മിസ്ട്രിയെ ചെറുക്കാന്‍: സ്വതന്ത്ര ഡയറക്റ്റര്‍ വിഷയത്തില്‍ നിയമാഭിപ്രായം തേടി ടാറ്റ സണ്‍സ്

മിസ്ട്രിയെ ചെറുക്കാന്‍: സ്വതന്ത്ര ഡയറക്റ്റര്‍ വിഷയത്തില്‍ നിയമാഭിപ്രായം തേടി ടാറ്റ സണ്‍സ്

മുംബൈ: സ്വതന്ത്ര ഡയറക്റ്റര്‍മാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ടാറ്റ സണ്‍സ് നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന്റെയും ടാറ്റ കെമിക്കല്‍ ലിമിറ്റഡിന്റെയും ഉന്നതതലയോഗം ചേര്‍ന്നതിനു ശേഷമാണ് സ്വതന്ത്ര ഡയറക്റ്റര്‍മാരുടെ വിഷയത്തില്‍ ടാറ്റ സണ്‍സ് നിയമപരമായ അഭിപ്രായം തേടിയിരിക്കുന്നത്. യോഗത്തില്‍ പുറത്താക്കപ്പെട്ട ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പരസ്യമായി പിന്തുണച്ചുകൊണ്ട് ഇരു കമ്പനികളിലെയും സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ രംഗത്തു വന്നിരുന്നു.

സൈറസ് മിസ്ട്രിയില്‍ വിശ്വാസമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ഹോട്ടല്‍സിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഐകകണ്‌ഠ്യേന അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നാലിന് ചേര്‍ന്ന യോഗത്തിലാണ് ഡയറക്റ്റര്‍മാര്‍ നിലപാട് വ്യക്തമാക്കിയത്. തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ടാറ്റ കെമിക്കല്‍സില്‍ നിന്നുള്ള സ്വതന്ത്ര ഡയറക്റ്റര്‍മാരും മിസ്ട്രിയില്‍ വിശ്വസിക്കുന്നതായി പ്രഖ്യാപിച്ചു. മിസ്ട്രിയെ പിന്തുണയ്ക്കുന്നതിനായി സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് പ്രത്യേക യോഗം ചേരാന്‍ സാധിക്കുമോ എന്നതുമായി ബന്ധപ്പെട്ടാണ് ടാറ്റ സണ്‍സ് അഭിപ്രായം തേടിയിരിക്കുന്നത്. ഇത്തരത്തില്‍ ഉന്നതതലസമിതിയില്‍ നിന്നും വേറിട്ട് കമ്പനികളിലെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ മാത്രം ചേര്‍ന്ന യോഗത്തിന്റെ നിയമ സാധുത സംബന്ധിച്ചും ടാറ്റ സണ്‍സ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രഹസ്യമായി ചേര്‍ന്ന യോഗങ്ങള്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലും ടാറ്റ സണ്‍സ് അഭിപ്രായം തേടിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories