ബ്രെക്‌സിറ്റ്: കൗണ്ട്ഡൗണ്‍ ആരംഭിച്ചു കൊള്ളാന്‍ ബ്രിട്ടനോട് ഇയു

ബ്രെക്‌സിറ്റ്: കൗണ്ട്ഡൗണ്‍ ആരംഭിച്ചു കൊള്ളാന്‍ ബ്രിട്ടനോട് ഇയു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍(ഇയു) നിന്നും അംഗത്വം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി നാലുമാസത്തിനകം ചര്‍ച്ച ആരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വ്യാഴാഴ്ച സമ്മതം അറിയിച്ചു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ അംഗത്വം ഉപേക്ഷിക്കുന്ന നടപടികള്‍ ത്വിരഗതിയില്‍ പുരോഗമിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍ നടപടിയിലൂടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു യൂണിയനില്‍നിന്നും പിന്മാറാന്‍ പ്രേരണയാകരുത്. ഇത് മുന്‍കൂട്ടി അറിഞ്ഞായിരിക്കണം യുകെയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടതെന്നു നേതാക്കള്‍ക്കു യൂറോപ്യന്‍ യൂണിയന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ജൂണിലാണു യുകെയില്‍ ജനഹിതം നടന്നത്. ഫലം പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും നിലപാട്. ഇതേത്തുടര്‍ന്നാണു യുകെ-ഇയു ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചത്.
അംഗത്വം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ 2017 മാര്‍ച്ച് മാസത്തോടെ ആരംഭിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തി കഴിയുമ്പോള്‍ മാത്രമായിരിക്കും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം പൂര്‍ണമായും ഉപേക്ഷിക്കാന്‍ സാധിക്കുന്നത്. ലിസ്ബന്‍ ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 50ാം വകുപ്പാണ് അംഗത്വം ഉപേക്ഷിക്കാന്‍ യുകെ പ്രയോഗിക്കേണ്ടത്. ആര്‍ട്ടിക്കിള്‍ പ്രയോഗിക്കുന്നതിനു മുന്‍പു വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. 2017 മാര്‍ച്ച് മാസം അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് യുകെ തീരുമാനിക്കുന്നത്.
2019 മെയ് മാസം യൂറോപ്യന്‍ യൂണിയനില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനു മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്ന് യൂറോപ്യന്‍ യൂണിയനും ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് ബ്രെക്‌സിറ്റ് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ലണ്ടനിലെ കോടതി പരാമര്‍ശം നടത്തുകയാണെങ്കില്‍ ഇയു-യുകെ ചര്‍ച്ച ആരംഭിക്കുന്നതില്‍ വീണ്ടും കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.

Comments

comments

Categories: World