‘ഹിമാലയന്‍’ വെല്ലുവിളികള്‍

‘ഹിമാലയന്‍’ വെല്ലുവിളികള്‍

ഏത് കാലാവസ്ഥയിലും ഏത് റോഡിലും ഒരു മടിയുമില്ലാതെ കയറിയിറങ്ങാനുള്ള ശേഷിയാണ് അഡ്വഞ്ചര്‍ ബൈക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ള ബൈക്കുകളില്‍ നിന്നും രൂപ കല്‍പ്പനയിലും ഇവയില്‍ വലിയ മാറ്റമുണ്ട്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ തടിയന്‍മാരാണെങ്കില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ എല്ലാം എലുമ്പന്‍മാരാണ്

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പുതിയ ഒരു സെഗ്‌മെന്റിന് തുടക്കം കുറിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എത്തിയത്. അതായത് കുറഞ്ഞ ചെലവിലുള്ള കുറഞ്ഞ ശേഷിയുള്ള അഡ്വഞ്ചര്‍ ബൈക്ക്. അതുവരെ ഡിസൈനിംഗില്‍ സ്റ്റീരിയോടൈപ്പിക് കാത്തുസൂക്ഷിച്ച് വിമര്‍ശനങ്ങള്‍ നേരിട്ട റോയല്‍ എന്‍ഫീല്‍ഡിന് ഹിമാലയന്‍ എത്തിച്ചതോടെ ഈ വിമര്‍ശനങ്ങളുടെ മുനയൊടിക്കാനായി.
ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ സഞ്ചാരപ്രിയം വര്‍ധിക്കുന്നത് കണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് അഡ്വഞ്ചര്‍ ബൈക്ക് എന്ന പുതിയ ആശയം രൂപീകരിച്ചത്. ഹിമാലയന്‍ എത്തിയതോടെ ദീര്‍ഘദൂര യാത്രകള്‍ക്ക് യാത്രക്കാര്‍ക്ക് പുതിയൊരു സഹയാത്രികനെ കിട്ടി. എല്ലാം കൊണ്ടും സാഹസികരെ ഉദ്ദേശിച്ച് നിര്‍മിച്ച ഹിമാലയന്‍ ഈ സെഗ്‌മെന്റില്‍ വലിയൊരു സാധായ്ത തുറന്നു. ഇതോടെ മറ്റു കമ്പനികളും ഈ വിഭാഗത്തിലേക്ക് തങ്ങളുടെ താരങ്ങളെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു.
ഏത് കാലാവസ്ഥയിലും ഏത് റോഡിലും ഒരു മടിയുമില്ലാതെ കയറിയിറങ്ങാനുള്ള ശേഷിയാണ് അഡ്വഞ്ചര്‍ ബൈക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ള ബൈക്കുകളില്‍ നിന്നും രൂപ കല്‍പ്പനയിലും ഇവയില്‍ വലിയ മാറ്റമുണ്ട്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ തടിയന്‍മാരാണെങ്കില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ എല്ലാം എലുമ്പന്‍മാരാണ്. റൈഡിംഗ് ഏറ്റവും കംഫര്‍ട്ടാക്കുന്നതിനാണ് ഇത്തരത്തിലുള്ള ഡിസൈന്‍. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ബൈക്കുകളുടെ ഈ രൂപകല്‍പ്പനയാണ് ഏറ്റവും അനുയോജ്യമാവുകയെന്നാണ് ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുന്ന ക്ലബ്ബുകള്‍ വ്യക്തമാക്കുന്നത്. കാഴ്ചയില്‍ അത്ര മാസ്‌കുലിന്‍ ലുക്ക് തോന്നുന്നില്ലെങ്കിലും ശേഷിയുടെ കാര്യത്തില്‍ ഇവ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.
പറഞ്ഞു വരുന്നത് ഇന്ത്യന്‍ അഡ്വഞ്ചര്‍ ബൈക്ക് സെഗ്‌മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് ചില വെല്ലുവിളികള്‍ വരാനിരിക്കുന്നുണ്ടെന്നാണ്. ഇന്ന് കാര്യമായ വെല്ലുവിളിയില്ലാതെ വിപണിയില്‍ വിലസുന്ന എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇവര്‍ വരുന്നതോടെ എന്തെല്ലാം മാറ്റം വരുത്തുമെന്ന് കണ്ടറിയാം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചില മോഡലുകളാണ് ഈ പറയുന്നത്.

ktm-390-adventureകെടിഎം 390 അഡ്വഞ്ചര്‍
ഓസട്രേലിയന്‍ കമ്പനി കെടിഎം ഡ്യൂക്ക് 390ന്റെ അഡ്വഞ്ചര്‍ വെര്‍ഷന്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത വര്‍ഷം കമ്പനി പുറത്തിറക്കാനൊരുങ്ങുന്ന കെടിഎം 390 ഡ്യൂക്കിന്റെ പുതിയ ജനറേഷനായാണ് അഡ്വഞ്ചര്‍ ബൈക്ക് എത്തിക്കാന്‍ തയാറെടുക്കുന്നത്. കെടിഎം എന്‍ഡുറോ ആര്‍ റേഞ്ച് മോട്ടോര്‍സൈക്കിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ബൈക്ക് കമ്പനി നിര്‍മിക്കുന്നത്.
സെമി ഫെയ്‌റിംഗ് പാനല്‍ സംയോജിപ്പിച്ച നീളത്തിലുള്ള വിന്‍ഡ് സ്‌ക്രീന്‍, മുന്‍വശത്ത് വലിയ മഡ്ഗാര്‍ഡ് എന്നീ പ്രത്യേകതകളുണ്ടെന്നാണ് ചാരപ്പടങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്‍ജിന് പരിക്കേല്‍ക്കാതിരിക്കാനുള്ള ബാഷ് പ്ലെയ്റ്റ്, പിന്‍സീറ്റിനോട് ചേര്‍ന്ന് ഉയരത്തില്‍ ക്രമീകരിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ്, ഓഫ് റോഡ് പ്രത്യേകതയുള്ള ടയറുകള്‍ എന്നിവയും അഡ്വഞ്ചര്‍ ബൈക്കില്‍ കെടിഎം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 390 കെടിഎം ഡ്യൂക്കിനുള്ള 373 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് അഡ്വഞ്ചറിനും കെടിഎം നല്‍കുക. മുന്‍വശത്ത് 19 ഇഞ്ചും പിന്‍വശത്ത് 17 ഇഞ്ചും ടയറുകളാണുള്ളത്. 2018ലാകും വിപണിയിലെത്തുകയെന്നാണ് സൂചന. യൂറോപ്പില്‍ ഇതിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ നടക്കുന്നുണ്ട്.

bmw-g-310gsബിഎംഡബ്ല്യു ജി 310ജിഎസ്
തങ്ങളുടെ ജിഎസ് സീരീസോടെ അഡ്വഞ്ചര്‍ ബൈക്ക് ലോകത്ത് ഇതിനോടകം തന്നെ വലിയ സ്ഥാനം നേടിയ കമ്പനിയാണ് ബിഎംഡബ്ല്യു. പ്രീമിയം മോട്ടോര്‍ സൈക്കിള്‍ സെഗ്‌മെന്റില്‍ മികച്ച പ്രകടനം നടത്തുന്ന കമ്പനി ആദ്യമായാണ് കുറഞ്ഞ വിലയിലുള്ള ബൈക്കുമായി എത്തുന്നത്. ഇന്ത്യന്‍ കമ്പനി ടിവിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിക്കനുകൂലമായ അഡ്വഞ്ചര്‍ ബൈക്കുണ്ടാക്കി വളര്‍ച്ച കൈവരിക്കുന്ന ഈ സെഗ്‌മെന്റിന്റെ ആരംഭഘട്ടത്തില്‍ തന്നെ നേട്ടമുണ്ടാക്കാനുള്ള പദ്ധതിയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ജി 310ആര്‍ എന്നാണ് ഈ ബൈക്കിന് കമ്പനി പേരിട്ടിരിക്കുന്നത്.
ഈ വര്‍ഷം ആദ്യത്തില്‍ നടന്ന ഇഐസിഎംഎ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ 310ആര്‍ അടിസ്ഥാനമാക്കി നിര്‍മിച്ച അഡ്വഞ്ചര്‍ ടൂറര്‍ പ്രദര്‍ശിപ്പിച്ചതോടെ അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍ ബിഎംഡബ്ല്യു ഒരുങ്ങിത്തന്നെയാണെന്ന് വ്യക്തമാകും. ജി 310 ജിഎസ് യാത്രാക്കാര്‍ക്ക് ഉയര്‍ന്ന സീറ്റിംഗ് പൊസിഷനാണ് പ്രധാനം ചെയ്യുക. മുന്‍വശത്ത് 41 എംഎം ഇന്‍വര്‍ട്ടഡ് ഫോര്‍ക്കുകളും പിന്‍വശത്ത് ക്രമീകരിക്കാവുന്ന മോണോഷോക്ക് ഫോര്‍ക്കുകളും നല്‍കി ദീര്‍ഘദൂര യാത്രകള്‍ക്ക് ജി 310 ജിഎസ് അനുയോജ്യനാണെന്ന് തെളിയിക്കുന്നു.
ലഗേജ് വെക്കാനുള്ള സൗകര്യം, 12 വാട്ട് ചാര്‍ജിംഗ് സോക്കറ്റ് എന്നീ പ്രത്യേകതകളും ജി 310 ജിഎസിനുണ്ട്. 313 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി 4വി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ സാഹസികന് കമ്പനി നില്‍കിയിട്ടുള്ളത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

kawasaki-versys-x-300കവാസാക്കി വേഴ്‌സിസ് എക്‌സ് 300
ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യനായ വേഴ്‌സിസ് എക്‌സ് 300 എത്തിക്കാനിരിക്കുകയാണ് കവാസാക്കി. കാവസാക്കിയുടെ അഡ്വഞ്ചര്‍ ബൈക്കായ വേഴ്‌സിസ് 1000ന്റെ ചെറു പതിപ്പാണ് വേഴ്‌സിസ് എക്‌സ് 300. നിഞ്ജ 300 ല്‍ ഉപയോഗിക്കുന്ന 296 സിസി പാരലര്‍ ട്വിന്‍ എന്‍ജിനാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. വേഴ്‌സിസ് 1000ന്റെ രൂപഗുണങ്ങളുള്ള ബൈക്കിന് മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, പൊക്കം കൂടിയ ഡിസൈന്‍, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, പൊക്കമുള്ള വിന്‍ഡ് സ്‌ക്രീന്‍ എന്നിവ എക്‌സ് 300ന്റെ പ്രത്യേകതകളാണ്. വേഴ്‌സിസ് മോട്ടോര്‍സൈക്കിള്‍ കുടുംബത്തിലെ ഏറ്റവും ഇളയവനായ എക്‌സ്300 ഭാരം കുറഞ്ഞവനാണെങ്കിലും പരുക്കന്‍ റോഡുകള്‍ക്ക് ഏറ്റവും അനുയോജ്യനും കരുത്തന്‍ ലുക്കുമാണ് മുഖ്യം. റൈഡിംഗിനിടയിലുള്ള എന്‍ജിന്‍ ചൂട് കുറയ്ക്കുന്നതിനായുള്ള സംവിധാനമടക്കം നിരവധി കാര്യങ്ങളാണ് കവാസാക്കി വേഴ്‌സിസ് 300 അഡ്വഞ്ചര്‍ ബൈക്കില്‍ ഒരുക്കിയിരിക്കുന്നത്.
ഫുള്‍ടാങ്കാക്കിയാല്‍ 380 കിലോമീറ്ററോളം സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാല് ലക്ഷം രൂപയോളം വില വരുന്ന വേഴ്‌സിസ് എക്‌സ് 300 അടുത്ത വര്‍ഷം പകുതിയില്‍ പ്രതീക്ഷിക്കാം.

suzuki-dl250-v-stromസുസുക്കി ഡിഎല്‍250 വി സ്റ്റോം
കെടിഎം, റോയല്‍ എന്‍ഫീല്‍ഡ്, ബിഎംഡബ്ല്യു എന്നീ കമ്പനികളുടെ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് ഭീഷണിയായി എത്തുന്ന മോഡലാണ് സുസുക്കിയുടെ വി സ്‌റ്റോം 250. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്കുള്ള വി സ്റ്റോം എന്‍ട്രി ലെവല്‍ ബൈക്കാണിത്. സുസുക്കിയുടെ തന്നെ ഇനസുമ 250 അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് വി സ്‌റ്റോം 250. ഒരു ടാങ്ക് പെട്രോളടിച്ചാല്‍ 300 കിലോമീറ്റര്‍ വി സ്‌റ്റോം 250 ഓടിക്കാമെന്ന് സുസുക്കി. 418 പൗണ്ടാണ് തൂക്കം. സീറ്റിന്റെ ഉയരം 31 ഇഞ്ചും.
അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. ജിഎസ്എക്‌സ്-ആര്‍ 250 ഉപയോഗിക്കുന്ന 248 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് വി സ്‌റ്റോം 250നും കരുത്തേകുന്നത്. അഡ്വഞ്ചര്‍ ബൈക്കായത്‌കൊണ്ട് തന്നെ ദീര്‍ഘദൂര യാത്രകള്‍ക്കനുസരിച്ചുള്ള രൂപകല്‍പ്പനയിലാണ് വി സ്റ്റോം 250 ഒരുക്കിയിട്ടുള്ളത്. രണ്ട് ലക്ഷം രൂപയോളമാകും ഇന്ത്യന്‍ വിപണിയില്‍ വില.
അമേരിക്കന്‍ വിപണിയില്‍ ഇതിനോടകം എത്തിയ സ്‌റ്റോമിന് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

benelli-trk-502ബനേലി ടിആര്‍കെ 502
ഇന്ത്യന്‍ പ്രീമിയം ബൈക്ക് വിപണിയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന കമ്പനിയാണ് ബനേലി. ഈ വര്‍ഷം ഡെല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സപോയിലാണ് ഇറ്റാലിയന്‍ കമ്പനി ബനേലി ആദ്യമായി ടിആര്‍കെ 501 അവതരിപ്പിച്ചത്. 500 സിസി പാരലല്‍ ട്വിന്‍ എന്‍ജിന്‍ ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ സംയോജിപ്പിച്ചതാണ്. 47 ബിഎച്ച്പി കരുത്തും 45 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും.
ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ കാണാത്ത രീതിയിലുള്ള രൂപകല്‍പ്പനയിലാണ് ടിആര്‍കെ 502 എത്തുന്നത്. പക്ഷികളുടെ കൊക്കിന് സമാനമായ രീതിയിലാണ് മുന്‍വശം നിര്‍മിച്ചിരിക്കുന്നത്. മറ്റു അഡ്വഞ്ചര്‍ ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായി സിറ്റിംഗ് പൊസിഷന്‍ താഴെയാണ്. സ്പ്ലിറ്റ് സീറ്റുകളും ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീനും ടിആര്‍കെ 502ല്‍ ഉണ്ട്.
മുന്‍വശത്ത് 320 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്‍വശത്ത് 260 എംഎം ഡിസ്‌ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളും ഇതിനുണ്ട്. എക്‌സ്ട്രീം ഓഫ് റോഡുകള്‍ക്ക് യോജിച്ചതല്ലെന്നാണ് കമ്പനി ടിആര്‍കെ 502നെ കുറിച്ച് പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാകും.

honda_crf1000l_africa_twin_ഹോണ്ട ആഫ്രിക്ക ട്വിന്‍

ഏതു നിരത്തിലും ചീറിപ്പായുമെന്ന് പ്രഖ്യാപിച്ചാണ് ഹോണ്ടയുടെ ഓഫ്‌റോഡ് അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ എത്താനിരിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 998 സിസി കോംപാക്റ്റ് ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക്ക് 8 വാല്‍വ് എന്‍ജിനാണ് സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ന്റെ കരുത്ത്. 13 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില.
അമേരിക്കയില്‍ ഇറക്കിയിരിക്കുന്ന മോഡലിലേതുപോലെ 6 സ്പീഡ് മാനുവല്‍ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യന്‍ പതിപ്പെത്തുകയെന്നാണ് സൂചന. കനം കുറഞ്ഞ സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന സെമിഡബിള്‍ ഫ്രെയിം ഏത് പ്രതലത്തിലും റൈഡര്‍ക്ക് അനുകൂലമായ ബാലന്‍സ് നല്‍കുന്നു. ഹോണ്ടയുടെ മനേസര്‍ നിര്‍മാണശാലയില്‍ അസംബിള്‍ ചെയ്തായിരിക്കും ബൈക്ക് വിപണിയിലെത്തുക. ഘടകങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യും. കേട്ടിട്ടില്ലേ, മേക്ക് ഇന്‍ ഇന്ത്യ, അതു തന്നെ സംഗതി. ലോകത്തിലേറ്റവും പ്രചാരമുള്ള അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ആഫ്രിക്ക ട്വിന്‍ ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറക്കല്‍ നീളുകയാണ്. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വാഹനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. ഹോണ്ട ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന രണ്ടാമത്തെ പ്രീമിയം ബൈക്കായിരിക്കും ആഫ്രിക്ക ട്വിന്‍.

Comments

comments

Categories: Auto, Trending