വ്യോമയാന മേഖലയില്‍ 20 ശതമാനം വളര്‍ച്ച

വ്യോമയാന മേഖലയില്‍ 20 ശതമാനം വളര്‍ച്ച

 

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തെ മിക്ക വ്യാവസായിക മേഖലകളെയും പ്രതിസന്ധിയിലാക്കിയെങ്കിലും രാജ്യത്ത് വ്യോമയാന മേഖലയ്ക്ക് നവംബറിലുണ്ടായത് നേട്ടം. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.6 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ വ്യോമയാന മേഖല കഴിഞ്ഞമാസം കൈവരിച്ചത്. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
വിവിധ വിമാന കമ്പനികളുടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 6.3 മില്യണ്‍ ആളുകള്‍ വിമാനത്തില്‍ യാത്ര ചെയ്തുവെങ്കില്‍ ഇക്കഴിഞ്ഞ മാസത്തില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 7.7 മില്യണായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ദീപാവലി നവംബറിലായിരുന്നതിനാല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിനെ അടിസ്ഥാനമാക്കിയിട്ടും ഇത്തവണ 20.6 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞതിലൂടെ നോട്ട് അസാധുവാക്കല്‍ വ്യോമയാന മേഖലയെ തീരെ ബാധിച്ചിട്ടില്ലെന്നുവേണം കരുതാനെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നവംബര്‍ 8 ന് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് കുറച്ച് ദിവസങ്ങളില്‍ വിമാന ടിക്കറ്റ് ബുക്കിംഗ് കുറഞ്ഞെങ്കിലും പിന്നീട് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. തുടര്‍ദിവസങ്ങളില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വിമാന കമ്പനികള്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധന ശ്രദ്ധേയമാണെന്ന് വിനോദസഞ്ചാര മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തി. പല കാരണങ്ങളാല്‍ നവംബറില്‍ വിമാനയാത്രാ നിരക്കുകള്‍ കുറവായിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇത് കാരണമായതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിമാന കമ്പനികള്‍ നിരവധി ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതും വളര്‍ച്ചയെ സഹായിച്ചിരിക്കുമെന്ന് യാത്ര ഡോട്ട് കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശരത് ധല്‍ പറഞ്ഞു. നോട്ട് ഉപയോഗിച്ച് വളരെ ചെറിയൊരു ശതമാനം ബുക്കിംഗ് മാത്രമേ വ്യോമയാന മേഖലയില്‍ നടക്കുന്നുള്ളൂ എന്നതാണ് കറന്‍സി ക്ഷാമം ബാധിക്കാത്തതിന് ഏറ്റവും പ്രധാന കാരണമായി കണക്കാക്കാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം എണ്‍പത് ശതമാനത്തോളം ബുക്കിംഗ് ഡിജിറ്റലായാണ് നടത്തുന്നത്. ഏജന്റുമാര്‍ മുഖേന നടക്കുന്ന ബാക്കി ഇരുപത് ശതമാനം ബുക്കിംഗിലും വലിയൊരു ശതമാനം ഡിജിറ്റലായാണ് അന്തിമമായി നിര്‍വഹിക്കപ്പെടുന്നതെന്ന് ധല്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy