1 ലക്ഷം ഗ്രോബാഗുകള്‍ വിതരണം ചെയ്തു

1 ലക്ഷം ഗ്രോബാഗുകള്‍ വിതരണം ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയുടെ ഹരിത കേരളം സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് 4000 കുടുംബങ്ങള്‍ക്ക് 25 വീതം ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കേരളത്തിലാദ്യമായാണ് ഒരു നഗരസഭ ഇത്രയും ഗ്രോബാഗുകള്‍ വിതരണം നടത്തുന്നതെന്ന് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ച് സംസാരിച്ച മന്ത്രി ചൂണ്ടിക്കാണിച്ചു. ഇവിടെ നിന്നും ഗ്രോബാഗുകള്‍ ലഭിക്കുന്നവര്‍ ചെറിയ കുഞ്ഞുങ്ങളെ പരിചരിക്കുന്ന പോലെ പരിചരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം വിജയിക്കുകയുള്ളൂ. ഓരോ വീട്ടിലേക്കും ആവശ്യമായ പച്ചക്കറികള്‍ അവരവര്‍ തന്നെ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയ്ക്ക് പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഒരു ലക്ഷ്യം 50000 ഹെക്ടര്‍ പ്രദേശത്ത് ജൈവ കൃഷിയുടെ വ്യാപനമാണ്. 2 കൊല്ലം കൊണ്ട് കേരളത്തെ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയിലെത്തിക്കുവാന്‍ ഇതിലൂടെ കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലവിഭവ വകുപ്പ് ,സഹകരണ വകുപ്പ് തുടങ്ങിയ ഏഴ് വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ നേട്ടം കൈവരിക്കാനാവൂ. സമഗ്ര വിളകളുടേയും ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ സ്വയംപര്യാപ്തത കൈവരിക്കാനാവൂ. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് നമുക് വേണ്ടത്.

നെല്‍പാടങ്ങള്‍ നികത്തിയുള്ള വികസനങ്ങള്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. തമിഴ്‌നാട്ടില്‍ നിന്നും 2000 കോടി രൂപയുടെ പച്ചക്കറികളാണ് ഒരു വര്‍ഷം കേരളത്തിലേക്ക് വരുന്നത്. ഹോര്‍ട്ടികോര്‍പ്പും, കൃഷി വകുപ്പും വഴി ഓണക്കാലത്ത് 4150 ടണ്‍ പച്ചക്കറികളാണ് നമ്മുടെ നാട്ടില്‍ വിതരണം ചെയ്തത്. ഇതില്‍ 3150 ടണ്‍ കേരളത്തില്‍ ഉല്‍പാദിപ്പിച്ചതാണ്. ഓരോ വീട്ടിലും ആവശ്യമായ മുരിങ്ങക്ക, ഇഞ്ചി, കറിവേപ്പില എന്നിവ സ്വയം ഉല്‍പാദിപ്പിക്കണം. ജൈവ പച്ചക്കറി കഴിക്കുവാന്‍ തീരുമാനിച്ചാല്‍ കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന മരുന്നിന്റെ ചിലവ് കുറയ്ക്കാം. അന്നദാതാക്കളായ കര്‍ഷകരെ ബഹുമാനിക്കണം. മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളെ തിരികെ കൊണ്ടുവരിക എന്നുള്ളതാണ് ഹരിത കേരളത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. തൃപ്പൂണിത്തുറ നഗരസഭയ്ക്കു കീഴില്‍ വരുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഒ.വി.സലിം സ്വാഗതവും വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം ബിജു നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍ കാര്‍ഷിക സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.

Comments

comments

Categories: Branding