പ്രാദേശിക ഭാഷകളില്‍ സേവനങ്ങളൊരുക്കി ഇ-വാലറ്റ് കമ്പനികള്‍

പ്രാദേശിക ഭാഷകളില്‍ സേവനങ്ങളൊരുക്കി ഇ-വാലറ്റ് കമ്പനികള്‍

 

ബെംഗളൂരു: ഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ നടപടികളെ തുടര്‍ന്ന് ഡിജിറ്റല്‍ ഇക്കോണമിയുടെ സാധ്യതകള്‍ ശക്തമായതോടെ ഇവാലറ്റ് കമ്പനികളും ബാങ്കുകളും പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കാനുള്ള മല്‍സരത്തിലാണ്. പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കും. പേടിഎമ്മും ഫോണ്‍പേയും പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുമ്പോള്‍ മൊബിക്വിക്ക് നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്നാം കക്ഷി ട്രാന്‍സലേഷന്‍ കമ്പനികളെ ജോലികള്‍ ഏല്‍പ്പിച്ചു കഴിഞ്ഞു.

പ്രാദേശിക ഭാഷകളില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള ആളുകളെ ജോലിക്ക് നിയമിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഔട്ട് സോഴ്‌സിംഗ് കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല. ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേയുടെ സ്ഥാപകന്‍ സമീര്‍ നിഗം പറഞ്ഞു. നവംബറില്‍ ബംഗാളിയും മറാത്തിയും ഫോണ്‍പേ ആപ്പില്‍ കൂട്ടിചേര്‍ത്തിരുന്നു. തെലുങ്ക്, കന്നട, ഗുജറാത്തി, മലയാളം എന്നിവയ്ക്കുള്ള വിനിമയ സംവിധാനം ഈ മാസം തന്നെ ആരംഭിക്കും.

നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്കുശേഷം ഉടന്‍ തന്നെ പേടിഎം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, മറാത്തി, തെലുങ്ക്, ബെംഗാളി, പഞ്ചാബി, ഒഡിയ, മലയാളം എന്നിങ്ങനെ പത്ത് പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കിയിരുന്നു. നിലവില്‍ 15 ശതമാനത്തോളം സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ പ്രാദേശിക ഭാഷകളിലാണ് നടക്കുന്നത്-പേടിഎമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് പറഞ്ഞു. ബാങ്കിംഗ് ആപ്പായ കാനറ ബാങ്ക്, എസ്ബിഐ ബഡ്ഡി എന്നിവയൊക്കെ കൂടുതല്‍ ആളുകള്‍ ഡിജിറ്റില്‍ മണിയിലേക്ക് തിരിയാന്‍ തുടങ്ങിയതോടെ പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കിയിരുന്നു.

പ്രോസസ്സ്9 ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ തെലുങ്ക്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളില്‍ മൊബിക്വിക്ക് ലൈറ്റ് എന്ന മൊബീല്‍ വാലറ്റ് അടുത്ത ആഴ്ച പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മൊബിക്വിക്ക്. 22 പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി.
എന്നാല്‍ എന്‍ഡ് ടു എന്‍ഡ് റീജണല്‍ ലാംഗ്വേജ് ഇന്റര്‍ ഫെയ്‌സ് യാഥാര്‍ത്ഥ്യമാക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധാഭിപ്രായം.

Comments

comments

Categories: Trending