വ്യോമയാന സഹകരണം: ആറ് രാജ്യങ്ങളുമായി  കരാര്‍ 

വ്യോമയാന സഹകരണം:  ആറ് രാജ്യങ്ങളുമായി  കരാര്‍ 

 
ന്യൂഡെല്‍ഹി: ആറ് മെട്രോ എയര്‍പോര്‍ട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് ശ്രീലങ്ക, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, ജമൈക്ക, ഗയാന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ വിമാനക്കമ്പനികളുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടു. നാഷണല്‍ സിവില്‍ ഏവിയേഷന്‍ നയം 2016 പ്രകാരമുള്ള ഓപ്പണ്‍ സ്‌കൈസ് എഗ്രിമെന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ ഉടമ്പടി ഇന്ത്യയും ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും വിമാനയാത്രികര്‍ക്കും ഉത്തേജനം പകരുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ബഹമാസിലെ നാസുവില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ചര്‍ച്ച (ഐസിഎഎന്‍)യുടെ വേളയിലാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ ആറ് മെട്രോ എയര്‍പോര്‍ട്ടുകളില്‍ പരിധിയില്ലാതെ വിമാന സര്‍വീസ് നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ കരാര്‍. ഐസിഎഎന്നില്‍ പങ്കെടുത്ത 12 രാജ്യങ്ങളുമായി വിവിധ ധാരണാ പത്രങ്ങള്‍ ഇന്ത്യ ഒപ്പിട്ടതായും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത് കൂടാതെ, സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യ ഒമാനുമായും വീണ്ടും കൂടിയാലോചന നടത്തി. ആഴ്ചയിലെ സീറ്റുകളുടെ എണ്ണം 8000 ആയി ഉയര്‍ത്താന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലും ധാരണയായിട്ടുണ്ടെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഘാനയ്ക്ക് അനുവദിച്ചിട്ടുള്ള പ്രതിവാര ഫ്‌ളൈറ്റ് ഫ്രീക്വന്‍സി (നിശ്ചിത സമയത്ത് സര്‍വീസിന് അനുവദിക്കുന്ന വിമാനങ്ങളുടെ എണ്ണം) രണ്ടില്‍ നിന്ന് ഏഴായി വര്‍ധിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു. ഒന്‍പത് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും എയര്‍ലൈനുകള്‍ തമ്മിലെ സീറ്റ് പങ്കിടല്‍ സാധ്യമാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടുകള്‍ തയാറാക്കുന്നതിന് ഇതു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy

Related Articles