പരാജയമറിയാത്ത സംരംഭകന്‍ ; ആലപ്പുഴയുടെ ആതിഥേയന്‍

പരാജയമറിയാത്ത സംരംഭകന്‍ ; ആലപ്പുഴയുടെ ആതിഥേയന്‍

ramada-alleppey-aerial-viewപ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലെ ഭൂപ്രകൃതിയില്‍ കടലും കായലും കാടുകളും കുന്നുകളും കോട്ടകളും എക്കാലവും സഞ്ചാരികള്‍ക്കു കൗതുകം പകരുന്നവയാണ്. കേരളത്തിന്റെ കായല്‍ സൗന്ദര്യം എന്നും ആലപ്പുഴയ്ക്കു മാത്രം സ്വന്തമാണ്.
കായല്‍പ്പരപ്പിന്റെ സൗന്ദര്യമാസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കു മുന്നില്‍ കിഴക്കിന്റെ വെനീസ് എക്കാലവും സുന്ദരിയാണ്. ആലപ്പുഴയുടെ രുചിയും മണവും ലോകശ്രദ്ധനേടിയെടുത്ത് അതിവേഗമായിരുന്നു. അതിഥികളെ ദൈവങ്ങളായി കാണുന്ന നാട്ടില്‍ സ്‌നേഹോഷ്മള സ്വീകരണമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. ടൂറിസ്റ്റുകളുടെ വരവിനുസരിച്ച് ആലപ്പുഴയിലെ ടൂറിസവും ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങി. ആലപ്പുഴയുടെ സൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കാന്‍ ഇവിടെ മികച്ച നിലവാരമുള്ള ഹോട്ടലുകളും സ്ഥാപിക്കപ്പെട്ടു. ഹോസ്പിറ്റാലിറ്റി രംഗത്ത് അറിയപ്പെടുന്ന പേരായ റമദ ആലപ്പുഴയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ സ്വീകാര്യമായ പേരുതന്നെയാണ്.കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ഹോട്ടലാണ് റമദ ആലപ്പുഴ. പുന്നമടക്കായലിന്റെയും വേമ്പനാട്ട് കായലിന്റെയും സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന അനുഭവം റമദയുടെ പ്രത്യേകതയാണ്. കായല്‍പ്പരപ്പുകളുടെ സൗന്ദര്യം റമദയെ കൂടുതല്‍ മനോഹരിയാക്കുന്നു.
എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാംവാരം അരങ്ങേറുന്ന ലോക പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി റമദയുടെ സമീപമാണ് നടക്കുന്നത്. ഇവിടെയെത്തുന്നവരെ സംബന്ധിച്ചിടത്തോളം റമദ നല്‍കുന്ന മറ്റൊരു അനുഭൂതികൂടിയാണ് വള്ളംകളി അടുത്തുകാണാനുള്ള അവസരമെന്ന് റമദയുടെ ജനറല്‍ മാനേജര്‍ സ്‌കറിയ ജോര്‍ജ്ജ് പറയുന്നു.
റമദ വേള്‍ഡ് വൈഡ് ഗ്രൂപ്പിന്റെ ഭാഗമാണ് ഇപ്പോള്‍ ആലപ്പുഴയിലെ ഈ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍. 50 രാജ്യങ്ങളിലായി 7,500 ഹോട്ടലുകളായി പടര്‍ന്നുപന്തലിച്ച് കിടക്കുന്നതാണ് റമദ വേള്‍ഡ് വൈഡ് ഗ്രൂപ്പ്. ആലപ്പുഴയിലെ റമദയിലെ പ്രധാന ഹാളില്‍ 400 പേര്‍ക്കിരിക്കാന്‍ സൗകര്യമുണ്ട്. കൂടാതെ ശീതീകരിച്ച ടെന്റിലും ഓപ്പണ്‍ എയറിലുമായി 1500 പേരെ ഉള്‍ക്കൊള്ളാന്‍ ഈ ഹോട്ടലിനു കഴിയും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ramada-alleppey-day-view”പ്രയാസങ്ങള്‍ മാത്രമുണ്ടായിരുന്ന വളരെ പാവപ്പെട്ട കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ബേസിക് സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം (നാഗാലാന്‍ഡ് സ്‌റ്റേറ്റ് ഗവണ്‍മെന്റിന് കീഴില്‍ സര്‍വേയറായി 1984 മുതല്‍ 1988 വരെ രണ്ടുവര്‍ഷം ജോലി ചെയ്തു.)നാഗാലാന്‍ഡില്‍ നിന്ന് നേരെ ഒമാനിലേക്ക് യാത്ര ചെയ്തു. ഡ്രാഫ്റ്റ്മാന്‍ ജോലിക്കുവേണ്ടിയായിരുന്നു ആ യാത്ര. സാമ്പത്തികമായും പ്രൊഫഷണലായും വട്ടപ്പൂജ്യമായിരുന്നു അക്കാലത്ത് ഞാന്‍. അവിടെ നിന്നാണ് എല്ലാം തുടങ്ങുന്നത്. രണ്ടു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തു. പഠിക്കാനാവുന്ന ഭാഷകളും അനുഭവങ്ങളുമെല്ലാം സ്വായത്തമാക്കാന്‍ കഴിഞ്ഞു. അവിടെ നിന്നിറങ്ങിയത് സ്വന്തമായൊരു ബിസിനസ് ആരംഭിക്കുകയെന്ന ലക്ഷ്യവുമായാണ്. അന്നു മുതല്‍ ഇന്നുവരെ പരാജയം രുചിക്കേണ്ടി വന്നിട്ടില്ല ,” റമദ ആലപ്പുഴ ചെയര്‍മാന്‍ റെജി ചെറിയാന്‍ പറയുന്നു.
ഒമാനിലുള്ള എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നാണ് നേട്ടങ്ങളുടെ തുടക്കം. 12 വര്‍ഷം ഒമാനിലെ പലസ്ഥലങ്ങളിലായി എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയുമായി മുന്നോട്ടുപോകാന്‍ റെജിക്ക് കഴിഞ്ഞു. സുഹൃത്തുക്കള്‍ യുഎഇ, ഷാര്‍ജ എന്നിവിടങ്ങളില്‍ വ്യവസായം ആരംഭിച്ചപ്പോഴും തന്റെ സംരംഭത്തിന് യുഎഇയിലെ ഫുജറ തെരെഞ്ഞെടുക്കാന്‍ ഇദ്ദേഹത്തിന് തന്റേതായ കാരണങ്ങളുണ്ടായിരുന്നു.
”ഒമാനിലുള്ളവരില്‍ ഏറിയ പങ്കും വിദേശികളാണ്. മാത്രമല്ല എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയില്‍ സാധ്യതകളുണ്ടെങ്കിലും അധികം മത്സരമില്ല. വീടുകളും മറ്റും ഡിസൈന്‍ ചെയ്യാന്‍ അറബികള്‍ക്ക് കൂടുതല്‍ ഇഷ്ടം ഇന്ത്യക്കാരെയാണ്. ഈ അവസരങ്ങളാണ് വ്യവസായത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സഹായകമായത്. ചെറിയ കാര്യങ്ങളിലൂടെ നടത്തിച്ച് ദൈവം ഇവിടെ കൊണ്ടെത്തിച്ചിരിക്കുകയാണ്. നാളെയുടെ കാര്യവും ദൈവത്തിന്റെ കൈകളില്‍ തന്നെയാണ്,” റെജി ചെറിയാന്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് റെജി ചെറിയാന് ഹോട്ടലുള്ളത്. ഇവിടെ മാത്രം 200 പേര്‍ക്ക് ജോലി നല്‍കാന്‍ ഈ വിദേശ മലയാളിക്കു കഴിയുന്നുവെന്നത് എടുത്തു പറയേണ്ട മറ്റൊരു നേട്ടമാണ്. ഫുജറയിലെ മറ്റു സ്ഥാപനങ്ങളിലായി നൂറ്റമ്പതോളം ജീവനക്കാരുണ്ട്. മസ്‌കറ്റ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ആദ്യ സംരംഭമായ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സിക്കു തുടക്കമിട്ടത്. വ്യവസായത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഇവിടെ വച്ചായിരുന്നു. കണ്‍സള്‍ട്ടന്‍സിക്കുശേഷം കൈവച്ച മേഖല വിദ്യാഭ്യാസമായിരുന്നു. ഫുജറയില്‍ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ ഇദ്ദേഹം നടത്തുന്നുണ്ട്. മറ്റൊരു ഫാക്ടറിയും അവിടെയുണ്ട്.
എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഹോട്ടലില്‍ 121 മുറികളാണുള്ളത്. എന്‍ജിനീയറിംഗ് രംഗത്തെ പരിചയസമ്പത്താണ് ബിസിനസ് മേഖലയിലും റെജി ചെറിയാന് മുതല്‍ക്കൂട്ടായത്. റെജിക്കും കുടുംബത്തിനും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് വ്യവസായം. ഓരോ ചുവട് മുന്നോട്ടുവയക്കുമ്പോഴും നാളെ എന്ത് എന്ന ചിന്ത തന്നെ അലട്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
”വ്യവസായത്തില്‍ വിജയവും പരാജയവും നല്‍കുന്നത് വിദ്യാഭ്യാസയോഗ്യതകളല്ല, മറിച്ച് മനസാന്നിധ്യവും അര്‍പ്പണബോധവും താല്‍പര്യവുമാണ്. കഷ്ടപ്പാട് അനുഭവിക്കാനും എന്തിനെയും നേരിടാനുള്ള തന്റേടവുമുള്ളയാളിന് എവിടെയും വിജയിക്കാനാവും. ജീവിതത്തില്‍ എവിടെയങ്കിലും ആരുടെയെങ്കിലും സഹായം തേടാതെ നമുക്കു മുന്നോട്ടുപോകാനാവില്ല. നമ്മള്‍ ഒരിക്കലും പൂര്‍ണരല്ല. ഓരോ കാര്യങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നുവെന്നു മാത്രം. കൈവച്ച മേഖലകളെല്ലാം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സ്ഥാപനങ്ങളിലെല്ലാം ജീവനക്കാര്‍ക്കു പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തിനകം ഏതൊരു പുതിയ ജീവനക്കാരനും കാര്യ പ്രാപ്തിയുള്ളയാളായി മാറും. അറിവില്ലാത്ത കാര്യങ്ങള്‍ ആരോടും ചോദിച്ച് മനസിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്റേത് പച്ചയായ ജീവിതാനുഭവങ്ങളാണ്. വെല്ലുവിളികള്‍ അഭിമുഖീകരിക്കണം. വ്യവസായത്തില്‍ പരാജയങ്ങളും കൂടെയുള്ളവരുടെ ചതിയുമുണ്ടായേക്കും. പക്ഷേ സത്യമുള്ളവനെ ആര് ചതിച്ചാലും ചതിയായി മാറില്ല,” റെജി പറയുന്നു.
”കഷ്ടതകള്‍ അനുഭവിച്ചുതന്നെയാണ് ഓരോ ചുവടും മുന്നോട്ടുവച്ചിട്ടുള്ളത്. കടങ്ങള്‍ വരുത്തിവയ്ക്കാതെയാണ് വ്യവസായം മുന്നോട്ടുകൊണ്ടുപോകുന്നത്. ഞാന്‍ ഇതുവരെ കണ്ട എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സഹായമഭ്യര്‍ഥിച്ച് റെജിയുടെ വീടിന്റെ പടികടന്നുവരുന്ന ആര്‍ക്കും തന്നാലാവുന്ന സഹായം ചെയ്തുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് ഇദ്ദേഹം. പിതാവിന്റെ പാവന സ്മരണ്ക്കായി സ്വന്തം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിശക്കുന്നവന് ഒരു നേരത്തെ അന്നം നല്‍കാനായാല്‍ അതാണ് ഏറ്റവും വലിയ ഭക്തിയും സഹായവുമെന്നാണ് റെജി വിശ്വസിക്കുന്നത്.
”ജീവിതത്തില്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നത് എന്നെ വിദേശത്തു കൊണ്ടുപോയി തൊഴില്‍ നല്‍കിയ ചേര്‍ത്തലക്കാരനെയാണ്. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. അന്ന് ഇന്ത്യയിലെ 7000 രൂപയായിരുന്നു ശമ്പളമായി അവിടെ ലഭിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തില്‍ നിന്നാണ് എന്റെ തുടക്കം,” റെജി പറയുന്നു.
ഏതുവിഷയത്തില്‍ ഡോക്ടറേറ്റ് എടുത്താലും അനുഭവമാണ് ഏറ്റവും വലുത്. അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്നു തന്നെ പറയണം. അവ മനസിലാക്കാന്‍ ശ്രമിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എനിക്ക് ഏതുവഴിയില്‍ പോകണോ ആ വഴിയില്‍ തന്നെയാണ് ഞാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്റെ വിശ്വാസവും അര്‍പ്പണ ബോധവും എന്നെ മുന്നോട്ടു നയിക്കുന്നുമുണ്ട്. അനുഭവങ്ങളില്‍ എനിക്കുള്ള വിശ്വാസമാണത്. റെജി ചെറിയാന്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ സംരംഭകത്വ
താല്‍പര്യങ്ങളും രീതികളും
സംരംഭകത്വത്തിനോട് പൊതുവേ വിമുഖത കാട്ടുന്ന സ്വഭാവമാണ് കേരളത്തിനുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി ഇതിനുകാര്യമായ മാറ്റം വന്നിട്ടുണ്ട്. വീട്ടമ്മമാര്‍ പോലും സംരംഭങ്ങളുമായി രംഗത്തുവരാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പലരും വ്യവസായത്തോട് സൗഹൃദം കൂടാന്‍ തുടങ്ങിയിട്ടുണ്ട്.
”വ്യവസായത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ ഇറങ്ങിയാല്‍ കാര്യങ്ങളെല്ലാം തകിടംമറിയും. തൊഴില്‍ പ്രശ്‌നങ്ങളാണ് പ്രധാനമായും നമ്മുടെ നാട്ടില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. അവ അപ്പോള്‍ തന്നെ പരിഹരിച്ചുമുന്നോട്ട് പോകാനായാല്‍ ഭാവിയില്‍ ഇത്തരം പ്രശനങ്ങള്‍ ലഘൂകരിക്കാനാവും. ഹോട്ടല്‍ റമദയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ ഏകദേശം നാലര വര്‍ഷത്തോളം വേണ്ടിവന്നിരുന്നു. ഇതിനിടയില്‍ ഒരിക്കലും കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത് കൂലി തര്‍ക്കങ്ങള്‍ വരുമ്പോള്‍ അല്‍പ്പം വിട്ടുവീഴ്ചകള്‍ക്ക് തയാറാവുകയെന്നതാണ്. അതുകൊണ്ട് സംരംഭകന് പ്രത്യേകിച്ച് നഷ്ടമൊന്നുമുണ്ടാകില്ല. പ്രശ്‌നം രൂക്ഷമാകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് വിട്ടുവീഴ്ചകള്‍ ചെയ്യുന്നത്,” റെജി വ്യക്തമാക്കുന്നു. രണ്ടുമക്കളില്‍ മൂത്തയാള്‍ ആര്‍ക്കിടെക്ടചറിംഗ് എന്‍ജിനീയറിംഗ് കഴിഞ്ഞ് ഇദ്ദേഹത്തിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ഇന്‍ചാര്‍ജ് ആയി പ്രവര്‍ത്തിക്കുന്നു. രണ്ടാമന്‍ ബിബിഎ കഴിഞ്ഞ് എംബിഎ പഠനത്തിനൊരുങ്ങുന്നു.

Comments

comments

Categories: FK Special