നോട്ട് അസാധുവാക്കലിനൊപ്പം യുഎസ് പലിശ നിരക്ക് വര്‍ധനയും ദുരിതം വര്‍ധിപ്പിക്കും

നോട്ട് അസാധുവാക്കലിനൊപ്പം യുഎസ് പലിശ നിരക്ക് വര്‍ധനയും ദുരിതം വര്‍ധിപ്പിക്കും

 

ന്യൂഡെല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 25 അടിസ്ഥാന പോയന്റ് വര്‍ധിപ്പിച്ചത് ഇന്ത്യയ്ക്ക് വരുന്ന സാമ്പത്തിക പാദങ്ങളില്‍ വെല്ലുവിളിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത് വളര്‍ന്നു വരുന്ന മറ്റു വിപണികളെയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ബാധിക്കുകയെന്നാണ് ധനകാര്യ മന്ത്രാലയം വിശ്വസിക്കുന്നത്.
അടുത്ത സാമ്പത്തിക പാദങ്ങളില്‍ ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വലിയുന്നത് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതിനിടയാക്കിയേക്കും. ഇറക്കുമതി ചെലവുകള്‍ വര്‍ധിക്കുന്നതോടെ ഉപഭോക്തൃ വില സൂചിക ഉയരുകയും ചെയ്‌തേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2017ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ്വ് രണ്ടോ മൂന്നോ തവണ കൂടി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.
യുഎസ് പലിശ നിരക്ക് വര്‍ധനയും രൂപയുടെ മൂല്യമിടിയുന്നതും അടുത്ത രണ്ട് സാമ്പത്തിക പാദങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ പ്രിന്‍സിപ്പാള്‍ ഇക്കണോമിസ്റ്റ് അദിതി നയ്യാര്‍ അഭിപ്രായപ്പെട്ടു. കൂടാതെ 2017 ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് രണ്ടോ മൂന്നോ തവണ നിരക്ക് വര്‍ധിപ്പിക്കുന്നതോടെ രൂപയ്‌ക്കെതിരെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അവര്‍ പറഞ്ഞു.
ഡിസംബര്‍ 31 ഓടെ രാജ്യത്ത് പണമൊഴുക്കിന്റെ തോത് മനസിലാക്കിയ ശേഷം മാര്‍ച്ച് സാമ്പത്തിക പാദത്തിന്റെ വളര്‍ച്ച സംബന്ധിച്ച് മുമ്പ് നടത്തിയ നിഗമനം ഐസിആര്‍എ പുനഃപരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ എത്രത്തോളം സാധാരണഗതിയിലായി എന്ന് മനസിലാക്കാന്‍ ഈ മാസാവസാനത്തോടെ കഴിയുമെന്നും അദിതി നയ്യാര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy