കൊച്ചി മുസിരിസ് ബിനാലെ: ബ്രിട്ടീഷ് കലാകാരന്മാരുടെ പട്ടിക ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചു

കൊച്ചി മുസിരിസ് ബിനാലെ:  ബ്രിട്ടീഷ് കലാകാരന്മാരുടെ പട്ടിക ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചു

 

കൊച്ചി: സാംസ്‌കാരിക പങ്കാളിത്തവും സര്‍ഗപരമായ ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി കൊച്ചി-മുസിരിസ് ബിനാലെയില്‍ പങ്കെടുക്കാന്‍ ബ്രിട്ടനില്‍നിന്നുള്ള അസാമാന്യ പ്രതിഭകളായ എട്ട് കലാകാരന്മാരുടെ പട്ടിക ക്രിയേറ്റിവ് സ്‌കോട്ട്‌ലാന്‍ഡിന്റെ സഹകരണത്തോടെ ബ്രിട്ടീഷ് കൗണ്‍സില്‍ പ്രഖ്യാപിച്ചു.

മൂന്നാം ലക്കത്തിലെത്തി നില്‍ക്കുന്ന ചരിത്രപ്രാധാന്യമുള്ള ഈ മേളയുമായുള്ള സഹകരണം തുടരുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോട്ട്‌ലാന്‍ഡില്‍നിന്ന് ഹന്ന തൂലിക്കി, ചാള്‍സ് അവേരി, ജൊനാഥന്‍ ഓവന്‍, റെയ്ച്ചല്‍ മക്‌ലീന്‍ എന്നിവരും ഇംഗ്ലണ്ടില്‍നിന്ന് നിക്കോളാ ദുര്‍വാസുല, ജോണ്‍ ടില്‍ബുറി, നൈസാ ഖാന്‍, മിഖായില്‍ കാരിക്കിസ് എന്നിവരും അവരുടെ കലാസൃഷ്ടികള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. ബിനാലെ ക്യുറേറ്റര്‍, ഡയറക്ടര്‍ എന്നിവര്‍ എഡിന്‍ബര്‍ ആര്‍ട്ട് ഫെസ്റ്റിവലിലും 2015-ലെ ഗ്ലാസ്‌ഗോ ടര്‍ണര്‍ പ്രൈസിലും നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ബ്രിട്ടീഷ് കലാകാരന്മാര്‍ ബിനാലെയ്‌ക്കെത്തുന്നത്.

കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. ഇതാദ്യമായാണ് ഞാന്‍ ഇവിടെയെത്തുന്നത്. ഇവിടെ പ്രതിഫലിക്കുന്ന ഊര്‍ജവും അത്ഭുതകരമായ സൃഷ്ടിവൈഭവവും വല്ലാത്ത ഉത്തേജനം നല്‍കുന്നു. ഞങ്ങള്‍ ബ്രിട്ടനിലെ ഏറ്റവും മികച്ച കലാപ്രതിഭകളെ ഇവിടെ കൊണ്ടുവരുന്നത് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മാത്രമല്ല, രണ്ടു രാജ്യങ്ങളിലെയും കലാപ്രതിഭാശേഷിയെക്കുറിച്ച് കാണികളെ ബോധവല്‍കരിക്കാന്‍ കൂടിയാണ്. കൊച്ചി-മുസിരിസ് ബിനാലെ പോലൊരു വേദിയില്‍ ഈ കലാകാരന്മാരെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിജയകരമായ മറ്റൊരു ബിനാലെ ലക്കത്തിലേക്ക് ഞങ്ങള്‍ ഉറ്റുനോക്കുക മാത്രമല്ല, ഭാവിയില്‍ കൂടുതല്‍ ബിട്ടീഷ് കലാകാരന്മാരെ ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുക കൂടി ചെയ്യുന്നു-ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ അലന്‍ ഗെമ്മെല്‍ ഒബിഇ പറഞ്ഞു.

ആധുനിക മഹാനഗരമായ കൊച്ചിയുടെ ചരിത്രപരമായ സാര്‍വലൗകിക പാരമ്പര്യം ആവാഹിക്കുന്നതിലാണ് കൊച്ചി-മുസിരിസ് ബിനാലെ ലക്ഷ്യമിടുന്നത്. സിനിമ, പ്രതിഷ്ഠാപനകല, ചിത്രകല, ശില്പകല, നവമാധ്യമം, പ്രകടനകല എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളില്‍ ഇന്ത്യക്കാരും വിദേശികളുമായ കലാകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സംഗീതമേളകള്‍, ശില്പശാലകള്‍, സ്‌കൂള്‍ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും പ്രദര്‍ശനത്തിനൊപ്പം ബിനാലെയിലുണ്ടാകും.

അത്ഭുതകരമായ ഈ ബിനാലെയിലെത്താന്‍ കഴിഞ്ഞത് ആവേശമുണര്‍ത്തുന്നു. സ്‌കോട്ട്‌ലാന്‍ഡില്‍നിന്നുള്ള ഞങ്ങളുടെ കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ വിസ്മയകരമായ ഈ രംഗപശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ലഭിച്ച അവസരത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ്. മഹത്തായ ഈ സാംസ്‌കാരിക മിശ്രണ വേളയില്‍നിന്ന് തങ്ങളുടെ കലാസൃഷ്ടികളെക്കുറിച്ച് പ്രേക്ഷകരുടെയും ഇന്ത്യയിലെയും ഇതര രാജ്യങ്ങളിലെയും കലാകാരന്മാരുടെയും പ്രതികരണം അറിയാനും അവരുമായി സംവദിക്കാനും ഞങ്ങളുടെ കലാകാരന്മാര്‍ക്ക് താല്പര്യമുണ്ട്. ബിനാലെയ്ക്ക് എല്ലാ വിജയവും ആശംസിക്കുന്നു-ക്രിയേറ്റിവ് സ്‌കോട്ട്‌ലാന്‍ഡ് ദൃശ്യവിഭാഗം മേധാവി അമാന്‍ഡ കാറ്റോ പറഞ്ഞു.

Comments

comments

Categories: Branding