വിലകുറഞ്ഞ കാറുകള്‍: തന്ത്രം മാറ്റാനൊരുങ്ങി ഹ്യൂണ്ടായ്

വിലകുറഞ്ഞ കാറുകള്‍: തന്ത്രം മാറ്റാനൊരുങ്ങി ഹ്യൂണ്ടായ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന വില്‍പ്പനക്കാരായ ഹ്യൂണ്ടായ് വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രമൊരുക്കുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രീമിയം വിഭാഗത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കമ്പനി കുറഞ്ഞ വിലയ്്ക്കുള്ള കാറുകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്.

മാസ് മാര്‍ക്കറ്റ് വാഹനങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നേട്ടം കരസ്ഥമാക്കി മാതൃകമ്പനിക്കുള്ള സംഭാവന വര്‍ധിപ്പിക്കാനുള്ള കരുക്കളാണ് ഹ്യൂണ്ടായ് ഇന്ത്യ നീക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊറിയന്‍ കമ്പനി ഹ്യൂണ്ടായ്ക്ക് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള സംഭാവന 15 ശതമാനമാക്കി ഉയര്‍ത്താനാണ് ഹ്യൂണ്ടായ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലുമായി യൂറോപ്പ്യന്‍ മേഖലയെ കടത്തിവെട്ടി ഹ്യൂണ്ടായ് ഇന്ത്യ മികച്ച നേട്ടം മാതൃകമ്പനിക്ക് നല്‍കിയിരുന്നു. ഏകദേശം 6,43,270 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തി ഹ്യൂണ്ടായ്ക്ക് 13 ശതമാനം സംഭാനയാണ് ഇന്ത്യന്‍ ഘടകം കഴിഞ്ഞ വര്‍ഷം നല്‍കിയത്. 49,64,837 യൂണിറ്റാണ് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ മൊത്തം വില്‍പ്പന.
അടുത്ത മൂന്ന് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ മാസ് മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയുള്ള മോഡലുകള്‍ പുറത്തിറക്കി വന്‍ നേട്ടത്തിനുള്ള തയാറെടുപ്പിലാണ് കമ്പനി. കുറഞ്ഞ വിലയുള്ള കാറുകള്‍ക്ക് വിപണിയിലുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നതാണ് കമ്പനിയെ മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. കൂടുതല്‍ വില്‍പ്പന നടത്തി വിപണിയിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഈ വര്‍ഷം എലാന്‍ട്ര, ടസ്‌കോണ്‍ എന്നീ പ്രീമിയം മോഡലുകള്‍ വിപണിയിലെത്തിച്ച കമ്പനിക്ക് ക്യുഎക്‌സ്‌ഐ എത്തിക്കാനുള്ള പദ്ധതിയുണ്ട്. എന്‍ട്രി എസ്‌യുവി വിഭാഗത്തില്‍ മികച്ച വില്‍പ്പന കൈവരിക്കാന്‍ ശേഷിയുള്ള മോഡലാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നോയിഡ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കോംപാക്ട് എസ്‌യുവി കാര്‍ലിനൊ 2018ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തന്നെ ഹൈബ്രിഡ് കാറുകളും ഇന്ത്യന്‍ വിപണിയിലെത്തിച്ച് കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങളും ഹ്യൂണ്ടായ് നടത്തുന്നുണ്ട്.
ഈ വര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ വില്‍പ്പന നടത്താനും നിര്‍മിക്കുന്ന 25 ശതമാനം കാറുകള്‍ വില്‍പ്പന നടത്താനും ഹ്യൂണ്ടായ് ലക്ഷ്യമിട്ടിട്ടുണ്ട്.

Comments

comments

Categories: Auto