മേജര്‍ പോര്‍ട്ട് അതോറിറ്റീസ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മേജര്‍ പോര്‍ട്ട് അതോറിറ്റീസ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ഉറപ്പുവരുത്തികൊണ്ടുള്ള ‘മേജര്‍ പോര്‍ട്ട് അതോറിറ്റീസ് ബില്‍’ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 1963ലെ മേജര്‍ പോര്‍ട്ട് ട്രസ്റ്റ്‌സ് ആക്റ്റിന് പകരമായിരിക്കും മേജര്‍ പോര്‍ട്ട് അതോറിറ്റീസ് ബില്‍ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

സുതാര്യമായി വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് പുതിയ ബില്‍ സഹായകമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണം. തുറമുഖ കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനൊപ്പം പദ്ധതി നിര്‍വഹണ ശേഷി വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര തുറമുഖങ്ങളെ ഗവേണന്‍സ് മോഡലില്‍ നിന്നും ലാന്‍ഡ്‌ലോര്‍ഡ് പോര്‍ട്ട് മാതൃകയിലേക്ക് നവീകരിക്കുകയാണ് ഈ ബില്ലുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആഗോള തലത്തില്‍ ഇത്തരത്തിലുള്ള വിജയകരമായ മാതൃകകളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ലാന്‍ഡ്‌ലോര്‍ഡ് പോര്‍ട്ട് മോഡലില്‍ പൊതുമേഖലാ തുറമുഖ അതേറിറ്റി ഒരേസമയം റെഗുലേറ്ററി ബോഡിയും ഭൂവുടമയുമായിരിക്കും. സ്വകാര്യ കമ്പനികളായിരിക്കും തുറമുഖ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുക. ലാന്‍ഡ്‌ലോര്‍ഡ് മോഡല്‍ പ്രകാരം തുറമുഖത്തിന്റെ ഉടമസ്ഥത തുറമുഖ അതോറിറ്റിക്കായിരിക്കുമ്പോള്‍ തന്നെ അടിസ്ഥാനസൗകര്യങ്ങള്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് പാട്ടത്തിന് നല്‍കുകയാണ് ചെയ്യുന്നത്. കാര്‍ഗോ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ സ്വകാര്യ കമ്പനിക്ക് അതുപയോഗിച്ച് വരുത്താവുന്നതാണ്. വരുമാനത്തിന്റെ ഒരുഭാഗം ലാന്‍ഡ്‌ലോര്‍ഡ് പോര്‍ട്ടുകള്‍ക്ക് സ്വകാര്യകമ്പനികളില്‍ നിന്നു ലഭിക്കും. അതേസമയം സര്‍വീസ് മോഡല്‍ തുറമുഖങ്ങളുടെ ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തികളുടെയും ചട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഉമസ്ഥത തുറമുഖ അതോറിറ്റിയില്‍ അധിഷ്ഠിതമായിരിക്കും.

തുറമുഖ അതോറിറ്റിക്ക് താരിഫ് നിശ്ചയിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. ഈ താരിഫ് നിരക്കുകള്‍ പിപിപി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) മോഡല്‍ പദ്ധതികള്‍ക്കുള്ള റഫറന്‍സ് കൂടിയായിരിക്കും. വിപണി സാഹചര്യങ്ങളനുസരിച്ച് താരിഫ് നിശ്ചയിക്കുന്നതിന് പിപിപി ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരം ലഭിച്ചേക്കും.

ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര തുറമുഖ വകുപ്പ് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. സ്വകാര്യ കമ്പനികളില്‍ നിന്നുള്ള പ്രതികരണം ലഭിച്ചതിനു ശേഷം രണ്ടാം തവണയാണ് സെപ്റ്റംബറില്‍ തീരുമാനമെടുക്കുന്നതിന് പൊതുജനത്തിന്റെ അഭിപ്രായം തേടിയത്. തുറമുഖ ശാക്തീകരണ ബില്‍ പ്രധാനപ്പെട്ട തീരുമാനമാണെന്നാണ് ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണര്‍ അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അനില്‍ ദേവില്‍ പ്രതികരിച്ചത്. രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം ഉറപ്പുവരുത്തുന്നതിനു ബില്ല് കാരണമാകുമെങ്കിലും, യാഥാര്‍ത്ഥ സ്വയംഭരണമാകുമോ അത് എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും നൈജീരിയയും തമ്മിലുള്ള എയര്‍ സര്‍വീസ് എഗ്രിമെന്റ് (എഎസ്എ) ഭേദഗതി വരുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വ്യോമയാന രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയില്‍ ഗ്രാമ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ഗ്രാമീണ വികസന മന്ത്രാലയവും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ധാരണാപത്രം ഒപ്പുവെക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. യുഎസ് ലാന്‍ഡ് റിമോര്‍ട്ട് സെന്‍സിംഗ് സാറ്റ്‌ലൈറ്റ് ഡാറ്റ ഉപയോഗവും കൈമാറ്റവും സംബന്ധിച്ച് യുഎസ് ജിയോഗ്രഫിക്കല്‍ സര്‍വേയും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും തമ്മിലുള്ള ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy, Slider