11,000 മെഗാവാട്ടിന്റെ ഊര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കും: ഗോയല്‍

11,000 മെഗാവാട്ടിന്റെ ഊര്‍ജ്ജ  നിലയങ്ങള്‍ പുനഃസ്ഥാപിക്കും: ഗോയല്‍

 

ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) അഞ്ചു വര്‍ഷത്തിനുള്ളില്‍ 11,000 മെഗാവാട്ടിന്റെ പഴയ ഊര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍.
കാര്യക്ഷമമല്ലാത്ത ഏകദേശം 11,000 മെഗാവാട്ട് പഴയ താപോര്‍ജ്ജ നിലയങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ എന്‍ടിപിസി ഇതിനകം തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. 50,000 കോടി രൂപയുടെ മുതല്‍മുടക്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിലയങ്ങള്‍ വീണ്ടും സ്ഥാപിക്കും- ഗോയല്‍ പറഞ്ഞു. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പഴക്കംചെന്ന ഊര്‍ജ്ജ നിലയങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവ വന്‍തോതില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പ്രസരണത്തിനും ഇടയാക്കുന്നു. നൂതന മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുക മാത്രമല്ല സര്‍ക്കാരിന്റെ ആവശ്യം മറിച്ച് പഴയ ഊര്‍ജ്ജ നിലയങ്ങളിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള നടപടികളും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ പ്ലാന്റുകള്‍ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് എന്‍ടിപിസി ചെയര്‍മാന്‍ ഗുര്‍ദീപ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗോയല്‍ വ്യക്തമാക്കി. നിലയങ്ങള്‍ വീണ്ടും സ്ഥാപിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയവുമായി ഊര്‍ജ്ജ മന്ത്രാലയം ചര്‍ച്ച നടത്തിയെന്ന് ഗോയല്‍ സൂചിപ്പിച്ചു.
വിതരണ ശൃംഖലകളുടെ അഭാവമുള്ള രാജ്യത്തെ ഏകദേശം 800 ഗ്രാമങ്ങളിലെ 16,000 വീടുകളില്‍ സൗജന്യമായി വൈദ്യുതിയെത്തിക്കും. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയുടെ കീഴില്‍ ഓരോ വീട്ടിലും എട്ടു മണിക്കൂര്‍ ബാറ്ററി പാക്കപ്പുള്ള 300 കെവി സോളാര്‍ പാനല്‍, അഞ്ച് ഐഇഡി ബള്‍ബ്, ഊര്‍ജ്ജ കാര്യക്ഷമതയുള്ള സീലിംഗ് ഫാന്‍, സോളാര്‍ ഊര്‍ജ്ജ അധിഷ്ഠിത മൊബീല്‍ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റ് എന്നിവ സൗജന്യമായി വിതരണം ചെയ്യുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics

Related Articles