ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ സീസണിന്റെ തനിയാവര്‍ത്തനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:  ആദ്യ സീസണിന്റെ തനിയാവര്‍ത്തനം

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ പതിനെട്ട് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഫൈനല്‍ മത്സരം.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചതോടെ ഐഎസ്എല്‍ പ്രഥമ സീസണിന്റെ തനിയാവര്‍ത്തനമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ ഇതേ ടീമുകള്‍ തന്നെയായിരുന്നു ഫൈനല്‍ റൗണ്ടില്‍ ഇടം കണ്ടെത്തിയത്.

ആദ്യ സീസണില്‍, മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനലില്‍ വിജയം നേടിയത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയായിരുന്നു. അന്നത്തെ കളിയുടെ അധിക സമയത്ത് കൊല്‍ക്കത്തക്കാരനും ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗവുമായ മുഹമ്മദ് റഫീഖ് നേടിയ ഏക ഗോളിലായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കീരീടം സ്വന്തമാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. അതേസമയം, ഇത്രയും മത്സരങ്ങളില്‍ നിന്നും 20 പോയിന്റുമായിട്ടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സെമി ഫൈനലിലേക്കുള്ള കടന്നു വരവ്.

ഐഎസ്എല്‍ പ്രാഥമിക റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍, ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത എതിരില്ലാത്ത ഒരു ഗോളിന് വിജയിക്കുകയും രണ്ടാംപാദ കളി സമനിലയില്‍ പിരിയുകയുമായിരുന്നു. ഒക്ടോബര്‍ അഞ്ചാം തിയതി കൊച്ചിയില്‍ നടന്ന മത്സരത്തിലാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വിജയിച്ചത്.

നവംൂര്‍ 29-ാം തിയതി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോളുകളുടെ സമനിലയാണ് ഇരു ടീമുകളും വഴങ്ങിയത്. പ്രാഥമിക റൗണ്ടിലെ ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നതും കൊല്‍ക്കത്തയാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പ്രാഥമിക റൗണ്ടില്‍ നേടിയത് 16 ഗോളുകളാണ്. അതേസമയം, കേരളത്തിന്റെ സമ്പാദ്യം 13 ഗോളുകളും.

ഐഎസ്എല്‍ മൂന്നാം സീസണിന്റെ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസ് എഫ്‌സിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ഏക ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു.

എന്നാല്‍, ഡല്‍ഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടായ രണ്ടാപാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോസായിരുന്നു മുന്നില്‍. ഇതോടെ ഇരുപാദങ്ങളിലുമായി രണ്ട് ടീമുകളും 2-2ന്റെ സമനില പാലിച്ചതിനാല്‍ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. എന്നിട്ടും സ്‌കോറിംഗില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സര ഫലം ഷൂട്ടൗട്ടിലൂടെ നിശ്ചയിച്ചത്.

രണ്ടാംപാദ സെമി ഫൈനല്‍ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഹെയ്തി താരം ഡക്കന്‍സ് നാസോണായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഗോള്‍ നേടിയത്. ഷൂട്ടൗട്ടില്‍ സ്പാനിഷ് താരം ഹോസു പ്രീറ്റോ, ഹെയ്തിയുടെ ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി പന്ത് വലയിലാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രാഥമിക റൗണ്ടിലെ അവസാന നാല് ഹോം മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സെമി ഫൈനലിലേക്ക് മുന്നേറിയത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ ആ മികവ് ആവര്‍ത്തിക്കാനായത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും ആറ് ജയം, നാല് വീതം സമനില, തോല്‍വി എന്നിവയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്‌സി ഗോവ (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, പൂനെ സിറ്റി എഫ്‌സി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി, പൂനെ സിറ്റി എഫ്‌സി, ചെന്നൈയില്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം), ടീമുകളോട് സമനിലയും നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), മുംബൈ സിറ്റി (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം സ്റ്റീവ് കൊപ്പല്‍ പരിശീലകനായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മാര്‍ക്വീ താരം വടക്കന്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള ആരോണ്‍ ഹ്യൂസാണ്. സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യം. ഇംഗ്ലീഷ് താരമായ അന്റോണിയോ ജര്‍മനും ഹെയ്തിയുടെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും മുന്നേറ്റ നിരയിലെ പ്രധാനികളാണ്.

മുംബൈ സിറ്റി എഫ്‌സിയെ ഇരുപാദങ്ങളിലുമായി 3-2ന് പരാജയപ്പെടുത്തിയായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം. ഐഎസ്എല്‍ മൂന്നാം സീസണ്‍ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഇയാന്‍ ഹ്യൂമും (ഇരട്ട ഗോളുകള്‍) ലാല്‍റിന്‍ഡിക റാല്‍തെയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ നേടിയ ഗോളുകളുടെ ബലത്തിലാണ് ആതിഥേയര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യപാദത്തിലാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്‌സിക്കെതിരെ നേടിയത്.

അതേസമയം, മുംബൈ സിറ്റി എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ മുംബൈയിലെ ഫൂട്‌ബോള്‍ അരീനയില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ മുംബൈയുടെ ഉറുഗ്വായ് സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വിജയത്തിന്റെ കാരണങ്ങളിലൊന്നായി.

ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും എട്ട് സമനിലയും രണ്ട് പരാജയവുമായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്‌സ്, ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), എഫ്‌സി ഗോവ ടീമുകളോടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജയം.

ചെന്നൈയിന്‍ എഫ്‌സി (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി, എഫ്‌സി ഗോവ (ആദ്യ മത്സരം), ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് (രണ്ടാം മത്സരം), എഫ്‌സി പൂനെ സിറ്റി ടീമുകള്‍ക്കെതിരെയായിരുന്നു സമനില. മുംബൈ സിറ്റി എഫ്‌സി (രണ്ടാം മത്സരം), പൂനെ സിറ്റി (ആദ്യ മത്സരം) ടീമുകളോടാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തോല്‍വി വഴങ്ങിയത്.

സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്‍ താരം ഫ്രാന്‍സിസ്‌കോ മൊലിനയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകന്‍. ആരാധക പിന്തുണയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.

ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യം. ഹ്യൂമിനൊപ്പം ഹെല്‍ഡര്‍ പോസ്റ്റിഗയും ചേരുന്ന ഇവരുടെ മുന്നേറ്റവും മികച്ചതാണ്. അര്‍ണാബ് മൊന്‍ഡാലും പ്രീതം കോട്ടായയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

ഐഎസ്എല്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈയില്‍ എഫ്‌സി, രണ്ടാം സ്ഥാനക്കാരായ എഫ്‌സി ഗോവ, എഫ്‌സി പൂനെ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി പോയിന്റ് നിലയില്‍ ഏറെക്കുറെ തുല്യത പാലിച്ചാണ് ഇത്തവണ ഓരോ ടീമുകളും അവസാനം വരെ പോരാടിയത്.

Comments

comments

Categories: Slider, Sports