ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ മേഖലയിലെ 58% വിദേശ നിക്ഷേപവും ചൈനയില്‍ നിന്ന്

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ മേഖലയിലെ 58% വിദേശ നിക്ഷേപവും ചൈനയില്‍ നിന്ന്

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നത് ചൈനയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. 2000 ഏപ്രില്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഈ മേഖലയില്‍ എത്തിയിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 58 ശതമാനം പങ്കുവഹിച്ചിരിക്കുന്നത് ചൈനയാണെന്നാണ് വിവരം. 2013-2014 കാലയളവില്‍ ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ മേഖലയിലെത്തിയ നിക്ഷേപത്തിന്റെ 51 ശതമാനമായിരുന്നു ചൈനയുടെ സംഭാവന. തൊട്ടടുത്ത വര്‍ഷം ഇത് 53 ശതമാനമായിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റെയും (ഡിഐപിപി), കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കണക്കനുസരിച്ച് 2000 ഏപ്രില്‍ മാസം മുതല്‍ 2016 സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ രംഗത്തേക്ക് ചൈനയില്‍ നിന്നുണ്ടായിട്ടുള്ള ആകെ നിക്ഷേപം 22.47 മില്യണ്‍ ഡോളറാണെന്ന് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി പി പി ചൗധരി അറിയിച്ചു. ലോക്‌സഭയില്‍ അവതരിപ്പിച്ച എഴുതി തയാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ രംഗത്ത് 12.92 മില്യണ്‍ നിക്ഷേപമാണെത്തിയിട്ടുള്ളതെന്നും ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ രംഗങ്ങളില്‍ യഥാക്രമം 8.37 മില്യണ്‍, 1.18 മില്യണ്‍ എന്നിങ്ങനെയാണ് വിദേശ നിക്ഷേപം എത്തിയിട്ടുള്ളതെന്നും പി പി ചൗധരി സഭയില്‍ വ്യക്തമാക്കി. ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ഇറക്കുമതി വര്‍ധിച്ചിട്ടുണ്ടെന്നും ചൗധരി ചൂണ്ടിക്കാട്ടി. 2013-2014 കാലയളവില്‍ 33.23 ബില്യണ്‍ ഡോളറായിരുന്ന ഇറക്കുമതി മൂല്യം 2015-2016 ആയപ്പോഴേക്കും 40.93 ബില്യണ്‍ ഡോളറിലെത്തിയതായി അദ്ദേഹം പറഞ്ഞു. 2016-2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസം 19.61 ബില്യണ്‍ ഡോളറാണ് ഇറക്കുമതി മൂല്യം കണക്കാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy