എടിഎം നിറയ്ക്കുന്നില്ല; ബാങ്കുകള്‍ പണം ഇടപാടുകാര്‍ക്കായി മാറ്റിവെക്കുന്നു

എടിഎം നിറയ്ക്കുന്നില്ല; ബാങ്കുകള്‍ പണം ഇടപാടുകാര്‍ക്കായി മാറ്റിവെക്കുന്നു

 
മുംബൈ: എടിഎമ്മുകളില്‍ പണമില്ലാത്തതിന് കറന്‍സി ക്ഷാമം മാത്രമല്ല കാരണമെന്നും ബാങ്കുകള്‍ ലഭ്യമാകുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ രീതി കൂടിയാണെന്നും വിലയിരുത്തല്‍. റിസര്‍വ് ബാങ്കില്‍ നിന്നു ലഭിക്കുന്ന പണം പരമാവധി സ്വന്തം ഇടപാടുകാര്‍ക്ക് ലഭ്യമാക്കാനാണ് ഓരോ ബാങ്ക് ബ്രാഞ്ചും ശ്രമിക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഒരു മാസം പിന്നിട്ടിട്ടും എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്ക് കുറയാത്തതിന് ഇതും കാരണമാകുകയാണ്.

കേന്ദ്ര ബാങ്ക് ബാങ്കുകളിലെത്തിക്കുന്നതിന്റെ പത്ത് ശതമാനത്തില്‍ കുറവ് പണം മാത്രമെ തങ്ങള്‍ക്ക് ലഭിക്കുന്നുള്ളു എന്നാണ് രാജ്യത്തെ എടിഎം ശൃംഖലകളില്‍ പണം നിറയ്ക്കുന്നതിന്റെ ചുമതലയുള്ള കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാനാകും വിധം രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളെയും റീകാലിബ്രേറ്റ് ചെയ്‌തെങ്കിലും ബാങ്കുകള്‍ പണം വേണ്ടത്ര നിറയ്ക്കാത്തതു കാരണം എടിഎമ്മുകള്‍ കാലിയായി തന്നെ തുടരുകയാണ്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് വന്‍കിട ബാങ്കുകള്‍ വിമുഖത പ്രകടിപ്പിക്കുന്നതോടെ ചെറുകിട ബാങ്കുകളിലെ ഇടപാടുകാരാണ് ഏറെ വലയുന്നത്.

അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി പണപ്രതിസന്ധി മൂലം ജനം നേരിടുന്ന വിഷമതകള്‍ കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാഞ്ചുകളില്‍ പണം പൂഴ്ത്തിവെക്കരുതെന്ന് കര്‍ശന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജനങ്ങളോട് വിശ്വാസ്യത പുലര്‍ത്തണമെന്നും എടിഎമ്മുകളില്‍ പണം നിറയ്ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പട്ടു. എടിഎമ്മുകളില്‍ പണം നിറച്ച് രാജ്യത്തെ മെത്തം ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം ബാങ്കുകള്‍ സ്വന്തം ഉപഭോക്താക്കള്‍ക്കു വേണ്ടി സേവനം നടത്തുന്നത് ഗൗരവപരമാണെന്നാണ് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശാക്തികാന്ത ദാസ് അഭിപ്രായപ്പെട്ടത്. രാജ്യത്ത് നിരവധി എടിഎമ്മുകള്‍ പ്രവര്‍ത്തന സജ്ജമാണ്. 13 ശതമാനം എടിഎമ്മുകള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു എന്ന വാദം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടിഎമ്മുകളില്‍ കൂടി പണം നിറയ്ക്കുന്നതിലും ബാങ്കുകള്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

Comments

comments

Categories: Slider, Top Stories