നാസ്‌കോമും ഡിഎസ്‌സിഐയും സൈബര്‍ സുരക്ഷ രൂപരേഖ പുറത്തിറക്കി

നാസ്‌കോമും ഡിഎസ്‌സിഐയും  സൈബര്‍ സുരക്ഷ രൂപരേഖ പുറത്തിറക്കി

ന്യൂഡെല്‍ഹി: ഐടി വ്യവസായ പ്രതിനിധി സംഘടനയായ നാസ്‌കോമും ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ഡിഎസ്‌സിഐ) പത്തു വര്‍ഷത്തേക്കുള്ള സൈബര്‍ സുരക്ഷാ രൂപരേഖ പുറത്തിറക്കി. സൈബര്‍ സുരക്ഷ അനുബന്ധ ഘടകങ്ങളുടെ ആഗോള ഹബ്ബാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണിത്.
ഗ്രോയിംഗ് സൈബര്‍ സെക്യൂരിറ്റി ഇന്‍ഡസ്ട്രി റോഡ്മാപ്പ് ഓഫ് ഇന്ത്യ എന്ന പേരിലെ റിപ്പോര്‍ട്ടില്‍ മാനേജ്‌മെന്റ് സെക്യൂരിറ്റി സര്‍വീസ് (എംഎസ്എസ്), സെക്യൂരിറ്റി ആന്‍ഡ് വെര്‍നബിലിറ്റി മാനേജ്‌മെന്റ് (എസ്‌വിഎം) എന്നിവയെ സംബന്ധിച്ച് വിശദമാക്കുന്നുണ്ട്.
ഇന്ത്യയെ ആഗോള സൈബര്‍ സുരക്ഷ ഹബ്ബാക്കുക ഉന്നമിട്ട് ഡിഎസ്‌സിഐയുമായി ചേര്‍ന്ന് 16 സംരംഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. 2025 ഓടെ ഇന്ത്യയിലെ ഐടി വ്യവസായം 350-400 ബില്ല്യണ്‍ ഡോളര്‍ വ്യാപ്തിയിലെത്തുമെന്ന് നാസ്‌കോം ചൂണ്ടിക്കാട്ടി. ഒരു ദശകത്തിനുള്ളില്‍ 35 ബില്ല്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷ ഉപകരണങ്ങളും സേവന വ്യവസായങ്ങളും പ്രദാനം ചെയ്യാന്‍ രാജ്യത്തിന് കഴിയും. സുരക്ഷ മേഖലയില്‍ നൈപുണ്യമുള്ള ഒരു മില്ല്യണിലധികം തൊഴിലാളികളെ വാര്‍ത്തെടുക്കാനും സാധിക്കുമെന്ന് നാസ്‌കോം വിശദമാക്കി.2015ല്‍ സൈബര്‍ സുരക്ഷ ഉപകരണങ്ങള്‍ 38 ബില്ല്യണ്‍ ഡോളറിന്റെ വിപണി നേടിയെടുത്തിരുന്നു.
സ്മാര്‍ട്ട് ഫോണിന്റെയും ഡിജിറ്റലൈസേഷന്റെയും വളര്‍ച്ചയുടെ പ്രാരംഭ ഹബ്ബാണ് ഇന്ത്യ. അതിനാല്‍ മികച്ച സൈബര്‍ സുരക്ഷ ഉപകരണങ്ങളും സേവന രംഗവും രാജ്യത്തൊരുക്കേണ്ടത് അത്യാവശമാണ്. കഴിഞ്ഞ വര്‍ഷം നാസ്‌കോമും ഡിഎസ്‌സിഐയും സൈബര്‍ സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സ് (സിഎസ്ടിഎഫ്) രൂപീകരിക്കുകയുണ്ടായി. 2025 ഓടെ 1,000 സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പുകളും ഒരു മില്ല്യണ്‍ സൈബര്‍ സെക്യൂരിറ്റി ജോലികളും സൃഷ്ടിക്കുകയെന്നതാണ് സിഎസ്ടിഎഫിന്റെ ലക്ഷ്യം.

Comments

comments

Categories: Tech