ബജറ്റ് പ്രതീക്ഷ: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പരിഗണന- ജയ്റ്റ്‌ലി

ബജറ്റ് പ്രതീക്ഷ: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പരിഗണന- ജയ്റ്റ്‌ലി

മുംബൈ: അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരിക്കും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തന്റെ അടുത്ത ബജറ്റ് അവതരണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ഇടി നൗ ചാനലിന്റെ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് ജയ്റ്റ്‌ലി നയം വ്യക്തമാക്കിയത്.

വികസ്വര രാജ്യത്തില്‍ നിന്നും വികസിത സമ്പദ്‌വ്യവസ്ഥയെന്ന പ്രൗഢിയിലേക്ക് ഉയരനാണ് ഇന്ത്യ തീവ്രമായി ആഗ്രഹിക്കുന്നത്. ജിഡിപിയിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഏഴ് മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച കൊണ്ടുമാത്രം ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകില്ലെന്ന് ജയ്റ്റ്‌ലി വിശദീകരിച്ചു. അതുകൊണ്ടു തന്നെ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്കായി കൂടുതല്‍ ചെലവഴിക്കുകയാണ് ലക്ഷ്യമെന്നും, അടിസ്ഥാനസൗകര്യ വികസനത്തിനായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തീര്‍ച്ചയായും ഒരു സംവിധാനം ആവശ്യമാണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന പദ്ധതികള്‍ക്കായിരിക്കും അടുത്ത ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കുക. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള രംഗങ്ങളില്‍ സ്വാകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സാധാരണയായി ബജറ്റ് അവതരണം നടക്കുന്നത് ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി 2017-2018 വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ആദ്യം തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നത് അംഗീകരിക്കുന്നതായും ജയ്റ്റ്‌ലി പറഞ്ഞു. പക്ഷെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഡിപിയില്‍ വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം ഉയര്‍ന്ന വരുമാനവും, സാമ്പദ്‌വ്യവസ്ഥ ശുചീകരണവും സാധ്യമാകുമെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു.

Comments

comments

Categories: Slider, Top Stories