ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം: മൊയീന്‍ അലിക്ക് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്

ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം:  മൊയീന്‍ അലിക്ക് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്

 

ചെന്നൈ: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിവസം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 284 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി മൊയീന്‍ അലിയും (120) അഞ്ച് റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍.

ഇംഗ്ലണ്ട് നിരയില്‍ നിന്നും അലൈസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്‌സ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇംഗ്ലണ്ട് ക്യാപ്റ്റനായ അലൈസ്റ്റര്‍ കുക്ക് പത്ത് റണ്‍സെടുത്ത് നില്‍ക്കവെയാണ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ടീം ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിക്ക് പിടികൊടുക്കുകയായിരുന്നു.

പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേലിന് ക്യാച്ച് നല്‍കിയാണ് കീറ്റണ്‍ ജെന്നിംഗ്‌സ് പുറത്ത് പോയത്. ഒരു റണ്‍സായിരുന്നു കീറ്റണ്‍ ജെന്നിംഗ്‌സിന്റെ സമ്പാദ്യം. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് ജോ റൂട്ടും മൊയീന്‍ അലിയും ചേര്‍ന്നായിരുന്നു.

144 പന്തുകളില്‍ നിന്നും 88 റണ്‍സെടുത്താണ് ജോ റൂട്ട് പുറത്തായത്. ജഡേജയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേലിന്റെ കൈയില്‍ കുടുങ്ങിയാണ് ജോ റൂട്ട് മടങ്ങിയത്. തുടര്‍ന്നെത്തിയ ജോണി ബെയര്‍സ്‌റ്റോ 49 റണ്‍സിനാണ് പുറത്തായത്. ജഡേജയുടെ പന്തിനെ പ്രതിരോധിച്ച ബെയര്‍സ്‌റ്റോയുടെ ഷോട്ട് ലോകേഷ് രാഹുല്‍ ക്യാച്ച് ചെയ്യുകയായിരുന്നു. 222 പന്തുകളില്‍ നിന്നായിരുന്നു മൊയീന്‍ അലിയുടെ 120 റണ്‍സ് നേട്ടം.

രണ്ട് മാറ്റങ്ങളോടെയായിരുന്നു ടീം ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മയും ജയന്ത് യാദവിന്റെ ഒഴിവില്‍ അമിത് മിശ്രയുമാണ് കളത്തിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യമായിട്ടായിരുന്നു ഇഷാന്ത് കളത്തിലിറങ്ങിയത്. ഇംഗ്ലണ്ട് നിരയില്‍ ഓള്‍ റൗണ്ടര്‍ ക്രിസ് വോ്കസിന് പകരം സ്പിന്നറായ ലിയാം ഡോസനെ ഉള്‍പ്പെടുത്തി.

വിശ്രമത്തിലായിരുന്ന സ്റ്റുവാര്‍ട്ട് ബ്രോഡും തിരിച്ചെത്തി. അതേസമയം, തോളിന് പരിക്കേറ്റ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണിനെ ഇംഗ്ലണ്ടിന് നഷ്ടമായി. ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-0ത്തിന് ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Sports