സാഗര്‍ രത്‌നയെ തിരികെ വാങ്ങാന്‍ ജയറാം ബനാന്‍

സാഗര്‍ രത്‌നയെ തിരികെ  വാങ്ങാന്‍ ജയറാം ബനാന്‍

 

ന്യൂഡെല്‍ഹി: റെസ്റ്റോറന്റ് ശൃംഖലയായ സാഗര്‍ രത്‌നയുടെ ഉടമ ജയറാം ബനാന്‍ കമ്പനിയുടെ 90 സ്‌റ്റോറുകളെ ഫണ്ട് അഡൈ്വസറായ ഇന്ത്യന്‍ ഇക്വിറ്റി പാര്‍ട്ണറില്‍ (ഐഇപി) നിന്ന് തിരികെ വാങ്ങാന്‍ തയാറെടുക്കുന്നു. 2011 ലാണ് ഐഇപി ഏകദേശം 180 കോടി രൂപയ്ക്ക് സാഗര്‍ രത്‌നയിലെ 75 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും എത്രയും വേഗം കരാറിലെത്തുമെന്നും കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
റെസ്റ്റോറന്റിന്റെ നിലവാരത്തെക്കുറിച്ച് ബനാനുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഐഇപി ഫണ്ട് ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയിലെ ഓഹരികള്‍ ഈ വര്‍ഷം മധ്യത്തോടെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓഹരികള്‍ വാങ്ങുന്നതിന് മറ്റൊരാളെ കണ്ടെത്താന്‍ ഐഇപിക്ക് കഴിഞ്ഞില്ല. ആവശ്യപ്പെട്ട തുകയ്ക്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതിന് സന്നദ്ധതയുള്ള ഒന്നിലധികം നിക്ഷേപകരെ കണ്ടെത്താനും അവര്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് വാങ്ങിയതിനെക്കാള്‍ 35-40 ശതമാനം കുറഞ്ഞ തുകയ്ക്ക് സാഗര്‍ രത്‌നയിലെ ഓഹരികള്‍ ബനാന് തിരിച്ചു വില്‍ക്കാന്‍ കമ്പനി തയാറെടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഐഇപി നേരിട്ടും ഫ്രാഞ്ചൈസികളിലൂടെയുമാണ് സാഗര്‍ രത്‌ന റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. റെസ്റ്റോറന്റുകളുടെ നടത്തിപ്പിന് ഐഇപി സ്‌കാന്‍ഡേഴ്‌സ് ഇക്വിറ്റീസ് എന്ന പേരില്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളും സ്ഥാപിച്ചിരുന്നു.
1986 ല്‍ ഡെല്‍ഹിയിലാണ് ജയറാം ബനാന്‍ സാഗര്‍ രത്‌ന സ്ഥാപിച്ചത്. ഇപ്പോള്‍ സ്വാഗത് എന്ന മറ്റൊരു ദക്ഷിണേന്ത്യന്‍ ഹോട്ടല്‍ ശൃംഖലയും അദ്ദേഹം പ്രവര്‍ത്തിപ്പിച്ചുവരുന്നു.
കുറച്ചു കാലങ്ങളായി സാഗര്‍ രത്‌ന റെസ്റ്റോറന്റ് ശൃംഖലകളില്‍ ഗുണമേന്മ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഭക്ഷണത്തിന് ഗുണമേന്മയില്ലെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ ഡെല്‍ഹിയില്‍ കമ്പനിക്കു കീഴിലുള്ള ഒരുകൂട്ടം ഭക്ഷണശാലകള്‍ അധികൃതര്‍ അടച്ചുപൂട്ടുകയുണ്ടായി. ഗാര്‍മെന്റ് ഫാക്റ്ററി പോലെയോ അതല്ലെങ്കില്‍ പാക്കേജ്ഡ് ഫുഡ്‌സ് പോലെയോ റെസ്‌റ്റോറന്റ് ശൃംഖല പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന് റീട്ടെയ്ല്‍ കണ്‍സള്‍ട്ടന്‍സിയായ വസീര്‍ അഡൈ്വസേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ഹര്‍മിന്ദര്‍ സാഹ്നി ചൂണ്ടിക്കാട്ടി.
സാഗര്‍ രത്‌നയില്‍ വര്‍ഷങ്ങളായി നിക്ഷേപകരും ഉടമസ്ഥനും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. വ്യാജ ആധാരമുണ്ടാക്കല്‍, വഞ്ചന എന്നിവ ആരോപിച്ച് ഐഇപിക്കെതിരെ ബനാന്‍ കേസു കൊടുത്തിരുന്നു. ഐഇപി ഏറ്റെടുത്തതിനു ശേഷം സാഗര്‍ രത്‌നയുടെ ബ്രാന്‍ഡ് മൂല്യവും കാര്യക്ഷമതയും കുറഞ്ഞെന്ന് ബനാന്‍ കുറ്റപ്പെടുത്തി. റെസ്റ്റോറന്റ് ശൃംഖലയില്‍ ജയറാം ബനാന് 22.7 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

Comments

comments

Categories: Branding