സ്പാനിഷ് ലീഗ്: അത്‌ലറ്റിക്കോ, സെവിയ്യ വിജയിച്ചു

സ്പാനിഷ് ലീഗ്:  അത്‌ലറ്റിക്കോ, സെവിയ്യ വിജയിച്ചു

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയല്‍, റയല്‍ സോസിദാദ്, സെവിയ്യ, അലാവ്‌സ് ടീമുകള്‍ക്ക് ജയം. അത്‌ലറ്റിക്കോ മാഡ്രിഡ് ലാസ് പാല്‍മാസിനെയും സെവിയ്യ മാലാഗയെയും തോല്‍പ്പിച്ചപ്പോള്‍ വിയ്യാറയല്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെയും റയല്‍ സോസിദാദ് ഗ്രാനാഡയെയും അലാവ്‌സ് റയല്‍ ബെറ്റിസിനെയുമാണ് പരാജയപ്പെടുത്തിയത്.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വന്തം തട്ടകത്തില്‍ വെച്ച് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ലാസ് പാല്‍മാസിനെതിരായ ജയം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സ്പാനിഷ് താരം സോള്‍ നിഗ്വസാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിന് ലാസ് പാല്‍മാസിനെതിരായ ജയം ആശ്വാസമായി.

സ്‌പോര്‍ട്ടിംഗ് ഗിജോണിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിയ്യാറയല്‍ ആതിഥേയരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍, 11, 19 മിനുറ്റുകളില്‍ യഥാക്രമം ജൊനാദന്‍ ദോസ് സാന്റോസ്, നിക്കോള സണ്‍സോനെ എന്നിവര്‍ നേടിയ ഗോളുകളിലൂടെ വിയ്യാറയല്‍ മുന്നിലെത്തി. 74-ാം മിനുറ്റില്‍ ബ്രസീലിയന്‍ താരം പാറ്റോയിലൂടെയായിരുന്നു വിയ്യാറയലിന്റെ മൂന്നാം ഗോള്‍.

മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വിയ്യാറയല്‍ എവേ മത്സരത്തില്‍ വിജയം നേടുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ പത്താം തിയതി മലാഗയുടെ ഗ്രൗണ്ടില്‍ വെച്ചായിരുന്നു വിയ്യാറയലിന്റെ ഇതിന് മുമ്പുള്ള എവേ മത്സര വിജയം. മത്സരത്തിന്റെ 89-ാം മിനുറ്റില്‍ കര്‍മോനയിലൂടെയായിരുന്നു സ്‌പോര്‍ട്ടിംഗ് ഗിജോണ്‍ ആശ്വാസ ഗോള്‍ നേടിയത്.

ഗ്രാനാഡയ്‌ക്കെതിരായ എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ സോസിദാദ് വിജയിച്ചത്. മത്സരത്തിന്റെ 56, 61 മിനുറ്റുകളില്‍ യഥാക്രമം ബൗറ്റിസ്റ്റ, ജെമിനെസ് ലോപ്പസ് എന്നിവരാണ് റയല്‍ സോസിദാദിനായി വല കുലുക്കിയത്. മലാഗയെ സെവിയ്യ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയല്‍ ബെറ്റിസിനെതിരായ അലാവ്‌സിന്റെ ജയം.

പതിനാറ് മത്സരങ്ങളില്‍ നിന്നും 28 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ആറാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 29 പോയിന്റുകള്‍ വീതമുള്ള വിയ്യാറയല്‍, റയല്‍ സോസിദാദ് ടീമുകള്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. 21 പോയിന്റുമായി ലാസ് പാല്‍മാസ് പത്താമതും പന്ത്രണ്ട് പോയിന്റുള്ള സ്‌പോര്‍ട്ടിംഗ് ഗിജോണ്‍ പതിനെട്ടാം സ്ഥാനത്തുമാണ്.

Comments

comments

Categories: Sports