കൃഷിഫാമുകളെ ആധുനികവല്‍ക്കരിക്കും: കൃഷിമന്ത്രി

കൃഷിഫാമുകളെ ആധുനികവല്‍ക്കരിക്കും: കൃഷിമന്ത്രി

 
നേര്യമംഗലം: ജില്ലാ കൃഷിത്തോട്ടം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലും ഫാം സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഫാം വികസനത്തെപ്പറ്റി വ്യക്തമായ നിഗമനത്തിലെത്തിയിട്ടുണ്ടെന്നും, ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ കൃഷിഫാമുകളെയും ആധുനികവല്‍ക്കരിക്കുവാന്‍ ഉള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വെബ്‌കോണിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ആദ്യഘട്ടം നെല്ലിയാമ്പതി ഫാമിനേയും രണ്ടാം ഘട്ടം നേര്യമംഗലം ഫാമിനെയും ആണ് പരിഗണിക്കുന്നത്.

ഫാം പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതാണ്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി താല്‍ക്കാലിക ജീവനക്കാരായി നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഫാം ടൂറിസം വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണം. കര്‍ഷകര്‍ക്ക് മികച്ച പരിശീലനം നല്‍കിയും, ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും ഫാമുകള്‍ ലാഭകരമാക്കണം. പൂര്‍ണമായും ജൈവരീതി അവലംബിച്ച് ജൈവ സര്‍ട്ടിഫിക്കേഷനുള്ള ഫാമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍, മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, ത്രിതല പഞ്ചായത്തംഗങ്ങള്‍, എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീദേവി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു .

Comments

comments

Categories: Business & Economy