മിസ്ട്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ടാറ്റാ മോട്ടോഴ്‌സ് പൂനെ തൊഴിലാളി യൂണിയന്‍

മിസ്ട്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ടാറ്റാ മോട്ടോഴ്‌സ് പൂനെ തൊഴിലാളി യൂണിയന്‍

 

മുംബൈ: സൈറസ് മിസ്ട്രിയുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ടാറ്റ മോട്ടോഴ്‌സിന്റെ പൂനെ തൊഴിലാളി യൂണിയന്‍. മിസ്ട്രി മനപൂര്‍വം തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്നും ആക്ഷേപാര്‍ഹമായ പ്രസ്താവനയിറക്കുകയാണെന്നും ടാറ്റാ മോട്ടോഴ്‌സ് തൊഴിലാളി യൂണിയന്‍ ആരോപിച്ചു.
ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട് ഇന്‍സെന്റീവ് അവതരിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രധാന പരിഷ്‌കരണ നയങ്ങളെ നിലവില്‍ ടാറ്റ സണ്‍സ് താല്‍ക്കാലിക ചെയര്‍മാനായി തുടരന്ന രത്തന്‍ ടാറ്റ ദുര്‍ബലമാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച്ച ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി ഉടമകള്‍ക്ക് മിസ്ട്രി കത്തയച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ തൊഴിലാളി യൂണിയനില്‍ നിന്നും പൊതുപിന്തുണ വേണമെന്ന ആവശ്യവും മിസ്ട്രി കത്തില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ രത്തന്‍ ടാറ്റയ്‌ക്കെതിരെയുള്ള മിസ്ട്രിയുടെ ആരോപണം കമ്പനിയുടെ പൂനെ തൊഴിലാളി യൂണിയന്‍ നിരസിച്ചു. നവംബര്‍ പത്താം തീയതി രത്തന്‍ ടാറ്റയുമായി നടത്തിയ ചര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കമ്പനിയുടെ ഉന്നതതല സമിതിയിലെ അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് രത്തന്‍ ടാറ്റ പറഞ്ഞതായും ടാറ്റ മോട്ടോഴ്‌സ് തൊഴിലാളി യൂണിയന്‍ പറഞ്ഞു. കൂടാതെ കമ്പനിയുടെ വളര്‍ച്ചയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് രത്തന്‍ ടാറ്റ ആവശ്യപ്പെട്ടതായും യൂണിയന്‍ അറിയിച്ചു.
മിസ്ട്രിയുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞ യൂണിയന്‍ രത്തന്‍ ടാറ്റയുടെ നേതൃപാടവത്തെ പുകഴ്ത്തി. 2003, 2006, 2009 കാലയളവില്‍ രത്തന്‍ ടാറ്റയുടെ മേല്‍നോട്ടത്തില്‍ കമ്പനിയുടെ നിലവാരം, ഉല്‍പ്പാദനക്ഷമത, സുരക്ഷ, കമ്പനിയുടെ ഭാവി ഭദ്രമാക്കുന്നതിനു വേണ്ടി ലാഭവും വേതനവും തമ്മില്‍ ബന്ധിപ്പിച്ച് കരാര്‍ ഉണ്ടാക്കല്‍ എന്നിവയിലെല്ലാം നടന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതായും യൂണിയന്‍ വ്യക്തമാക്കി.

Comments

comments

Categories: Branding