മഹാരാഷ്ട്ര റെഗുലേറ്ററി നിയമം നിര്‍മാതാക്കള്‍ക്ക് അനുയോജ്യമെന്ന് ആരോപണം

മഹാരാഷ്ട്ര റെഗുലേറ്ററി നിയമം നിര്‍മാതാക്കള്‍ക്ക് അനുയോജ്യമെന്ന് ആരോപണം

 

മുംബൈ:മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി കരട് നിയമവുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാകുന്നു. കരട് നിയമം റിയല്‍റ്റി കമ്പനികള്‍ക്ക് അനുയോജ്യമായ തരത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണമുന്നയിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നതോടെ പ്രശ്‌നം രൂക്ഷാകുന്നു.
ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിനായുള്ള തവണകളില്‍ വീഴ്ച വരുത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇ മെയ്ല്‍ വഴി നിര്‍മാതാവ് ഉപഭോക്താവിന് നോട്ടീസ് നല്‍കുകയും കരാര്‍ റദ്ദാക്കുകയും ചെയ്യാനുള്ള അവകാശം കെട്ടിട നിര്‍മാതാവിനുണ്ടാകുമെന്നതടക്കമുള്ള നിയമങ്ങളാണ് മഹാരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റി കരട് നിയമത്തിലുള്ളത്. അതേസമയം, കരാര്‍ റദ്ദാക്കിയതിന് ശേഷം ഉപഭോക്താവിന് തുക തിരിച്ച് നല്‍കുന്നതിന് ആറുമാസത്തോളം സമയമെടുക്കാന്‍ നിര്‍മാതാവിനുള്ള സൗകര്യവും കരട് നിയമത്തിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ കരാര്‍ റദ്ദാക്കിയാല്‍ നിര്‍മാതാവ് ഉപഭോക്താവിന് അടുത്ത 45 ദിവസത്തിനകം തുക തിരിച്ച് നല്‍കണമെന്നാണ് ചട്ടം. തവണകളില്‍ വീഴ്ച വരുത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കരാര്‍ റദ്ദാക്കാനും നിര്‍മാതാവിന് അവകാശമില്ലെന്നും കേന്ദ്രം പുറത്തിറക്കിയ നിയമത്തിലുണ്ട്. എന്നാല്‍, ഈ നിയമങ്ങളെല്ലാം വളച്ചൊടിച്ച് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി നിര്‍മിച്ച കരട് നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ അവകാശ സംഘടനയായ മുംബൈ ഗ്രാഹക് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
ഹൗസിംഗ് മേഖലയിലെ വിദഗ്ധരും ഗ്രാഹക്ക് പഞ്ചായത്തടക്കമുള്ള സംഘങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ റിയല്‍റ്റി നിയമത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണവുമായി രംഗത്തുണ്ട്. നിര്‍മാണ മേഖലയ്ക്ക് നേട്ടമുണ്ടാക്കാനാണ് ഈ രീതിയില്‍ നിയമമുണ്ടാക്കിയതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കരട് നിയമത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് 30 ദിവസം വേണമെന്നാണ് നിയമമെങ്കിലും 15 ദിവസം മാത്രമാണ് നല്‍കിയിരിക്കുന്നത്.
ഫാളാറ്റുകള്‍ വാങ്ങുന്നതിലും കരട് നിയമത്തില്‍ ഉപഭോക്താവിന് കനത്ത തിരിച്ചടിയാകും. കരാറില്‍ ഒപ്പുവെക്കുന്ന സമയത്ത് തന്നെ മൊത്തം തുകയുടെ 30 ശതമാനം ഉപഭോക്താവ് നിര്‍മാതാവിന് നല്‍കണം. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ 45 ശതമാനവും നല്‍കണമെന്നാണ് കരട് നിയമത്തില്‍ അനുശാസിക്കുന്നത്. പെയ്മന്റുമായി ബന്ധപ്പെട്ട് കേന്ദ്രം ഇതില്‍ തീരുമാനിക്കാനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്. എന്നാല്‍, സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും ഫലമമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് റിയല്‍റ്റി വിപണിക്കും പ്രതികൂലമായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy

Write a Comment

Your e-mail address will not be published.
Required fields are marked*