5,000 രൂപയ്ക്ക് മുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം

5,000 രൂപയ്ക്ക് മുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം

 

ന്യൂഡെല്‍ഹി: പഴയ നോട്ടുകള്‍ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിര്‍ദേശ പ്രകാരം 5,000 രൂപയില്‍ കൂടുതലുള്ള അസാധുവാക്കിയ 500ന്റെയും, 1000ത്തിന്റെയും നോട്ടുകള്‍ ഒരാള്‍ക്ക് ഒറ്റ തവണ മാത്രമെ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. ബാങ്ക് എക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അസാധുവാക്കിയ 5,000ത്തിലധികം രൂപയുടെ നോട്ടുകള്‍ ഒന്നിലധികം തവണയായി ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്നും, 5,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 5,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനെത്തുന്നവര്‍ നോട്ട് പിന്‍വലിച്ചതിനു ശേഷം ഇത്രയും നാള്‍ എന്തുകൊണ്ടാണ് നിക്ഷേപിക്കാതിരുന്നത് എന്ന ചോദ്യത്തിന് വിശദീകരണം നല്‍കേണ്ടി വരും. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ച എക്കൗണ്ടുകളിലേക്ക് മാത്രമെ നിക്ഷേപം അനുവദിക്കുള്ളുവെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

എന്നാല്‍ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

Comments

comments

Categories: Slider, Top Stories