പെര്‍നോഡ് റിക്കാഡിന്റെ ഇന്ത്യയിലെ വില്‍പ്പന കുതിച്ചു

പെര്‍നോഡ് റിക്കാഡിന്റെ  ഇന്ത്യയിലെ വില്‍പ്പന കുതിച്ചു

 

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യനിര്‍മാണ കമ്പനിയായ പെര്‍നോഡ് റിക്കാഡിന്റെ ഇന്ത്യന്‍ വിഭാഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റ വില്‍പ്പനയില്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. പ്രീമിയം ബ്രാന്‍ഡുകളുടെ ആവശ്യം ഉയര്‍ന്നതാണ് വില്‍പ്പനയില്‍ മുന്നേറ്റമുണ്ടാവാന്‍ കാരണം.
അബ്‌സല്യൂട്ട് വോഡ്ക, ചിവാസ് റീഗല്‍ സ്‌കോച്ച് തുടങ്ങിയ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ റിക്കാഡിന്റെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷം 22 ശതമാനം ഉയര്‍ന്ന് 1,083 കോടി രൂപയിലെത്തി. കമ്പനിയുടെ ആകെ വില്‍പ്പന 12,112 കോടി രൂപ രേഖപ്പെടുത്തുകയും ചെയ്തു. ഇതേ കാലയളവില്‍ പെര്‍നോഡ് 968 കോടി രൂപയുടെ ലാഭവും സ്വന്തമാക്കി. ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തതും വിപണിയുടെ താഴേത്തട്ടിലെ മത്സരം ഒഴിവാക്കിയതുമാണ് റിക്കാഡിന്റെ പ്രീമിയം ബ്രാന്‍ഡുകളുടെ ആവശ്യകത വര്‍ധിക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറഞ്ഞു.

വിപണിയിലെ മത്സരം വര്‍ധിച്ചതും പുതിയ ചില നിയന്ത്രണങ്ങളും ഈ ധനകാര്യ വര്‍ഷം പെര്‍നോഡ് റിക്കാഡിന്റെ വളര്‍ച്ചയെ ബാധിച്ചേക്കും. ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം, മഹാരാഷ്ട്രയിലെ നികുതി വര്‍ധന എന്നിവയും പഞ്ചാബില്‍ വിതരണക്കാര്‍ മാറിയതും കമ്പനിയുടെ വില്‍പ്പനയെ നേരിയ തോതില്‍ പിന്നോട്ടടിച്ചിട്ടുണ്ട്-പെര്‍നോഡ് റിക്കാഡ് നിക്ഷേപക സംഗമത്തിനിടെ വ്യക്തമാക്കി.
ഇന്ത്യന്‍ സ്പിരിറ്റ് വിപണി മന്ദതയിലാണെങ്കിലും പ്രീമിയം വിഭാഗത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച ഇന്ത്യയില്‍ ഈ വിഭാഗം നേടിയെടുക്കുന്നു. ഇന്ത്യയിലെ വിദേശ മദ്യ വിപണിയുടെ 65 ശതമാനവും കൈയാളുന്നത് യുണൈറ്റഡ് സ്പിരിറ്റ്‌സും പെര്‍നോഡും അലെയ്ഡ് ബ്ലെന്‍ഡേഴ്‌സ് ഡിസ്റ്റിലേഴ്‌സും ചേര്‍ന്നാണ്. രാജ്യത്തെ മദ്യ വിപണി കഴിഞ്ഞ വര്‍ഷം രണ്ട് ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ വില്‍പ്പന ഇരട്ടിയായി വര്‍ധിക്കുകയുണ്ടായി. ഏകദേശം, 22,679 കോടി രൂപയുടെ മദ്യമാണ് 2015-16 സാമ്പത്തിക വര്‍ഷം യുണൈറ്റഡ് സ്പിരിറ്റ്‌സ് വിറ്റഴിച്ചത്.

Comments

comments

Categories: Branding