സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി യൂബര്‍

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി യൂബര്‍

 

സാന്‍ ഫ്രാന്‍സിസ്‌കോ: യൂബര്‍ ജന്മനാടായ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറിന് തുടക്കം കുറിച്ചു. കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാരുന്നു യൂബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറിന്റെ അവതരണം. കാലിഫോര്‍ണിയ റോഡുകളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള പെര്‍മിറ്റ് യൂബറിന് ഇല്ലെന്ന് കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍പ് പറഞ്ഞിരുന്നു. ഇരുപത് നിര്‍മ്മാതാക്കള്‍ ഇതിനകം കാലിഫോര്‍ണിയ റോഡുകളില്‍ നൂറിലധികം കാറുകള്‍ക്ക് പരീക്ഷണ ഓട്ടത്തിനുള്ള പെര്‍മിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. യൂബറും ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ മുതല്‍ തന്നെ യൂബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ നിരീക്ഷണമില്ലാതെ ഈ വാഹനം ഓടിക്കുവാന്‍ കഴിയില്ല എന്നായിരുന്നു യൂബറിന്റെ വാദം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തും, കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോഴും വാഹനം നിയന്ത്രിക്കാന്‍ ഒരു എഞ്ചിനീയറോ ഡ്രൈവറോ ആവശ്യമാണ് അതിനാല്‍ തന്നെ കാലിഫോര്‍ണിയ നിയമങ്ങള്‍ ബാധകമല്ലെന്നും കാലിഫോര്‍ണിയ നിയമങ്ങള്‍ ഒരു സാധാരണ മനുഷ്യന്റെ ഒരു തരത്തിലുള്ള സഹായവും ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് വാഹനങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും യൂബര്‍ വാദിച്ചു.
സങ്കീര്‍ണമായ നിയമങ്ങളും നടപടികളും പുതിയ കണ്ടെത്തലുകളെയും വികസനത്തെയും പരോഷമായെങ്കിലും പിന്നോട്ടു വലിക്കുവാന്‍ കാരണമാകുമെന്ന് പല സിറ്റികളും സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞങ്ങളുടെ ജന്മനാടായ കാലിഫോര്‍ണിയയും ഇതിനു സമാനമായ കാഴ്ചപാടുകള്‍ സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. യൂബര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് യൂബര്‍ ഓട്ടോണമസ് കാര്‍ നിര്‍മ്മാണത്തിനായി നടത്തുന്ന ഗവേഷണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തു വിടുന്നത്. അന്ന് നാല് സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പിറ്റ്‌സ്ബര്‍ഗില്‍ ഉപഭോക്താക്കള്‍ക്കായി നിരത്തിലിറക്കിയിരുന്നു. കാലിഫോര്‍ണിയയില്‍ എത്ര കാറുകള്‍ നിരത്തിലിറക്കുമെന്ന വിവരം യൂബര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
പിറ്റ്‌സ്ബര്‍ഗിലുള്ള യൂബറിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്ററില്‍ ഓട്ടോണമസ് കാറുകള്‍ക്കുവേണ്ടിയുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നു.

Comments

comments

Categories: Branding