അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ലക്ഷ്യം കാണുമെന്ന് നിരീക്ഷണം

അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ലക്ഷ്യം കാണുമെന്ന് നിരീക്ഷണം

 

മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനവും, പുതിയ പാപ്പരത്ത നിയമവും, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പുകളും അഴിമതിയും വഞ്ചനയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വലിയ അളവില്‍ അറുതി വരുത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന നിയമ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമ്മര്‍ദം വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ഇതിലൂടെ ഇത്തരം പ്രവര്‍ത്തികള്‍ അടിച്ചമര്‍ത്തപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഈ നീക്കങ്ങള്‍ വ്യാപാരത്തെയും ഉപഭോക്താക്കളെയും ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവൈ ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡെസ്പ്യൂട്ട് സര്‍വീസസ് പുറത്തുവിട്ട ഫോറന്‍സിക് ഔട്ട്‌ലുക്ക് 2017 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഴിമതി കുറയ്ക്കുന്നതിലും, കമ്പനികളെ ബിസിനസ് വളര്‍ച്ചയിലേക്ക് നയിക്കുന്നതിലും ബിസനസ് കുടിയേറ്റങ്ങളെ പുനര്‍ നിര്‍വചിക്കുന്നതിലും സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങളെയാണ് റിപ്പോര്‍ട്ടില്‍ മുഖ്യമായും പരിഗണിച്ചിട്ടുള്ളത്. രാജ്യസഭാ യോഗം ശുപാര്‍ശ ചെയ്ത 2013ലെ അഴിമതിവിരുദ്ധ ഭേദഗതി ബില്‍, കള്ളപ്പണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം, ജിഎസ്ടി, വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2017 ഓടെ ഇന്ത്യയുടെ അഴിമതിവിരുദ്ധ പോരാട്ടം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഹ്രസ്വകാലത്തേക്കുള്ള ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയുയര്‍ത്തിയേക്കാം. സംരംഭകര്‍ വ്യക്തിഗത ഉത്തരവാദിത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുക തുടങ്ങിയ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങളും ഈ നീക്കം കൊണ്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സര്‍ക്കാര്‍ പദ്ധതികളും, ശക്തമായ ആഭ്യന്തര ആവശ്യകതയും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും ഇന്ത്യയെ വളര്‍ച്ചയുടെ സഞ്ചാരപഥത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories