നിരന്തര പരിശോധന ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതെന്ന് ബാങ്കര്‍മാര്‍

നിരന്തര പരിശോധന ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതെന്ന് ബാങ്കര്‍മാര്‍

 

മുംബൈ: രാജ്യത്തെ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് നിരന്തരം നടത്തുന്ന പരിശോധന ബാങ്ക് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നതായി ബാങ്ക് മാനേജ്‌മെന്റുകള്‍. ബ്രാഞ്ചുകളില്‍ നടക്കുന്ന റെയ്ഡ് സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതായും ബാങ്കര്‍മാര്‍ ചൂണ്ടിക്കാട്ടി. ബാങ്ക് ജീവനക്കാരുടെ അറിവോടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സ്ഥാപനത്തിന്റെ ധാര്‍മിക മൂല്യം ഉയര്‍ത്തുന്നതിനും വിവധ പദ്ധതികളാണ് മാനേജ്‌മെന്റുകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെ നീക്കങ്ങളും മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാക്കും. വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അനഭിലണഷീയമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനെ കര്‍ശനമായി വിലക്കുകയും ചെയ്യുമെന്നും ബാങ്കര്‍മാര്‍ വ്യക്തമാക്കി. ചെറിയ കാലത്തേക്കുള്ള നേട്ടത്തിനു വേണ്ടി ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ മൂലം ചെന്നെത്താവുന്ന അപകടങ്ങളുടെ വ്യാപ്തി സംബന്ധിച്ചും ബാങ്ക് മാനേജ്‌മൈന്റുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ വ്യാജ എക്കൗണ്ട് വഴിയുള്ള നിക്ഷേപം കണ്ടെത്തുന്നതിനു വേണ്ടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. വ്യാഴാഴച നടന്ന പരിശോധനയില്‍ ആക്‌സിസ് ബാങ്കിന്റെ ഒരു ബ്രാഞ്ചില്‍ നിന്നും വീണ്ടും വ്യാജ നിക്ഷേപം പിടിച്ചെടുത്തിരുന്നു. ആക്‌സിസ് ബാങ്കിന്റെ നോയിഡ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയില്‍ 60 കോടി രൂപയുടെ വ്യാജ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. മുന്‍പ് ആക്‌സിസ് ബാങ്കിന്റെ തന്നെ മറ്റൊരു ബ്രാഞ്ചില്‍ 40 എക്കൗണ്ടുകളിലായി 100 കോടി രൂപയുടെ വ്യാജ നിക്ഷേപവും കണ്ടെത്തുകയുണ്ടായി. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആകെ 24 ജീവനക്കാരെയാണ് ആക്‌സിസ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.

ജീവനക്കാരില്‍ ചിലര്‍ ബാങ്ക് ചട്ടങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് ബാങ്കിംഗ് മേഖലയുടെ തന്നെ ധാര്‍മികതയ്ക്കു പരിക്കേല്‍പ്പിക്കുന്നതായി എസ്ബിഐ, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ഐഡിബിഐ മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന പേടിയാണ് ഇതിനു കാരണമെന്നും ബാങ്കര്‍മാര്‍ പറയുന്നു. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ജീവനക്കാര്‍ സ്വന്തം ആരോഗ്യമോ വ്യക്തിപരമായ സുരക്ഷയോ കണക്കിലെടുക്കാതെ അസാധാരണമായി കഠിനാധ്വാനം ചെയ്യുകയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ബാങ്ക് ചട്ടങ്ങള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനം വഹിക്കുന്ന പങ്കിന് ഇത്തരം ദുഷ്‌പേരുകള്‍ കാരണം കോട്ടം തട്ടില്ലെന്നും അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Banking, Slider