പിടിച്ചെടുത്ത ഡ്രോണിനെ ചൊല്ലി യുഎസ-ചൈന തര്‍ക്കം

പിടിച്ചെടുത്ത ഡ്രോണിനെ ചൊല്ലി യുഎസ-ചൈന തര്‍ക്കം

ബീജിംഗ്: ട്രംപ്- ബീജിംഗ് ബന്ധം കൂടുതല്‍ മോശമാകുന്ന തലത്തിലേക്ക്. യുഎസ് നേവിയുടെ പൈലറ്റില്ലാത്ത അണ്ടര്‍ വാട്ടര്‍ ഗ്ലൈഡര്‍, തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍നിന്നും വ്യാഴാഴ്ച ചൈന പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തെ ചൊല്ലിയാണ് ഇപ്പോള്‍ ട്രംപ്-ബീജിംഗ് ബന്ധത്തില്‍ തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്.

വ്യാഴാഴ്ച പിടിച്ചെടുത്ത ഗ്ലൈഡര്‍ യുഎസിനു തിരികെ നല്‍കുമെന്നു ചൈന പ്രസ്താവിച്ചെങ്കിലും ചൈനയുടെ ഔദാര്യം തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം പ്രസ്താവിച്ചത്. ചൈന മോഷ്ടിച്ച ഡ്രോണ്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. അത് അവര്‍ തന്നെ എടുത്തു കൊള്ളട്ടെയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
സമുദ്ര ഗവേഷണം നടത്തുന്നതിനു വേണ്ടി കരാര്‍ നല്‍കിയ ഗ്ലൈഡറാണു ചൈന പിടികൂടിയതെന്നാണു യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ സംഭവത്തെ കുറിച്ച് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ സൂചിപ്പച്ചത്. തുടര്‍ന്നു യുഎസ് ഔദ്യോഗികമായി നയതന്ത്ര തലത്തില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ദക്ഷിണ ചൈന കടലില്‍ അജ്ഞാത ഉപകരണം ചൈനീസ് നേവി കണ്ടെത്തുകയായിരുന്നെന്നാണു ചൈനയുടെ വാദം. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഉപകരണം ഏതെങ്കിലും വിധത്തിലുള്ള അപകടം ദക്ഷിണ ചൈന കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് വരുത്താതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടതുണ്ടെന്നും ചൈന പറഞ്ഞു. ദക്ഷിണ ചൈന കടലില്‍ കണ്ടെത്തിയ ഉപകരണത്തെ കുറിച്ചു ചൈന അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇത് അമേരിക്കയുടെ ഉപകരണമാണെന്നു കണ്ടെത്തിയതെന്നു ചൈനയുടെ പ്രതിരോധവകുപ്പ് ശനിയാഴ്ച നടത്തിയ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

Comments

comments

Categories: World