ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക ബസ് പിടികൂടി

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഔദ്യോഗിക ബസ് പിടികൂടി

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൂട്‌ബോളിന്റെ കലാശപ്പോരാട്ടം നാളെ നടക്കാനിരിക്കെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന വോള്‍വോ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി പരസ്യം പതിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ടീമിന്റെ ഔദ്യോഗിക വാഹനം പിടികൂടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയും സ്‌പോര്‍സര്‍മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട പരസ്യമാണ് വാഹനത്തിന് പുറമെയുണ്ടായിരുന്നത്. അതേസമയം, ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വാഹന വകുപ്പിന്റെ അനുമതി വാങ്ങണമെന്നും നിശ്ചിത ശതമാനം നികുതി അടയ്ക്കണമെന്നതുമാണ് നിയമം.

എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് ബസ് ഓടിയിരുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ബി ഷെഫീക്ക് അറിയിച്ചു. ഇതിനെ തുടര്‍ന്ന്, ആഢംബര ബസിന്റെ ഉടമയായ തൃപ്പൂണിത്തുറ സ്വദേശിയോട് 1.46 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ കൊച്ചിയിലെത്തുമ്പോള്‍ യാത്രയ്ക്കായി സ്ഥിരമായി ഉപയോഗിക്കുന്ന ബസാണിത്.

Comments

comments

Categories: Sports