നോട്ട് അസാധുവാക്കലും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പും

നോട്ട് അസാധുവാക്കലും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പും

 

അടുത്ത വര്‍ഷമാദ്യം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായക്ക് യുപിയില്‍ ഇപ്പോള്‍ മങ്ങലേല്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍. കശ്മീരില്‍ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ ആര്‍മി നടത്തിയ മിന്നലാക്രമണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ മികച്ചതാക്കിയിരുന്നു ഉത്തര്‍ പ്രദേശില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടാകുമെന്നും സ്വാഭാവികമായി വിലയിരുത്തല്‍ വന്നു.

എന്നാല്‍ അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കള്ളപ്പണത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കായ നോട്ട് അസാധുവാക്കല്‍ നടപടി, ഒരു മാസം പിന്നിട്ടപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നുവെന്നാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

നോട്ട് പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ അതൃപ്തി അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുമായി സംസ്ഥാനത്തെ ആര്‍എസ്എസിലെയും ബിജെപിയിലെയും ഒരു വിഭാഗം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന അസംതൃപ്തി വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുഫലത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത അവര്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുമുണ്ടെന്നാണ് വിവരം.
കള്ളപ്പണവും കണക്കില്ലാത്ത പണവും തടയുന്നതിനായി 500, 1000 നോട്ടുകള്‍ അസാധുവാക്കിയ ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിര്‍പ്പുകളെ എങ്ങനെ പ്രതിരോധിക്കാമെന്ന് ആലോചിക്കുന്നതിനായി ഡെല്‍ഹിയിലും ലക്‌നൗവിലും ചേര്‍ന്ന യോഗത്തിലാണ് ആര്‍എസ്എസും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിമാരും തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.

രണ്ട് ഡസനില്‍ അധികം എംപിമാര്‍മാര്‍ നോട്ട് അസാധുവാക്കല്‍ നടപടി പാര്‍ട്ടിയുടെ കുതിപ്പിനെ പിന്നോട്ട് വലിക്കാന്‍ കാരണമാകുമെന്ന അഭിപ്രായം ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് പങ്കുവെച്ചതായാണ് വിവരം. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 36 എംപിമാരുമായി അമിത് ഷാ കഴിഞ്ഞ ദിവസം കൂടികാഴ്ച നടത്തിയിരുന്നു.

ആവശ്യത്തിന് പണം എടിഎമ്മില്‍ നിന്ന് ലഭിക്കാത്തതിലും പണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഘു ഉദ്യോഗ് ഭാരതി സംഘടിപ്പിച്ച വ്യവസായികളുടെ സെമിനാറിലും ഇതേ അഭിപ്രായം ഉയര്‍ന്നുവന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തുടരണമെങ്കില്‍ ഉത്തര്‍ പ്രദേശില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതിന്റെ ആവശ്യകത പാര്‍ട്ടി നേതൃത്വത്തെ ആര്‍എസ്എസ് ഓര്‍മപ്പെടുത്തിയെന്നാണ് സംഘപരിവാറിനുള്ളിലെ സംസാരം.

നിലവില്‍ സംസ്ഥാനം ഭരിക്കുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങുന്നത്. ഇത് ബിജെപിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് പ്ര ഖ്യാപിച്ചത് തങ്ങളുടെ സഖ്യത്തിന് 403ല്‍ 300 സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ സഖ്യത്തിന് ഇതുവരെ പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് അന്തിമാനുമതി നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പാര്‍ട്ടി മുലായം സിംഗ് യാദവിനോടൊപ്പം കൂടാന്‍ തീരുമാനിച്ചത്. നവംബറില്‍ പ്രശാന്ത് കിഷോര്‍ മുലായവുമായി കൂടിക്കാഴ്ച്ച നടത്തി തെരഞ്ഞെടുപ്പ് സഖ്യം ചര്‍ച്ച ചെയ്തിരുന്നു. എന്തുവില കൊടുത്തും ബിജെപി അധികാരത്തിലെത്തുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ഉത്തര്‍ പ്രദേശില്‍ ജയിക്കേണ്ടത് ബിജെപിയെയും മോദിയെയും സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കാഷ്‌ലെസ് ഇക്കോണമിയെക്കാളും നോട്ട് അസാധുവാക്കലില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണന. തോറ്റാല്‍ അത് മോദിയുടെ ഭരണത്തിന്റെയും വികസനനയങ്ങളുടെയും വേഗം കുറയ്ക്കും.

Comments

comments

Categories: Editorial