ട്രംപ് മന്ത്രിസഭയില്‍ ആശങ്ക: 19ലെ ഇലക്ട്രല്‍ വോട്ടെടുപ്പ് നിര്‍ണായകം

ട്രംപ് മന്ത്രിസഭയില്‍ ആശങ്ക: 19ലെ ഇലക്ട്രല്‍ വോട്ടെടുപ്പ് നിര്‍ണായകം

1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷമുള്ള ശീതയുദ്ധാനന്തര കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍, അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ഡമോക്രാറ്റുകള്‍ റഷ്യയെ എതിരാളിയായി കരുതിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണു സോവിയറ്റ് യൂണിയന്‍-അമേരിക്ക ചേരി തിരിഞ്ഞ് ശീതയുദ്ധം ആരംഭിച്ചത്. 1960കളും 70കളും ശീതയുദ്ധത്തിന്റെ പാരമ്യാവസ്ഥയിലെത്തുകയും ചെയ്തിരുന്നു. ഏകധ്രുവ ലോകമെന്ന അമേരിക്കയുടെ സങ്കല്‍പത്തെ എതിര്‍ത്തു കൊണ്ട് സോവിയറ്റ് യൂണിയന്‍ നേതൃത്വം കൊടുത്ത ചേരി സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ 1980കളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയന്‍ നേതൃത്വം കൊടുത്ത ചേരിയുടെ ശക്തിക്ഷയിച്ചു തുടങ്ങി. ബര്‍ലിന്‍ മതില്‍ പൊളിച്ചതും പിന്നീട് സോവിയറ്റ് യൂണിയന്‍ പല കഷണങ്ങളായി ഛിന്നഭിന്നമാവുകയും ചെയ്തതോടെ അമേരിക്ക സൂപ്പര്‍ പവറായി. ശീതയുദ്ധ കാലത്ത് അമേരിക്കയുടെ ഉറക്കം കെടുത്തിയവര്‍ ഇനി ഒരിക്കലും ശല്യം ചെയ്യാനുണ്ടാവില്ലെന്നു സ്വപ്‌നം കണ്ടു. 1991നു ശേഷം രണ്ട് പതിറ്റാണ്ടിലേറെ കാലം അമേരിക്കയുടെ സ്വപ്‌നങ്ങളില്‍ പോലും റഷ്യ, എതിര്‍പാളയത്തിലില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു.

2012-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച മിറ്റ് റോമ്‌നി, റഷ്യ അമേരിക്കയുടെ ഭൗമരാഷ്ട്രീയ എതിരാളിയാണെന്ന് പ്രചരിപ്പിച്ചപ്പോള്‍ ആ വാദത്തെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഒബാമ തള്ളിക്കളയുകയും, റോമ്‌നിയെ പരിഹസിക്കുകയും ചെയ്തു. ശീതയുദ്ധം കഴിഞ്ഞിട്ട് രണ്ടര പതിറ്റാണ്ടിലെത്തിയിരിക്കുന്നു. ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. പണ്ട് റഷ്യയെ എതിരാളിയായി പോലും കണക്കാക്കാന്‍ കൂട്ടാക്കാതിരുന്ന ഡമോക്രാറ്റുകള്‍ ഇന്നു വല്ലാതെ ഭയക്കുന്നു. പ്രത്യേകിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ റഷ്യയുമായുള്ള അടുപ്പവും, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേയ്ക്കു റെക്‌സ് ടില്ലേഴ്‌സനെ നിയമിച്ചതും ഡമോക്രാറ്റുകള്‍ക്കു സൃഷ്ടിച്ചിരിക്കുന്ന തലവേദന നിസാരമല്ല.
എക്‌സന്‍ മൊബീല്‍ എന്ന എണ്ണ കമ്പനിയുടെ സിഇഒയാണ് ടില്ലേഴ്‌സന്‍. കമ്പനിയുടെ തലപ്പത്തിരുന്നപ്പോള്‍ റഷ്യയുമായി വന്‍ കരാറുകള്‍ ഒപ്പിട്ട വ്യക്തിയാണ് ടില്ലേഴ്‌സന്‍. റഷ്യയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് 2013-ല്‍ പ്രസിഡന്റ് പുടിനില്‍നിന്നും ടില്ലേഴ്‌സന്‍ വാങ്ങിയിട്ടുണ്ട്. റഷ്യയ്ക്കു മേല്‍ യുഎസ് വിവിധ കാലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തെ എതിര്‍ക്കുകയും ചെയ്ത വ്യക്തി കൂടിയാണു ടില്ലേഴ്‌സന്‍. ഒരു കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഓഫീസറെന്ന നിലയില്‍ ടില്ലേഴ്‌സന് വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടി വന്നതും സൗഹൃദം സ്ഥാപിച്ചതുമൊക്കെ ന്യായീകരിക്കാം. ഈ ചരിത്രമുള്ളതു കൊണ്ട് അദ്ദേഹത്തിന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആകാന്‍ യോഗ്യതയില്ലെന്ന് ആര്‍ക്കും പറയാനും സാധിക്കുകയില്ല.
എന്നാല്‍ ഉയരുന്ന ചോദ്യമിതാണ്; എക്‌സന്‍ മൊബീല്‍ കമ്പനിയുടെ തലപ്പത്ത് ഇരുന്നപ്പോള്‍ സ്വീകരിച്ച നയവും ഇപ്പോള്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലേക്ക് അവരോധിതനായ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നയവും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉണ്ടാവുക എന്നതാണ്. റഷ്യയ്‌ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമോ ? അതോ സൗഹൃദ നിലപാട് സ്വീകരിക്കുമോ ? നിലവിലെ സാഹചര്യത്തില്‍ ഒന്നും പ്രവചിക്കാന്‍ സാധ്യമല്ല. എന്തും സംഭവിക്കാം. എന്നാല്‍ അമേരിക്കയില്‍ പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും ടില്ലേഴ്‌സന്റെ നിയമനത്തെ ആശങ്കയോടെയാണു പലരും കാണുന്നത്.
19ാം തീയതി തിങ്കളാഴ്ച യുഎസില്‍ നടക്കുന്ന ഇലക്ട്രല്‍ വോട്ടെടുപ്പ് നിര്‍ണായകമാണ്. അന്ന് 538 ഇലക്ട്രല്‍ അംഗങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്ത് ഒത്തു ചേര്‍ന്നു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. ഇലക്ട്രല്‍ വോട്ടില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമായിരിക്കും ട്രംപിന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഔദ്യോഗികമായി പ്രവേശിക്കാന്‍ സാധിക്കൂ. ഇലക്ട്രല്‍ വോട്ടെടുപ്പില്‍ ട്രംപിനെതിരേയാണു ഫലം വരുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ വഴിയടയ്ക്കപ്പെടും. നിലവില്‍ ഡമോക്രാറ്റുകള്‍ കളിക്കുന്ന രാഷ്ട്രീയവും ട്രംപിനെ അധികാരത്തില്‍നിന്നും അകറ്റുന്നതിനു വേണ്ടിയുള്ളതാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഒബാമ പറയുകയുണ്ടായി, യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നടന്ന സൈബര്‍ ആക്രമണത്തിനെതിരേ റഷ്യക്ക് തക്കതായ തിരിച്ചടി കൊടുക്കുമെന്ന്.
അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ, റഷ്യയുടെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം നടന്നിരുന്നെന്നു വിശദമാക്കിയിരുന്നു. റഷ്യയ്‌ക്കെതിരേ വന്‍ പ്രതിഷേധം അമേരിക്കയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റഷ്യന്‍ അനുകൂല സമീപനം പുലര്‍ത്തുന്ന ട്രംപിനെതിരേയുള്ള വികാരം ഇലക്ട്രല്‍ വോട്ടെടുപ്പില്‍ പ്രകടമാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. ഡിസംബര്‍ 19 എന്ന ദിവസത്തെ ഉറ്റുനോക്കുകയാണ് ലോകം.

Comments

comments

Categories: World