സാങ്കേതികവിദ്യ എല്ലാവരിലുമെത്തിച്ച് സി-ഡിറ്റ്

സാങ്കേതികവിദ്യ എല്ലാവരിലുമെത്തിച്ച് സി-ഡിറ്റ്

കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്). വിവിധ സാങ്കേതിക മേഖലകളില്‍ സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കിയാണ് സി-ഡിറ്റിന്റെ പ്രവര്‍ത്തനം.

തിരുവനന്തപുരം തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിനു സമീപമായാണ് സി-ഡിറ്റ് സ്ഥിതി ചെയ്യുന്നത്. ചിത്രാഞ്ജലി ഹില്‍സില്‍ മൂന്നേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സി-ഡിറ്റ് വിവരസാങ്കേതികവിദ്യാ മേഖലയിലെ മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രമുഖനായിരുന്ന പി ഗോവിന്ദപ്പിള്ളയാണ് 1988 ഡിസംബറില്‍ സിഡിറ്റ് സ്ഥാപിച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിനോടു ചേര്‍ന്നുള്ള മെയിന്‍ കാമ്പസിനോടൊപ്പം സെക്രട്ടറിയേറ്റിനു സമീപത്തായി സിറ്റി സെന്റര്‍, വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി എക്സ്റ്റന്‍ഷന്‍ സെന്റര്‍, ഗോര്‍ക്കി ഭവനില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ പ്രൊഡക്ഷന്‍ വിഭാഗം, കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പരിശീലന വിഭാഗം എന്നിവയും ഇതിനു പുറമേ കായംകുളം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ പ്രാദേശിക കേന്ദ്രങ്ങളും സി-ഡിറ്റിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രി ചെയര്‍മാനായ സി-ഡിറ്റിന്റെ ഡയറക്ടര്‍ എം ശിവശങ്കര്‍ ഐഎഎസ് ആണ് . കൂടാതെ സിഡിറ്റിന്റെ പ്രാരംഭകാലം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ജി ജയരാജ് ആണ് ഇപ്പോഴത്തെ രജിസ്ട്രാര്‍. സി-ഡിറ്റ് നിലവില്‍ വന്ന് ഒരു വര്‍ഷം തികയുമ്പോഴേക്കും ജി ജയരാജ് സ്ഥാപനത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ രണ്ട് ഗവേഷണ പദ്ധതികളായാണ് സി-ഡിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നത്. ആദ്യത്തേത് ഫിലിം എക്യുപ്‌മെന്റ് റിസര്‍ച്ചും അടുത്തത് വീഡിയോ കമ്യൂണിക്കേഷനും
ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇലക്ട്രോണിക് ഗവേഷണത്തില്‍ കാര്യമായ സംഭാവന ചെയ്യാന്‍ സി-ഡിറ്റിന് കഴിഞ്ഞിട്ടുണ്ട്. 1991ന് ശേഷം ഇലക്ട്രോണിക് ഗവേഷണം കാര്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ സി-ഡിറ്റ് ശ്രമിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരണ നയങ്ങള്‍ക്കൊപ്പം സി-ഡിറ്റും സഞ്ചരിച്ചുവെന്നുവേണം പറയാന്‍. 1996-ന് ശേഷമാണ് ഐടിഐ അടക്കം സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ചെയ്തു നല്‍കാന്‍ തുടങ്ങിയത്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളും കംപ്യൂട്ടര്‍വത്കരിക്കുകയെന്ന ദൗത്യമാണ് സി-ഡിറ്റിനെ സര്‍ക്കാര്‍ ആദ്യം ഏല്‍പ്പിച്ചത്. ഇതിനായി കേരളാ മിഷനും ആരംഭിച്ചിരുന്നു. ഇന്ന് ഈ സംരംഭം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പ്രത്യേക വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമായി സി-ഡിറ്റ് അന്‍പതിലധികം സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
ദൂരദര്‍ശനുവേണ്ടി ചെയ്ത ശാസ്ത്രകൗതുകം, പഞ്ചായത്തുകളുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ പഠന കൗതുകം എന്ന പരിപാടി, ജനകീയാസൂത്രണത്തിനുവേണ്ടിയുള്ള ട്രെയിനിംഗ് വീഡിയോകള്‍, ദൂരദര്‍ശനു വേണ്ടിയുള്ള ഗ്രീന്‍ കേരള പരിപാടി, മികച്ച സ്‌കൂളുകളെ പരിചയപ്പെടുത്തുന്ന ഹരിത വിദ്യാലയം, മുഖ്യമന്ത്രിയുടെ ജനകീയ പരിപാടിയായ സുതാര്യകേരളം തുടങ്ങി നിരവധി പരിപാടികള്‍ ചെയ്തു നല്‍കിയത് സി-ഡിറ്റാണ്. വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതും സിഡിറ്റ് തന്നെ.
സി-ഡിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത് ഡാറ്റാ സെക്യൂരിറ്റിയാണ്. ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള സെക്യൂരിറ്റി പരിപാടികള്‍ ഇതിനോടകം സി-ഡിറ്റില്‍ ചെയ്യുന്നുണ്ട്. 2002 മുതലാണ് ഇതിനു തുടക്കമിട്ടത്. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി സ്റ്റിക്കര്‍ സപ്ലൈ ചെയ്യുന്നുണ്ട്. കേരള സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഹോളോഗ്രാമും സി-ഡിറ്റ് ചെയ്തു നല്‍കുന്നുണ്ട്.
”പരാതി പരിഹാര സെല്ലിന്റെ കംപ്യൂട്ടറൈസേഷേന്‍ സി-ഡിറ്റിലാണ് ചെയ്തുകൊടുക്കുന്നത്. എഴുതിക്കിട്ടുന്ന പരാതികള്‍ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റി പൂര്‍ണമായും ഡിജിറ്റലായാണ് പ്രവര്‍ത്തിക്കുന്നത്. വിവരസാങ്കേതിക വിദ്യാ മേഖലയില്‍ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലെല്ലാം സി-ഡിറ്റിന്റെ പങ്കാളിത്തമുണ്ട്,” രജിസ്ട്രാര്‍ ജി ജയരാജ് പറയുന്നു.
ഇക്കഴിഞ്ഞ ജൂണിലാണ് ജയരാജ് രജിസ്ട്രാറായി ചുമതലയേല്‍ക്കുന്നത്. 28 വര്‍ഷമായി സി-ഡിറ്റിനൊപ്പം സഞ്ചരിക്കുന്ന ജയരാജ് സ്ഥാപനത്തിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അവഗണിക്കാനാവാത്ത നിര്‍ണായക സാന്നിധ്യമാണ്. സര്‍ക്കാരിനു നല്‍കുന്ന സേവനങ്ങളെല്ലാം ഇലക്ട്രോണിക് ആയി നല്‍കാന്‍വേണ്ടി ആരംഭിച്ച പദ്ധതി 2000-ല്‍ ജയരാജ് രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു നടത്തിയിരുന്നത്. റേഷന്‍കാര്‍ഡ് ഓണ്‍ലൈനാക്കുന്ന നടപടിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമായിരുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി രംഗത്ത് മാറിവരുന്ന സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് സി-ഡിറ്റ് ലക്ഷ്യമിടുന്നതെന്നും ജയരാജ് അഭിപ്രായപ്പെടുന്നു.
സി-ഡിറ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അതോടൊപ്പംതന്നെ ഈ മേഖലയില്‍ ചെയ്യാനാവുന്ന പരമാവധി കാര്യങ്ങള്‍ സര്‍ക്കാരിനും മറ്റു സ്ഥാപനങ്ങള്‍ക്കുമായി ചെയ്തുകൊടുക്കാനും ശ്രമിക്കുകയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യരംഗങ്ങളെ ഉള്‍പ്പെടുത്തി ആധികാരിക വിവരങ്ങളും മറ്റും നല്‍കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനല്‍ സംവിധാനം നടപ്പിലാക്കാനും സി-ഡിറ്റ് ലക്ഷ്യമിടുന്നുണ്ട്.
സയന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്യൂണിക്കേഷനില്‍ നിലവില്‍ നടത്തുന്ന കോഴ്‌സിന്റെ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കാനൊരുങ്ങുകയാണ് സി-ഡിറ്റ്. നിലവില്‍ വീഡിയോഗ്രഫി, എഡിറ്റിംഗ്, ആനിമേഷന്‍ തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളും സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളും ഇവിടെയുണ്ട്. ജയരാജിന്റെ നേതൃത്വത്തില്‍ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയാണിപ്പോള്‍ സി-ഡിറ്റ്.
സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ടുതന്നെ സ്വകാര്യ മേഖലയേക്കാള്‍ അല്‍പ്പം പരിമിതികള്‍ സി-ഡിറ്റിനുണ്ട്. സാമൂഹിക പ്രതിബദ്ധതകൂടി മുന്‍നിര്‍ത്തി വേണം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍. ഓഫീസ് ജീവനക്കാരും ടെക്‌നിക്കല്‍ മേഖലയിലുള്ളവരുമായി നൂറോളം പേര്‍ സി-ഡിറ്റില്‍ സ്ഥിരം ജീവനക്കാരായുണ്ട്. എന്നാല്‍ പദ്ധതികള്‍ പലതും കോണ്‍ട്രാക്ടായി നല്‍കുകയാണ് പതിവ്. ചെയ്യുന്ന ജോലിയോട് അര്‍പ്പണബോധവും ആത്മാര്‍ഥതയും എപ്പോഴും ഉണ്ടായിരിക്കണമെന്നതാണ് സി-ഡിറ്റിനൊപ്പമുള്ള തന്റെ 28 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജയരാജിന് പറയാനുള്ളത്. നിരന്തരം പഠിക്കാന്‍ മനസുണ്ടായാല്‍ മാത്രമേ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അനുദിനം മാറുന്ന സാങ്കേതികരംഗത്ത് നമ്മുടെ അറിവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നുണ്ട്. മാത്രമല്ല ജീവനക്കാരുടെ ഓരോ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നേറുന്നതില്‍ രജിസ്ട്രാറെന്ന നിലയില്‍ ജയരാജിന് വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുമ്പ് എന്‍സിപിടിയുടെ ഡല്‍ഹി ഓഫീസില്‍ ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. ഭാര്യ രാജ്യസഭാംഗം ഡോ. ടി എന്‍ സീമ. മകള്‍ ജെ എസ് അപര്‍ണ.

Comments

comments

Categories: FK Special