കയറ്റുമതി വര്‍ധിച്ചു; പക്ഷേ വ്യാപരക്കമ്മി രണ്ടുവര്‍ഷത്തെ ഉയര്‍ച്ചയില്‍

കയറ്റുമതി വര്‍ധിച്ചു; പക്ഷേ വ്യാപരക്കമ്മി രണ്ടുവര്‍ഷത്തെ ഉയര്‍ച്ചയില്‍

 

ന്യൂഡെല്‍ഹി : രാജ്യത്തിന്റെ കയറ്റുമതി തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ധിച്ചു. മുന്‍മാസത്തേക്കാള്‍ നവംബറില്‍ 2.29 ശതമാനമായാണ് കയറ്റുമതി ഉയര്‍ന്നത്. അതേസമയം വ്യാപാരക്കമ്മി കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും വലിയ ഉയര്‍ച്ച പ്രകടിപ്പിച്ച് 13 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതി ഉയര്‍ന്നതാണ് പ്രധാനമായും വ്യാപാരകമ്മി വര്‍ധിക്കാനിടയാക്കിയത്.

നവംബറില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 14.10 ശതമാനം വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 5.73 ശതമാനവും രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതി 8.3 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചിട്ടുണ്ട്.

നവംബറില്‍ മൊത്തം ഇറക്കുമതി മുന്‍വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 10.44 ശതമാനവും വര്‍ധിച്ച് 33 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതി 23.24 ശതമാനമാണ് (4.36 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നത്. ഇത് വ്യാപാരക്കമ്മി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയായ 13 ബില്യണ്‍ ഡോളറിലെത്തുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10.33 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരക്കമ്മി.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് കയറ്റുമതി വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കരുതിയിരുന്നത്. ഇതിന് മുമ്പ് 2014 നവംബറിലാണ് രൂക്ഷമായ വ്യാപാരക്കമ്മി നേരിട്ടത്. 16.86 ബില്യണ്‍ ഡോളറാണ് അന്ന് വ്യാപാരക്കമ്മി രേഖപ്പെടുത്തിയത്.

കയറ്റുമതി വര്‍ധിച്ചത് സന്തോഷം തരുന്നുവെങ്കിലും ആഗോളതലത്തില്‍ അനുഭപ്പെടുന്ന അനിശ്ചിതാവസ്ഥ വെല്ലുവിളി തന്നെയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്‌ഐഇഒ) ചൂണ്ടിക്കാട്ടുന്നു. യുഎസ് പലിശ നിരക്ക് വര്‍ധിച്ചതും ഇന്ത്യയിലെ നോട്ട് അസാധുവാക്കലും വരുംമാസങ്ങളില്‍ കയറ്റുമതിയിലെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് എഫ്‌ഐഇഒ പ്രസിഡന്റ് എസ്‌സി റാല്‍ഹാന്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തിന്റെ മെര്‍ച്ചന്‍ഡൈസ് എക്‌സ്‌പോര്‍ട്ട് 0.10 ശതമാനം (174.92 ബില്യണ്‍ ഡോളര്‍) വര്‍ധിച്ചു. ഈ രംഗത്തെ ഇറക്കുമതി 8.44 ശതമാനം (241.1 ബില്യണ്‍ ഡോളര്‍) കുറയുകയും ചെയ്തു. ഇത് ഈ രംഗത്തെ വ്യാപാരക്കമ്മി 66.17 ബില്യണ്‍ ഡോളറായി കുറയുന്നതിന് ഇടയാക്കി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈ മേഖലയിലെ വ്യാപാര കമ്മി 88.57 ബില്യണ്‍ ഡോളറായിരുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ എണ്ണ ഇറക്കുമതി 5.89 ശതമാനവും (6.83 ബില്യണ്‍ ഡോളര്‍) എണ്ണയിതര ഇറക്കുമതി 11.7 ശതമാനവും (26.18 ബില്യണ്‍ ഡോളര്‍) വര്‍ധിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy