടകം നേടിയെടുത്തത്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി സാമൂഹ്യ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയപരവും സാംസ്‌കാരിക പ്രാധാന്യവുമുള്ള നിരവധി തമാശകള്‍ അദ്ദേഹം യുട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആദ്യ വീഡിയോ 2016 ജനുവരി മൂന്നു വരെ കണ്ടത് 420, 000 പേരാണ്.

rosanna-pansino-1റോസന്ന പാന്‍സിനോ – 6 മില്യണ്‍ ഡോളര്‍
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ യുട്യൂബ് പാചക പരപാടിയാണ് റോസന്ന പാന്‍സിനോയുടേത്. പാചകത്തില്‍ ഏറെ താല്‍പര്യമുള്ള അവര്‍ ഒരു അഭിനേത്രി കൂടിയാണ്. യൂട്യൂബിലൂടെയാണ് റോസന്ന താരമായത്. നര്‍ഡി നമ്മിസെന്നാണ് ഇവരുടെ പാചക പരിപാടിയുടെ പേര്. യൂട്യൂബില്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ത്തന്നെ പരിപാടി തരംഗമായി മാറി. 7.3 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരാണ് ഇവര്‍ക്കുള്ളത്. അടുത്തിടെ ഇവര്‍ പുറത്തിറക്കിയ പാചക പുസ്തകം ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

Comments

comments

Categories: FK Special, Trending