ഇന്ത്യയിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പിന് 10 വയസ്സ്

ഇന്ത്യയിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പിന് 10 വയസ്സ്

 
കൊച്ചി: ഇന്ത്യയിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പായ മോബ്മി പത്താം വയസ്സിലേക്ക് കടക്കുന്നു. ഈ അവസരത്തില്‍ അഞ്ച് വിദേശ രാജ്യങ്ങളിലേക്കു കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ബിസിനസ്‌ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേഷ്യ, ഗള്‍ഫ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലുള്ള നിക്ഷേപകരുമായി മോബ്മിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ടെലികോം കമ്പനികള്‍ക്കുള്ള സോഫ്റ്റ്‌വെയറുകളുമായി വാണിജ്യ രംഗത്തെത്തിയ മോബ്മി പിന്നീട് ഇ കൊമേഴ്‌സ്, വ്യോമയാനം, ചില്ലറ വ്യാപാര മേഖല എന്നിവിടങ്ങളില്‍ ചുവടുറപ്പിക്കുകയായിരുന്നു. പത്തു വര്‍ഷമാകുമ്പോഴേക്കും കേവലം ടെക്‌നോളജി കമ്പനി എന്ന നിലയില്‍ നിന്ന് നൂതന വിശകലന മേഖലകളിലേക്കും ബാങ്കിംഗ് സേവന മേഖലകളിലേക്കും കടക്കുകയാണെന്ന് മോബ്മി സിഇഒ സത്യ കല്യാണസുന്ദരം പറഞ്ഞു. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പരിഗണിക്കുമെന്നും സത്യ ചൂണ്ടിക്കാട്ടി.

നൂതന സാങ്കേതിക വിദ്യയിലൂന്നിയ പുതിയ സംരംഭങ്ങള്‍ക്കും മോബ്മി തുടക്കം കുറിച്ചിട്ടുണ്ട്. പരിധിയില്ലാതെ പണം കൈമാറാന്‍ സഹായിക്കുന്ന ബാങ്കിംഗ് ആപ്ലിക്കേഷനായ ചില്ലര്‍ കഴിഞ്ഞ വര്‍ഷമാദ്യമാണ് പുറത്തിറക്കിയത്. സീക്വിയ ക്യാപിറ്റലില്‍നിന്ന് 48 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരഭത്തിനു ലഭിച്ചത്.

സംരംഭക തത്പരരായ മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 2006 ലാണ് മോബ്മിക്ക് തുടക്കം കുറിച്ചത്. സോണി ജോയി, സഞ്ജയ് വിജയകുമാര്‍, വിവേക് എന്നിവര്‍ എന്‍ജിനീയറിംഗ് പഠനം നടത്തിവരുന്നതിനിടെയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. ടെലികോം മേഖലയില്‍തുടങ്ങിയ സംരംഭം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

ആവേശകരമായ യാത്രയായിരുന്നു അതെന്ന് സോണി ജോയി ഓര്‍ക്കുന്നു. പരീക്ഷണങ്ങളുടെയും കണ്ടുപിടുത്തത്തിന്റെയും കാര്യത്തില്‍ വിദ്യാര്‍ത്ഥികളാണെന്നതും ചെറുപ്പവും കൈമുതലായിരുന്നു. എന്നാല്‍ സുസ്ഥിരമായൊരു സംരംഭമായി ഇത് മാറുമോയെന്ന സംശയവും തങ്ങളെ അലട്ടിയിരുന്നതായി സോണി പറഞ്ഞു. എന്നാല്‍ സൗഹാര്‍ദ്ദപരമായിരുന്ന വാണിജ്യാന്തരീക്ഷവും മികച്ച സുഹൃദ് ബന്ധത്തിലൂന്നിയ ടീമെന്ന അനുകൂല ഘടകവും തുണയായെന്നും സോണി കൂട്ടിച്ചേര്‍ത്തു.

മൊബീല്‍, ബാങ്കിംഗ് മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി കൂടുതല്‍ മെച്ചമായ സാങ്കേതികവിദ്യയ്ക്ക് രൂപം നല്‍കാനാണ് മോബ്മിയുടെ നിരന്തരമായ ശ്രമം. ബാങ്കിംഗ്, സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ എന്നിവയ്ക്കായുള്ള ഡിജിററല്‍ ബാങ്കിംഗ് ലാബ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നിരവധി സാമ്പത്തിക സ്ഥാപനങ്ങള്‍ മോബ്മിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വരുമാന വര്‍ധനവിലും ലാഭത്തിലും മെച്ചപ്പെട്ട വര്‍ധന ഈ സ്ഥാപനങ്ങള്‍ക്ക് ഡിജിററല്‍ ബാങ്കിംഗ് ലാബ് വഴിയുണ്ടായിട്ടുണ്ട്. ടെലികോം രംഗത്തെ പരിചയം, ബാങ്കിംഗ് മേഖല, ഉപഭോക്തൃസേവന വിശകലനം എന്നീ മൂന്നു മേഖലകളാണ് മോബ്മിയുടെ തന്ത്രപ്രധാന മേഖലകള്‍.

സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യവര്‍ഷങ്ങളില്‍ തന്നെ പരാജയപ്പെടുകയാണ് പതിവെന്ന് മോബ്മി സ്ഥാപകാംഗം സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മോബ്മി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപകാംഗങ്ങളില്‍ നിന്നും കൂടുതല്‍ പ്രൊഫഷണലായ സമീപനം എന്നും മോബ്മി സ്വീകരിച്ചിട്ടുണ്ട്. അതിനാലാണ് ഭരണ നിര്‍വഹണത്തിന് സിഇഒ കേന്ദ്രീകൃതമായ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതു വഴി കൂടുതല്‍ ഉയരത്തിലേക്കെത്താനുള്ള ശേഷി മോബ്മി കരസ്ഥമാക്കിയെന്നും എസ്‌വി.കോയുടെ ചെയര്‍മാന്‍ കൂടിയായ സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Entrepreneurship, Slider