ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത തള്ളി രത്തന്‍ ടാറ്റ

ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത തള്ളി രത്തന്‍ ടാറ്റ

 

ന്യൂ ഡെല്‍ഹി : ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ രത്തന്‍ ടാറ്റ തള്ളി. ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കുന്നതായി ടാറ്റ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ട്രസ്റ്റുകളുടെ വിവിധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.

ഉചിതമായ സമയത്ത് ടാറ്റ ട്രസ്റ്റുകള്‍ക്ക് പിന്തുടര്‍ച്ചയുണ്ടാകുമെന്ന് രത്തന്‍ ടാറ്റ പറഞ്ഞതായും ടാറ്റാ ഗ്രൂപ്പിന്റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. രത്തന്‍ ടാറ്റയുടെ ദീര്‍ഘകാല വിശ്വസ്തന്‍ ആര്‍കെ കൃഷ്ണകുമാറിന്റൈ വാക്കുകളുടെ അടിസ്ഥാനത്തില്‍ നേരത്തേ ടൈംസ് ഓഫ് ഇന്ത്യയാണ് രത്തന്‍ ടാറ്റയുടെ രാജിസൂചമന പുറത്തുവിട്ടത്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരി കയ്യാളുന്നത് ടാറ്റ ട്രസ്റ്റ്‌സാണ്.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിന് ടാറ്റ ട്രസ്റ്റ്‌സ് പുറമേ നിന്നുള്ള കണ്‍സള്‍ട്ടന്റിന്റെ സഹായം തേടിയതായും തെരഞ്ഞെടുപ്പ് പ്രക്രിയ 2017 മധ്യത്തോടെ പൂര്‍ത്തിയാകുമെന്നും ആര്‍കെ കൃഷ്ണകുമാറിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ ട്രസ്റ്റ്‌സിന്റെ അടുത്ത ചെയര്‍മാന്‍ ഇന്ത്യക്കാരന്‍ തന്നെയായിരിക്കുമെന്നും എന്നാല്‍ ടാറ്റ കുടുംബത്തില്‍ നിന്നുതന്നെയാകണമെന്ന് നിര്‍ബന്ധമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ടാറ്റയും പുറത്താക്കപ്പെട്ട ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ട്രിയും തമ്മിലുള്ള ‘വടംവലി’യില്‍ ടാറ്റാ ട്രസ്റ്റ്‌സിന്റെ നിലപാട് നിര്‍ണായകമാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയാണ് രണ്ട് പ്രമുഖ ട്രസ്റ്റുകള്‍. ശരിയായ കാഴ്ച്ചപ്പാടുള്ളയാളും ടാറ്റ ഗ്രൂപ്പ് സ്ഥാപകരുടെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളുമായിരിക്കും പുതിയ ചെയര്‍മാനെന്നും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റി കൂടിയായ കൃഷ്ണകുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിമാര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് ടാറ്റാ ഗ്രൂപ്പ് കമ്പനികളിലെ സുപ്രധാന കാര്യങ്ങളുടെ വിവരങ്ങള്‍ തേടിയതായും നോമിനി ഡയറക്റ്റര്‍മാരുടെ വീറ്റോ അധികാരം ഉപയോഗിച്ച് ടാറ്റ സണ്‍സിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചതായും ഗ്രൂപ്പിലെ വിവിധ കമ്പനി ഓഹരിയുടമകള്‍ക്ക് അയച്ച തുറന്ന കത്തില്‍ പുറത്താക്കപ്പെട്ട ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി ആരോപിച്ചിരുന്നു. എന്നാല്‍ ടാറ്റ സണ്‍സ് ഇതെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്. സൈറസ് മിസ്ട്രിയുടേത് പിടിപ്പുകേടായി ചിത്രീകരിച്ച് കുറ്റപ്പെടുത്തുകയും ചെയ്തു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*