നോട്ട് അസാധുവാക്കലിനെതിരായ കേസുകള്‍ ഭരണഘടനാ ബെഞ്ചിന്

നോട്ട് അസാധുവാക്കലിനെതിരായ കേസുകള്‍ ഭരണഘടനാ ബെഞ്ചിന്

 
ന്യൂഡെല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത് സാമ്പത്തിക നയങ്ങളുടെ ഭാഗമായാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി ഇന്നലെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. നോട്ട് അസാധുവാക്കലിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസുകള്‍ ഇനി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കലിനെതിരെ വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്തു. നേരത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി നോട്ട് അസാധുവാക്കലിനെതിരായി വിവിധ കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അവശ്യ സേവനങ്ങള്‍ക്ക് അസാധു നോട്ടുകള്‍ ഉപയോഗിക്കുന്നതിന് സമയ പരിധി നീട്ടണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് കോടതി അഭിപ്രായപ്പെട്ടു. ആഴ്ചയില്‍ ഒരു വ്യക്തിക്ക് 24,000 രൂപ പിന്‍വലിക്കാമെന്ന ഉറപ്പ് പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു.
സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി ഈ കേസുകളില്‍ തത്ക്കാലം ഉത്തരവിറക്കുന്നില്ലെന്ന് വ്യക്തമാക്കി. നോട്ട് അസാധുവാക്കലിനും സഹകരണ ബാങ്കുകളിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സഹകരണ ബാങ്കുകള്‍ക്ക് അസാധുവായ നോട്ടിന് പകരം ആര്‍ബിഐ പുതിയ നോട്ട് നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

പുതിയ നോട്ടുകള്‍ നല്‍കണമെന്ന കോടതി നിര്‍ദ്ദേശം സഹകരണ ബാങ്കുകള്‍ക്ക് വലിയ ആശ്വാസമാകും. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇളവ് നല്‍കിയാല്‍ നോട്ട് അസാധുവാക്കലിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ എഴുപത് വര്‍ഷമായി രാജ്യത്ത് പൂഴ്ത്തിവെച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രാജ്യത്ത് കറന്‍സി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം അനധികൃത സമാന്തര സമ്പദ് വ്യവസ്ഥയെ പിഴുതെറിയാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുകയുണ്ടായി.

Comments

comments

Categories: Slider, Top Stories