ഗുണം ചെയ്യുമെങ്കില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കും: യുബര്‍ സിഇഒ

ഗുണം ചെയ്യുമെങ്കില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കും: യുബര്‍ സിഇഒ

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഗുണം ചെയ്യുമെങ്കില്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യുബരിന്റെ സിഇഒ ട്രവിസ് കലാനിക്. ലോകത്തിലെ എറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് യുബര്‍. ആഭ്യന്തര വിപണിയില്‍ വിദേശ കമ്പനികളെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായമഭ്യര്‍ത്ഥിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ സച്ചിന്‍ ബെന്‍സാലും, ഒല സ്ഥാപകന്‍ ഭവീഷ് അഗര്‍വാളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് യുബര്‍ സിഇഒ ഇന്ത്യന്‍ പൗരത്വത്തെ കുറിച്ച് പറഞ്ഞത്. നിതി ആയോഗ് സിഇഒ അമിതാഭ് കാന്തുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ കമ്പനികളുമായുള്ള പോരാട്ടം ഇന്നൊവേഷനില്‍ അധിഷ്ഠിതമല്ല, മൂലധനത്തില്‍ അധിഷ്ടിതമാണെന്ന് ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും പറഞ്ഞിരുന്നു. യുഎസ് ആസ്ഥാനമായ യുബര്‍ പോലുള്ള ആഗോള സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ നടത്തുന്ന അതീവ ശ്രമങ്ങള്‍ തങ്ങളുടെ മൂലധന സാധ്യതകളെ തകര്‍ക്കുമോ എന്ന ഭയവും ഇന്ത്യന്‍ കമ്പനികള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ ഒലയുടെയും ഭൂരിപക്ഷ പങ്കാളിത്തം വിദേശത്തു നിന്നാണ്. ഭീമമായ നിക്ഷേപമാണ് വിദേശകമ്പനികളില്‍ നിന്നും ഇരു കമ്പനികളും സമാഹരിച്ചിട്ടുള്ളതും. ഇതു ചൂണ്ടിക്കാണിച്ചാണ് യുബര്‍ ഇന്ത്യയില്‍ ഭീമമായ നിക്ഷേപം നടത്തുന്നു എന്ന ഒല സിഇഒ ഭവീഷ് അഗര്‍വാളിന്റെ ആരോപണത്തെ ട്രവിസ് കലാനിക് തിരിച്ചടിച്ചത്.

Comments

comments

Categories: Branding

Related Articles