വിയോജിപ്പിന്റെ പ്രത്യയശാസ്ത്രം: ബി എം ആനന്ദിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

വിയോജിപ്പിന്റെ പ്രത്യയശാസ്ത്രം: ബി എം ആനന്ദിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കൊച്ചി: മുതലാളിത്തവ്യവസ്ഥിതിക്കും നവ സാമ്രാജ്യത്വത്തിനും കച്ചവടവത്കരണത്തിനും ആണവായവുധങ്ങള്‍ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്ന വിമതചിത്രകാരനായ ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ പാര്‍ശ്വ പരിപാടിയായി ബുധനാഴ്ച്ചയാണ് ചിത്രപ്രദര്‍ശനം ആരംഭിച്ചത്.

മാര്‍ച്ച് 29 വരെ നീളുന്ന പ്രദര്‍ശനം പ്രശസ്ത ചലച്ചിത്രകാരനായ ഷാജി എന്‍ കരുണ്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ആനന്ദിനെപ്പോലെ അറിയപ്പെടാതിരുന്ന ചിത്രകാരന്മാരുടെ സൃഷ്ടികളാണ് സാധാരണക്കാരുടെ കാഴ്ചപ്പാടിലൂടെ അവരുടെ കാലഘട്ടത്തിന്റെ ചരിത്രരേഖകളായി മാറുന്നതെന്ന് ഷാജി പറഞ്ഞു. ഈ സൃഷ്ടികളിലെ മാനവികമായ പ്രമേയങ്ങള്‍ സാമൂഹ്യമാറ്റത്തോടുള്ള കലാകാരന്മാരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ മഹത്വത്തെ തിരിച്ചറിയുന്നുവെന്നാണ് ബിനാലെയുടെ പ്രധാന ഘടകങ്ങളിലൊന്ന് എന്ന് ഷാജി പറഞ്ഞു.

വിയോജിപ്പ് എന്ന ആശയത്തേയും പൊതുഭാഷണത്തിലും സര്‍ഗാത്മകതയിലും പുരോഗതിയിലും അതിന്റെ പ്രാധാന്യത്തേയും കുറിച്ചു സംവദിക്കുന്ന ‘ഡിസെന്റ് ആന്‍ഡ് ഡിസ്‌കോഴ്‌സ് : ദി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ്’ എന്ന പ്രദര്‍ശനത്തില്‍ വിവിധ മാധ്യമങ്ങളിലായുള്ള അര്‍ഥപൂര്‍ണമായ സൃഷ്ടികളുണ്ട്. 10 സ്‌ക്രാച്ച്‌ബോര്‍ഡ് ചിത്രങ്ങള്‍, 10 സ്‌ക്രാച്ച്‌ബോര്‍ഡ് സ്‌കെച്ച് ചിത്രങ്ങള്‍, 13 ചിത്രങ്ങളുടെ മൂന്ന് സെറ്റുകള്‍, പേപ്പറില്‍ ജലച്ചായത്തിലും മഷിയിലും വരച്ച ചിത്രം, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച ചിത്രം എന്നിവയാണ് പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം. പ്രദര്‍ശന സമയം രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ്.

ബിഎം ആനന്ദ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രദര്‍ശനത്തില്‍ ഫൗണ്ടേഷന്‍ സഹസ്ഥാപക നീരജ് ഗുലാത്തി, ആനന്ദിന്റെ പൗത്രി കീര്‍ത്തി ആനന്ദ് എന്നിവര്‍ പ്രദര്‍ശന സൃഷ്ടികളുടെ വിവരണപ്പട്ടിക ഷാജിക്ക് സമ്മാനിച്ചു.

അഞ്ചുപതിറ്റാണ്ടോളം ഏറെയൊന്നും അറിയപ്പെടാതെയിരുന്ന മാസ്റ്റര്‍ ആര്‍ട്ടിസ്റ്റിന്റെ സൃഷ്ടികളുടെ പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍ യുവഗവേഷകയും എഴുത്തുകാരിയുമായ ശ്രുതി ഐസക്കാണ്. സ്‌ക്രാച്ച്‌ബോര്‍ഡ്, വാട്ടര്‍കളര്‍, സ്‌കെച്ചുകള്‍, പോസ്റ്ററുകള്‍, പുസ്തകങ്ങള്‍ക്കും പത്രങ്ങള്‍ക്കും മാസികകള്‍ക്കും പോസ്റ്ററുകള്‍ക്കുമായി നടത്തിയ ഇലസ്‌ട്രേഷനുകള്‍ എന്നിങ്ങനെ ആനന്ദിന്റേതായി 1500ഓളം സൃഷ്ടികള്‍ നിലവിലുണ്ട്. ഇവയില്‍നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദര്‍ശന ചിത്രങ്ങള്‍.
ബ്രിജ് മോഹന്‍ ആനന്ദിന്റെ കല വിയോജിപ്പിന്റെ കലയാണെന്ന് ശ്രുതി ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് നിലനിന്നിരുന്ന സാംസ്‌കാരിക രാഷ്ട്രീയ ആഖ്യാനങ്ങളെ ഉറച്ച ശബ്ദത്തിലൂടെ ആനന്ദ് വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ ചിന്താധാരകള്‍ തന്റെ കാലഘട്ടത്തെക്കാള്‍ ഏറെ മുന്നിലായിരുന്നു. സമകാലികരില്‍നിന്നും സ്വാതന്ത്ര്യാനന്തര കലാകാരന്മാരില്‍നിന്നും വിഭിന്നമായി അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വികസ്വരമായ രാജ്യത്തിന്റെ പ്രതിഫലനമായിരുന്നുവെന്ന് ശ്രുതി ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ സര്‍ഗാത്മകസൃഷ്ടികളില്‍ ശേഷിക്കുന്നത് ഇന്ത്യയുടെ കോളോണിയല്‍ കാലഘട്ടശേഷമുള്ള ചരിത്രത്തിന്റെ ശക്തവും അപൂര്‍വ്വവുമായ രേഖപ്പെടുത്തലാണെന്ന് പറഞ്ഞ ബി.എം. ആനന്ദ് ഫൗണ്ടേഷന്‍ അസേസിയേറ്റ് ഡയറക്ടര്‍ അതിഥി ആനന്ദ് ഇന്ത്യന്‍ ആധുനികതയുടെ വ്യത്യസ്തമായ ചര്‍ച്ചാവേദിയായി ബിനാലെ മാറുമെന്ന് പറഞ്ഞു.

ജീവചരിത്രകാരിയും എഴുത്തുകാരിയുമായ അതിഥി ആനന്ദ്, കലാ ചരിത്രകാരന്‍ ഡോ. ഗ്രാന്റ് പൂക്ക് എന്നിവരെഴുതിയതും ഡോ. അല്‍കാ പാണ്‍ഡേ ആമുഖമെഴുതിയതുമായ നറേറ്റീവ്‌സ് ഫോര്‍ ഇന്ത്യന്‍ മോഡേണിറ്റി : ദി എസ്‌തെറ്റിക് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ് (ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ 2016) എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ ജീവതവും സൃഷ്ടികളും ചര്‍ച്ചയായിരുന്നു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*