ജയരാജിന്റെ വീരത്തിലെ പാട്ട് ഓസ്‌കാര്‍ അവാര്‍ഡിന്റെ പരിഗണനാ പട്ടികയില്‍

ജയരാജിന്റെ വീരത്തിലെ പാട്ട് ഓസ്‌കാര്‍ അവാര്‍ഡിന്റെ പരിഗണനാ പട്ടികയില്‍

 

കൊച്ചി: ജയരാജ് സംവിധാനം ചെയ്ത ‘വീരം’ ചിത്രത്തിലെ പാട്ട് ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡുകളുടെ പരിഗണനാ പട്ടികയില്‍ കടന്നു . ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിലെ ‘വി വില്‍റൈസ്’ എന്ന പാട്ടാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജഫ് റോണയുടേതാണ് സംഗീതം.പശ്ചാത്തല സംഗീതവും റോണയുടെതാണ്.

ഫാന്റം, ട്രാഫിക്, പ്രിന്‍സ് ഓഫ് ഈജിപ്ത് എന്നീ സിനിമകളില്‍പ്രവര്‍ത്തിച്ച റോണ പ്രശസ്ത ഹോളിവുഡ് സിനിമകളായ ഇന്‍സെപ്ഷന്‍, ഇന്റര്‍സെറ്റല്ലാര്‍, ദ ഡാര്‍ക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറുടെ അസോസിയേറ്റായിരുന്നു. ചിത്രത്തിലെ ഗാനം എഴുതി പാടിയിരിക്കുന്നത് കാരി കിമ്മേലാണ്.91 പാട്ടുകളാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.അവസാന മത്സരങ്ങള്‍ക്കായുള്ള അഞ്ച് പാട്ടുകള്‍ ജനുവരി 24 ന് പ്രഖ്യാപിക്കും. ഓസ്‌കാര്‍അവാര്‍ഡ് പ്രഖ്യാപനം ഫെബ്രുവരി 26 നാണ്

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ ബോളിവുഡ് നടന്‍ കുനാല്‍ കപൂറാണ് ചന്തു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവീന ഡാക്കുര്‍, ഹിമാര്‍ഷ , മലയാളിയായ ശിവജിത് നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവരസങ്ങളുടെ പരമ്പരയില്‍ സ്‌നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവയ്ക്ക് ശേഷം ജയരാജിന്റെ അഞ്ചാമത്തെ ചിത്രമാണ് വീരം. അതോടൊപ്പം തന്നെ വില്യം ഷേക്‌സ്പിയറിന്റെ നോവലുകളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ജനുവരിയില്‍ ചിത്രം പുറത്തിറങ്ങും. ചന്ദ്രകലാ ആര്‍ട്ട്‌സിന്റൊ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

എല്ലോറാ ഗുഹകള്‍, ഔറംഗബാദ്, ആഗ്ര, ഫത്തേപൂര്‍സിക്രി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

ഓസ്‌കാര്‍ ജേതാവായ ട്രിഫോര്‍ പ്രൗഡ് ആണ് മേക്കപ്പ്. ഗ്ലാഡിയേറ്ററും സ്റ്റാര്‍വാര്‍സും ചെയ്ത ആളാണ് ട്രിഫോര്‍ പ്രൗഡ്. സ്‌പൈഡര്‍മാന്‍, ടൈറ്റാനിക് ഹാരിപോര്‍ട്ടര്‍ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്. ഒപ്പം എസ് കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയാണ്. സൗണ്ട് മിക്‌സിംഗ് സിനോയ്.

Comments

comments

Categories: Movies, Trending