വിശുദ്ധ നഗരത്തിലെ വിഷമയ അന്തരീക്ഷം

വിശുദ്ധ നഗരത്തിലെ വിഷമയ അന്തരീക്ഷം

വിശുദ്ധ നഗരമായ വാരണാസിയിലാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ വായു ഉള്ളത്. എന്നുമാത്രമല്ല ഡെല്‍ഹിയേക്കാള്‍ മോശമായ അന്തരീക്ഷ വായുവുള്ള നിരവധി വടക്കേ ഇന്ത്യന്‍ നഗരങ്ങളുണ്ടെന്ന് ഇന്ത്യസ്‌പെന്‍ഡ് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തരേന്ത്യന്‍ നഗരങ്ങളായ വാരണാസിയും അലഹബാദും 2015ല്‍ ഭൂരിഭാഗം ദിവസങ്ങളിലും നല്ല വായു ശ്വസിച്ചില്ല (263 ദിവസങ്ങള്‍ നിരീക്ഷിച്ചതില്‍ 227ലും). 2015ലെ കണക്കുകള്‍ അടിസ്ഥാനമാക്കി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) 2016 ജൂണില്‍ പുറത്തുവിട്ട വിവരങ്ങളെ ആധികരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം വാരണാസിയിലെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ (പിഎം 2.5 എന്നു വിളിക്കപ്പെടുന്ന കണികകള്‍)അളവ് ദേശീയ വായു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പറയപ്പെടുന്നു.

സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി ഡെവലപ്‌മെന്റ്, ഇന്ത്യസ്‌പെന്‍ഡ്, കെയര്‍ഫോര്‍എയര്‍ എന്നിവ (സീഡ്) ‘വാരണാസി ശ്വാസംമുട്ടുന്നു’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്തരീക്ഷത്തില്‍ അനുവദിച്ചിരിക്കുന്ന പൊടിപടലങ്ങളുടെ ഇന്ത്യയിലെ അളവ് 2.5 മൈക്രോണ്‍സിന് താഴെയാണ് അല്ലെങ്കില്‍ ക്യൂബിക് മീറ്ററിന് ഒരു മൈക്രോഗ്രാം എന്ന കണക്കിലാണ്. ഇത് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന അളവിനേക്കാള്‍ വളരെയധികം കൂടുതല്‍ വരും.

വടക്കേ ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ ഇത്രയും മോശമായ അന്തരീക്ഷ മലിനീകരണം നിലനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഡെല്‍ഹിയില്‍ മാത്രം ഇത്രയും വലിയ ജനശ്രദ്ധയുണ്ടാകുന്നുവെന്നതും റിപ്പോര്‍ട്ട് അന്വേഷിക്കുന്നുണ്ട്.  2016 നവംബര്‍ മുതല്‍ ഇന്ത്യസ്‌പെന്‍ഡിന്റെ, ശ്വസന വായു ഗുണമേന്മ മാപിനികള്‍ (ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള 16 നഗരങ്ങളില്‍ ഉണ്ട്), ആഗ്ര, ലക്‌നൗ, കാണ്‍പൂര്‍, അലഹബാദ്, വാരണാസി എന്നിവയ്‌ക്കൊപ്പം ഉത്തര്‍പ്രദേശിലെ 25 മോണിറ്ററിംഗ് സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ നല്‍കുന്ന കണക്കുകള്‍ പ്രകാരം, ഇവിടങ്ങളിലെ അന്തരീക്ഷ വായുവിന്റെ നില വളരെ പരിതാപകരമാണ്. ആരോഗ്യവാനായ ഒരാളെപ്പോലും ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് തള്ളിവിടാന്‍ മാത്രം വിഷമയമാണ് ഇവിടങ്ങളിലെ അന്തരീക്ഷം.

2.5 പിഎം പൊടിപടലങ്ങള്‍ എന്നുള്ളത് മനുഷ്യന്റെ തലമുടിയുടെ വലുപ്പത്തേക്കാള്‍ 30 മടങ്ങ് ചെറുതാണ്. ഇവ വളരെ എളുപ്പത്തില്‍ ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കപ്പെടും. കൂടാതെ, ഹൃദയ സ്തംഭനം, സ്‌ട്രോക്ക്, ശ്വാസകോശ കാന്‍സര്‍, മറ്റ് ശ്വസന സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകും. മനുഷ്യന്റെ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, വായു മലിനീകരണത്തില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിന് ഏറ്റവും മികച്ച സൂചകങ്ങളാണ് ഇവ.ലോകാരോഗ്യ സംഘടന തയാറാക്കിയ ലിസ്റ്റില്‍ ഏറ്റവും മോശമായ അന്തരീക്ഷ വായുവുള്ള നഗരങ്ങളില്‍ വാരണാസി ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സി നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മോശമായ മൂന്ന് നഗരങ്ങളില്‍ ഉള്‍പ്പെടും അത്.

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ 2016ലെ ലോകത്തിലെ ഏറ്റവും മലിനീകരണപ്പെട്ട 20 നഗരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഇതില്‍ ഏറ്റവും മോശമായ അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയ നാലു നഗരങ്ങളായ അലഹബാദ്, കാണ്‍പൂര്‍, ഫിറോസാബാദ്, ലക്‌നൗ എന്നിവ ഉത്തര്‍ പ്രദേശില്‍ നിന്നുമാണ്. ഇതില്‍ വാരണാസി ഉള്‍പ്പെട്ടിട്ടില്ല. സിപിസിബി ബുള്ളറ്റിന്‍ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണ പ്രശ്‌നം നേരിടുന്ന മൂന്നു നഗരങ്ങളില്‍ ഒന്ന്.

സിപിസിബിക്ക് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അറിയുന്നതിനുള്ള മൂന്ന് മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ വാരണാസിയില്‍ ഉണ്ട്. അതില്‍ ഒന്നിനു മാത്രമെ 2.5 പിഎം അളവ് എടുക്കാന്‍ സാധിക്കൂ. ഒരെണ്ണം പോലും വായു ഗുണമേന്മ സൂചിക (എക്യുഐ)-അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വിവിധ പദാര്‍ത്ഥങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന സംവിധാനം പ്രദാനം ചെയ്യുന്നുമില്ല.  അതേസമയം, ഡെല്‍ഹിയില്‍ 13 ഓണ്‍ലൈന്‍ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. എല്ലാ ദിവസവും എക്യുഐ സ്‌കോറുകള്‍ അറിയാന്‍ കഴിയുന്ന 10 പിഎം, 2.5 പിഎം മോണിറ്ററിംഗ് സ്റ്റേഷനുകളും ഇവിടെയുണ്ട്.

അന്തരീക്ഷ വായുവിന്റെ ഗുണമേന്മയറിയുന്നതിനുള്ള മോണിറ്ററിംഗ് സ്‌റ്റേഷനുകള്‍ മാത്രമല്ല വാരണാസിയില്‍ ഇല്ലാത്തതെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. സമയബന്ധിതമായി 10 പിഎം മൂല്യം രേഖപ്പെടുത്തുന്നതില്‍ ഇടവേളകള്‍ ഉണ്ടാകുന്നുണ്ടെന്നും അവ വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ വാരണാസിയില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് വളരെ അത്യാവശ്യമാണ്. നഗരത്തിലെ ശ്വാസകോശ രോഗങ്ങളില്‍ എട്ട് മടങ്ങ് വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ഇവിടത്തെ ശിശുരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്തരീക്ഷ മലിനീകരണമാണ് ഇതിന് പ്രധാന കാരണം-സ്വതന്ത്ര ഗവേഷകയായ ഐശ്വര്യ മദിനേനി പറഞ്ഞു.  ഇന്തോ-ഗംഗാ തടങ്ങളിലെ ഉയര്‍ന്ന അളവിലുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ഇവിടെ വീശുന്ന കാറ്റിന്റെ ഗതിയില്‍, പ്രത്യേകിച്ച് തണുപ്പ് കാലത്ത് വ്യത്യാസമുണ്ടായതും, അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിന് കാരണമായിട്ടുണ്ട്. കാറ്റിന്റെ ഗതി മാറിയത് വൈദ്യുത നിലയങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വസ്തുക്കള്‍ കിലോ മീറ്ററുകളോളം ദൂരത്തേക്കെത്തിച്ചേരുന്നതിന് കാരണമായിത്തീരുന്നു.

വ്യവസായ ശാലകളും വൈദ്യുത നിലയങ്ങളും മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന സ്രോതസുകള്‍. ബയോമാസ് കത്തിക്കുന്നത് (സീസണല്‍ ആണ്), വീടുകളില്‍ നിന്നുള്ള പുറന്തള്ളലുകള്‍ (ബയോഇന്ധനം), വാഹനങ്ങളില്‍ നിന്നു പുറന്തള്ളുന്ന പുക, ഇഷ്ടിക ചൂള, ഡിജി സെറ്റുകള്‍ എന്നിവയും ഇന്തോ-ഗംഗ പ്രദേശത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണക്കാരാണ്-ഡെല്‍ഹി ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറായ സാഗ്നിക് ദെ, വാരണാസിയില്‍ സംഘടിപ്പിച്ച ഒരു ശില്‍പ്പശാലയ്ക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് വാരണാസിക്ക് ഒരു സമഗ്ര ആക്ഷന്‍ പ്ലാന്‍ ഇല്ല. അന്തരീക്ഷ മലനീകരണം താഴ്ത്തുന്നതിന് വളരെ പെട്ടെന്ന് ഇടപെടലുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളല്ല വേണ്ടത്. വായു ഗുണമേന്മ വര്‍ധിപ്പിക്കാന്‍ നഗരങ്ങളും സംസ്ഥാനമൊട്ടാകെയും ഒന്നിച്ചു നിന്ന് കര്‍മ്മ പദ്ധതി തയാറാക്കണം-കെയര്‍ഫോര്‍എയറിന്റെ പ്രധാന പ്രചാരകരിലൊരാളായ ഏക്താ കപൂര്‍ വ്യക്തമാക്കി.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special