മികച്ച ഭരണനിര്‍വഹണം നഗര വികസനത്തില്‍ നിര്‍ണായകം: നായ്ഡു

മികച്ച ഭരണനിര്‍വഹണം നഗര വികസനത്തില്‍ നിര്‍ണായകം: നായ്ഡു

ന്യൂഡെല്‍ഹി: നഗര വികസനത്തിന്റെ നേട്ടം എല്ലാവര്‍ക്കും എത്തിക്കുന്നതിന് മികച്ച ഭരണനിര്‍ഹണം നിര്‍ണായകമാണെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായ്ഡു. നഗരങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും സ്ഥിരിത കൈവരിക്കുന്നതിനും ഇക്കാര്യം നിര്‍ബന്ധമാണെന്നും ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് ഏഷ്യ പസഫിക് റീജ്യണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.
നഗരങ്ങള്‍ വികസനത്തിന്റെ പാതയിലേറുമ്പോള്‍ അതിന്റെ നേട്ടം എല്ലാവര്‍ക്കും എത്തേണ്ടതുണ്ട്. ഇത് ഉറപ്പു വരുത്തുന്നതിന് കൃത്യമായ ഭരണനിര്‍വഹണം നിര്‍ണായകമാണ്. പ്രകൃതി ദുരന്തമടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിനും സുരക്ഷ, സൗഹൃദം തുടങ്ങിയ എല്ലാ കാര്യത്തിലും നിര്‍ണായക സ്വാധീനം ചെലുത്താനും മികച്ച ഭരണ നിര്‍വഹണത്തിലൂടെ മാത്രമാണ് സാധിക്കുക.
68 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ള നഗര വികസന പദ്ധതികളാണ് സമ്മേളനത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുക.
നഗരങ്ങളുടെ സ്ഥായിയായ വളര്‍ച്ചയ്ക്ക് സമത്വം, സാമ്പത്തികം, പരിസ്ഥിതി എന്നിവയോടൊപ്പം മികച്ച ഭരണ നിര്‍വഹണവും അളവുകോലാണെന്നും നായ്ഡു അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷം നഗര ഭരണത്തിനുള്ള സാങ്കേതികതയ്ക്കും മറ്റുമായി നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ ഗവര്‍ണന്‍സിന് കൂടുതല്‍ പിന്തുണ നല്‍കിയും എല്ലാകാര്യത്തിലുമുള്ള ശേഷി വര്‍ധിപ്പിച്ചും വിഭവങ്ങള്‍ കൂടുതല്‍ പോഷിപ്പിച്ചിട്ടും വിവിധ നഗര പദ്ധതികളിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ലോകത്തുള്ള മൊത്തം അര്‍ബന്‍ പോപ്പുലേഷനില്‍ 55 ശതമാനവും ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ്. 100 കോടിയിലധികം ആളുകളും താമസിക്കുന്നത് ചേരികളിലാണ്. പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവും ഈ മേഖലയില്‍ കൂടുതലാണ്. ദ്രുത ഗതിയിലുള്ള നഗരവല്‍ക്കരണം കൊണ്ടുള്ള വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഏഷ്യ പസഫിക് രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമ്മേളനത്തില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങളിലുള്ള മന്ത്രിമാര്‍ അവരുടെ രാജ്യത്ത് നഗരവല്‍ക്കരണത്തില്‍ നേരിടുന്ന വെല്ലുവിളികളും അനുഭവഭവങ്ങളും പങ്കുവെച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ആസൂത്രണമില്ലാത്ത നഗരവല്‍ക്കരണം, പാവപ്പെട്ടവരെ സാമ്പത്തികമായും സാമൂഹികമായും വേറിട്ടു നിര്‍ത്തല്‍ തുടങ്ങിയവയാണ് നഗരവല്‍ക്കരണത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് സമ്മേളനം വിലയിരുത്തി.

Comments

comments

Categories: Politics

Related Articles