‘റിപ്പബ്ലിക്കു’മായി ചാനല്‍ യുദ്ധത്തിന് അര്‍ണാബ് ഗോസ്വാമി

‘റിപ്പബ്ലിക്കു’മായി ചാനല്‍ യുദ്ധത്തിന് അര്‍ണാബ് ഗോസ്വാമി

 

ന്യുഡെല്‍ഹി: മാധ്യമ വ്യവസായത്തിലെ പുതുയുദ്ധത്തിന് തയാറെടുത്ത് അര്‍ണാബ് ഗോസ്വാമിയെത്തുന്നു. ഇംഗ്ലീഷ് വാര്‍ത്താ ചനലുകള്‍ ലാഭകരമാകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ പുതിയ സംരംഭവുമായി എത്തുന്ന അര്‍ണാബ് നിലവിലെ ചാനലുകള്‍ക്ക് കടുത്ത ഭീഷണിയാകും എന്നുറപ്പ്. റിപ്പബ്ലിക് എന്നാണ് പുതിയ സംരംഭത്തിന് അര്‍ണാബ് പേര് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന.

ടൈംസ് നൗവിന്റെ എഡിറ്റര്‍ സ്ഥാനത്തു നിന്നു പടിയിറങ്ങിയ ശേഷം പുതുസംരംഭം തുടങ്ങുമെന്ന് അര്‍ണാബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തു വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ മാസം ഒന്നിനാണ് ടൈംസ് നൗ ചീഫ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് അദ്ദേഹം രാജി വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. മുംബൈ ആസ്ഥാനമായിട്ടായിരിക്കും മാധ്യമസ്ഥാപനം പ്രവര്‍ത്തിക്കുകയെന്നും ഒരു പ്രമുഖ ടിവി ഡിസ്ട്രിബൂഷന്‍ നെറ്റ്‌വര്‍ക്കിന് സ്വാധീനമുള്ള അഡ്വടൈസിംഗ് ആന്‍ഡ് മീഡിയ ഗ്രൂപ്പും പുതിയ സംരംഭത്തെ പിന്താങ്ങുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

ടൈംസ് നൗവിലെ ‘ദ ന്യൂസ് അവര്‍ ‘ എന്ന സംവാദ പരിപാടിയിലൂടെയാണ് അര്‍ണബ് ഗോസ്വാമി പ്രശസ്തിയാര്‍ജിക്കുന്നത്. ചാനലിന്റെ ആകെ വരുമാനത്തിന്റെ 60 ശതമാനവും ഈ പ്രോഗ്രമിലൂടെയാണ് ലഭിച്ചിരുന്നത്. രാഷ്ട്രീയം, കായികം, വിനോദം തുടങ്ങിയ മേഖലകളിലെ പ്രശ്‌സതരുമായുള്ള അദ്ദേഹത്തിന്റെ സുശക്തമായ അഭിമുഖങ്ങളും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ കാരണമായി. കൊല്‍ക്കത്തയിലെ ദ ടെലിഗ്രാഫ് പത്രത്തിലൂടെയാണ് അര്‍ണബ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് എന്‍ഡിടിവിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹം ടൈംസ് നൗവിന്റെ ഭാഗമാകുന്നത്. ഇന്ത്യയിലെ ദൃശ്യമാധ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ശൈലി കൊണ്ട് തന്റേതായ സ്ഥാനം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദേശീയതലയിലധിഷ്ഠിതമായ അര്‍ണാബിന്റെ നിലപാടുകള്‍ പലരുടെയും നെറ്റി ചുളിപ്പിക്കുകയും ചെയ്തു. മാധ്യമ ചക്രവര്‍ത്തി റൂപ്പര്‍ട്ട് മര്‍ഡോക്കും പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറും അര്‍ണാബിന്റെ സംരംഭത്തെ പിന്തുണയ്ക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Comments

comments

Categories: Slider, Top Stories