ഉള്‍നാടന്‍ കായലുകളില്‍ മത്സ്യബന്ധനത്തെ സഹായിക്കാന്‍ നടപടികള്‍: നിയമസഭാസമിതി

ഉള്‍നാടന്‍ കായലുകളില്‍ മത്സ്യബന്ധനത്തെ  സഹായിക്കാന്‍ നടപടികള്‍: നിയമസഭാസമിതി

കൊച്ചി: ഉള്‍നാടന്‍ കായലുകളില്‍ മത്സ്യബന്ധനത്തെ സഹായിക്കുന്ന നടപടികളെടുക്കാന്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പലയിടത്തും കായലിലടിയുന്ന മണ്ണും ചെളിയും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണിത്. വള്ളമടുപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുമൂലം പ്രയാസമനുഭവപ്പെടുന്നുണ്ട്. ആവശ്യമുള്ളിടത്ത് ഡ്രെഡ്ജിംഗ് നടത്തി എക്കല്‍ നിക്ഷേപം ഒഴിവാക്കാനുള്ള നടപടികളെടുക്കാനാണ് സമിതി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സമിതി നടത്തിയ സിറ്റിങ്ങിലാണ് നിര്‍ദേശം.

സംസ്ഥാനത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നുണ്ട്. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സി. കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനായ സമിതി പറഞ്ഞു. പെലാജിക് വലയുടെ ഉപയോഗവും ചെറിയ കണ്ണികളുളള വലകളുടെ ഉപയോഗവും മത്സ്യസമ്പത്തിനെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. പെലാജിക് വല ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ചെറുമീനുകളുടെ നിലനില്പിനും ചെറിയ കണ്ണികളുള്ള വലകളുടെ ഉപയോഗം വെല്ലുവിളി ഉയര്‍ത്തുന്നു. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം മത്സ്യബന്ധനം തടയാനും നടപടികള്‍ കര്‍ശനമാക്കും.

മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം വേണമെന്നും ഇഎസ്‌ഐ സൗകര്യം എര്‍പ്പെടുത്തണമെന്നും സിറ്റിങ്ങില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും, മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ കുടിവെള്ളം, വൈദ്യുതി എന്നിവയും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്ന് സമിതി നിര്‍ദേശിച്ചു.

മത്സ്യസമ്പത്ത് അധികമായി ലഭിക്കുന്ന സമയത്തും മത്സ്യത്തൊഴിലാളികള്‍ക്ക് പണം കിട്ടാത്ത അവസ്ഥ കണ്ടു വരുന്നുണ്ട്. ഇത് ഒഴിവാക്കാനായി അധികമായി വരുന്ന മത്സ്യം സംഭരിക്കാന്‍ ലാന്റിംഗ് സെന്ററുകളില്‍ ആധുനികസൗകര്യങ്ങളോടു കൂടിയ സംഭരണസൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതുമായ ബന്ധപ്പെട്ട രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സമിതി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അനധികൃതമത്സ്യബന്ധനം തടയുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സമിതിയംഗങ്ങളും എംഎല്‍എമാരുമായ സി.കെ.നാണു, കെ.ജെ.മാക്‌സി, കെ. ദാസന്‍, ഗീതാഗോപി, എം.നൗഷാദ് എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

സിറ്റിങ്ങിനു ശേഷം സമിതിയംഗങ്ങള്‍ ചെല്ലാനം മത്സ്യഗ്രാമം, നെറ്റ് ഫാക്ടറി, ഞാറയ്ക്കല്‍ ഫിഷ് ഫാം എന്നിവ സന്ദര്‍ശിച്ചു.

Comments

comments

Categories: Business & Economy

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*