കരസേനാ മേധാവി നിയമനം: കോണ്‍ഗ്രസും ഇടതും പ്രതിഷേധത്തില്‍

കരസേനാ മേധാവി നിയമനം: കോണ്‍ഗ്രസും ഇടതും പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ച തീരുമാനത്തെ എതിര്‍ത്തു കൊണ്ടു പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ഇടത് പക്ഷവും രംഗത്ത്. സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് ബിപിന്‍ റാവത്തിനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം വിശദമാക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
ജനറല്‍ റാവത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ എന്തു കൊണ്ടാണു മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് നിരയില്‍ നാലാം സ്ഥാനം വഹിക്കുന്ന ഒരാളെ മേധാവിയാക്കിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു. ഇതിനര്‍ഥം മുതിര്‍ന്നവര്‍ യോഗ്യരല്ലെന്നാണോ അതോ സര്‍ക്കാരിന്റെ തീരുമാനം തന്നിഷ്ടപ്രകാരമാണോ എന്നും മനീഷ് തിവാരി ചോദിച്ചു. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്.
കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ മറികടന്നാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്. ഇതാണ് വിവാദത്തിനു കാരണമായത്. യുദ്ധസമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്, ഈ മാസം 31ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് നിലവില്‍ കരസേന വൈസ് ചീഫ് ആയ ജനറല്‍ ബിപിന്‍ റാവത്തിനെ മേധാവിയായി നിയമിച്ചത്.

Comments

comments

Categories: Politics

Related Articles