സര്‍ക്കാര്‍ ആശുപത്രികളിലെ ഗര്‍ഭകാല പ്രസവ ചികിത്സാ, പരിചരണങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും: കെ കെ ശൈലജ

സര്‍ക്കാര്‍ ആശുപത്രികളിലെ ഗര്‍ഭകാല പ്രസവ ചികിത്സാ, പരിചരണങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കും: കെ കെ ശൈലജ

 

തിരുവനന്തപുരം: പ്രസവത്തോടനുബന്ധിച്ച് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംഭവിക്കാവുന്ന സങ്കീര്‍ണ്ണതകളും മരണവും തടയുന്നതിനുവേണ്ടി സംസ്ഥാനത്തെ ആശുപത്രികളിലെ ഗര്‍ഭകാലപ്രസവ ചികിത്സ പരിചരണങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശിശുമരണനിരക്കും, മാതൃമരണനിരക്കും കുറക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയായ കെഎഫ്ഒജി യുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡോക്ടര്‍മാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മാതൃമരണ നിരക്ക് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും വികസിത രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. മാതൃമരണ നിരക്കും, ശിശുമരണനിരക്കും പരസ്പരം ബന്ധപ്പെട്ടതാണ്. ഗര്‍ഭിണിയായ സ്ത്രീക്ക് നല്‍കുന്ന ആരോഗ്യസേവനം മെച്ചപ്പെടുത്തുന്നതിലൂടെ കുഞ്ഞിന്റെ ജീവനും സംരക്ഷണം നല്‍കാനാവും. കേരളത്തിലെ ശിശുമരണനിരക്ക് ഇപ്പോള്‍ 12 ആണ്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഏറെ വര്‍ഷങ്ങളായി വീണ്ടും കുറയാതെ സ്ഥിരമായി നില്‍ക്കുന്നു. ഇവ രണ്ടും സാധ്യമായ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎഫ്ഒജി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി പി പൈലി, ആരോഗ്യവകുപ്പ് അഡീ. ഡയറക്റ്ററും എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജരുമായ ഡോ. എസ് ഉഷാകുമാരി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍ കുമാര്‍, തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ സന്ദീപ്, ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. സുനില്‍ കുമാര്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Branding